Connect with us

Covid19

കൊവിഡ് ഇരട്ടിക്കുന്നത് കേരളത്തില്‍ 72 ദിവസങ്ങള്‍ക്ക് ശേഷം മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19നെ പിടിച്ചുകെട്ടുന്നതില്‍ കേരളം വൈകവരിച്ച നേട്ടത്തെ എടുത്ത് പറഞ്ഞ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. രാജ്യത്ത് കൊവിഡ് ഇരട്ടിയാകുന്നതിന്റെ തോത് കുറഞ്ഞു വരുകയാണെന്നും ഇതില്‍ കേരളത്തിന്റേത് ഏറ്റവും മികച്ച പ്രകടനമാണെന്നും കുടുംബ ക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് 7.5 ദിവസം കൂടുമ്പോഴാണ് ഇപ്പോള്‍ രോഗം ഇരട്ടിയാകുന്നത്. ലോക്ഡൗണിന് മുമ്പ് ഇത് 3.5 ദിവസങ്ങളായിരുന്നു. എന്നാല്‍ കേരളത്തില്‍ 72 ദിവസം കൂടുമ്പോഴാണ് ഇരട്ടിയാകുന്നത്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപന തോത് കുറഞ്ഞു വരുന്നതായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും നീട്ടിയതും ഫലപ്രദമെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ഇരട്ടിക്കുന്നതില്‍ കൂടുതല്‍ ദിവസം എടുക്കുന്ന കാര്യത്തില്‍ കേരളത്തിന് പിന്നില്‍ ഒഡീഷയാണ്. ഒഡീഷയില്‍ ഇത് 39.8 ദിവസമാണ്. ഡല്‍ഹി (8.5), കര്‍ണാടക (9.2), തെലങ്കാന (9.4), ആന്ധ്രാപ്രദേശ് (10.6), ജമ്മു കശ്മീര്‍ (11.5), പഞ്ചാബ് (13.1), ഛത്തീസ്ഗഡ് (13.3), തമിഴ്‌നാട് (14), ബീഹാര്‍ (16.4), ആന്‍ഡമാന്‍ നിക്കോബാര്‍ (20.1), ഹരിയാന (21), ഹിമാചല്‍ പ്രദേശ് (24.5), ചണ്ഡിഗഡ് (25.4), അസം (25.8), ഉത്തരാഖണ്ഡ് (26.6), ലഡാക്ക് (26.6) എന്നിങ്ങനെയാണ് ഇരട്ടിക്കുന്നതെന്നും അഗര്‍വാള്‍ പറഞ്ഞു.

അതേസമയം ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗോവയില്‍ എല്ലാവരും സുഖം പ്രാപിച്ചു. പുതിയ കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ 59 ജില്ലകളില്‍ പുതിയ കേസുകളില്ല. മാഹി (പുതുച്ചേരി), കുടക് ( കര്‍ണാടക), പൗരി ഗര്‍വാള്‍ (ഉത്തര്‍പ്രദേശ്) എന്നീ ജില്ലകളില്‍ 28 ദിവസത്തിനിടയില്‍ പുതിയ കേസുകളില്ലെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.