Connect with us

Covid19

പ്രതിരോധ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നുവെങ്കില്‍ അമേരിക്കന്‍ ജനതയെ രക്ഷിക്കാമായിരുന്നു: അന്തോണി ഫൗസി

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ്19 വൈറസ് വ്യാപനത്തിനെതിരെ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന യു സ് ആരോഗ്യവകുപ്പിലെ മെഡിക്കല്‍ വിദഗ്ധന്‍ ആന്തോണി ഫൗസി. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ആദ്യ ഘട്ടത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രായോഗികപരമായി നേരത്തെയുള്ള നിയന്ത്രണങ്ങള്‍ ജീവനുകള്‍ രക്ഷിച്ചേനെ എന്ന കാര്യം ആരും നിരസിക്കുന്നില്ല, പക്ഷെ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് സങ്കീര്‍ണമാണ്. ആ സമയത്ത് അടച്ചിടല്‍ നടപടികള്‍ക്ക് ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു-ഡോക്ടര്‍ പറഞ്ഞു. ഒപ്പം രാജ്യത്തിന്റെ വലിപ്പവും വൈവിധ്യവും രോഗവ്യാപനത്തില്‍ ഒരു ഘടകമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് മാസത്തില്‍ അമേരിക്കയുടെ ചില ഭാഗങ്ങള്‍ സാധാരണ നിലയിലേക്കെത്തുമെന്നും ഡോക്ടര്‍ പറഞ്ഞു. ഫെബ്രുവരി അവസാനം കൊവിഡ് പ്രതിരോധത്തിനായി കര്‍ശന നിയന്ത്രണങ്ങള്‍ വെക്കണമെന്ന് ഫൗസിയും മറ്റ് മെഡിക്കല്‍ വിദഗ്ധരും നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 16 നാണ് പ്രസിഡന്റ് ട്രംപ് യു എസില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത്.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,514 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ആകെ മരണ സംഖ്യ 22,023 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റിയിലാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 6,898 പേരാണ് ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത്.

Latest