Connect with us

Covid19

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌ക്, വിദേശങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലും പ്രവാസികള്‍ ബുദ്ധിമുട്ട് നേരിടുകയാണെന്നും അവരെ സഹായിക്കുന്നതിനായി നോര്‍ക്കയുടെ അഞ്ച് ഹെല്‍പ് ഡെസ്‌കുകള്‍ തുറന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടു മുതല്‍ ആറു വരെ സേവനം ലഭിക്കും. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുമായി ഓഡിയോ വീഡിയോ കോളുകളിലൂടെ ബന്ധപ്പെടാം. ജനറല്‍ മെഡിസിന്‍ മുതല്‍ ഗൈനക്കോളജി ഡിപ്പാര്‍ട്ടുമെന്റ് വരെയുള്ള വിഭാഗങ്ങളില്‍ സേവനം ലഭ്യമാകും.

  • വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മറ്റു പ്രധാന കാര്യങ്ങള്‍:
  • വിദേശങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. വിദേശത്ത് പോകുന്ന എല്ലാ വിദ്യാര്‍ഥികളും ഇനി മുതല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം.
  • വേനല്‍മഴയില്‍ വിളനാശം സംഭവിച്ചവര്‍ക്ക് സഹായം നല്‍കും. കര്‍ഷകര്‍ക്ക് വളവും കാര്‍ഷികോപകരണങ്ങളും ലഭ്യമാക്കും.
  • കൃഷിഭവനുകളില്‍ വേണ്ടത്ര ജീവനക്കാര്‍ ഉണ്ടാകണം.
  • പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ സഹായം.
  • രക്തദാനത്തിന് തയാറുള്ളവര്‍ മുന്നോട്ടു വരണം. മൊബൈല്‍ യൂനിറ്റുകള്‍ വഴിയും രക്തം സ്വീകരിക്കും.
  • 30,000 കലാകാരന്മാര്‍ക്ക് മാസത്തില്‍ 1000 രൂപ രണ്ടുമാസം.
  • സംസ്ഥാനത്ത് പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമമില്ല. നാളെ 20.000 കിറ്റുകള്‍ കൂടി ലഭിക്കും..
  • ലോക്ക് ഡൗണ്‍ കാലത്ത് അവസാനിക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ നീട്ടും.
  • കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദം ഉപയോഗപ്പെടുത്തും.
  • മാസ്‌കോ ഗ്ലൗസോ പൊതു സ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ നടപടി.
  • മത്സ്യ പരിശോധന കരുതലോടെ വേണം. പിടിച്ചെടുക്കുന്ന മത്സ്യം കേടായതാണെന്ന് ഉറപ്പുവരുത്തണം. കേടായ മത്സ്യങ്ങള്‍ ആണെങ്കില്‍ മാത്രമെ നശിപ്പിക്കാവൂ.
  • കുറ്റവാളികള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി.
  • മുടങ്ങിയ പരീക്ഷകളും മൂല്യനിര്‍ണയവും ഓണ്‍ലൈന്‍ വഴി ആക്കുന്നത് പരിഗണനയില്‍.
  • ലോക്ക് ഡൗണ്‍ ലംഘനം: വാഹനങ്ങള്‍ പിടിച്ചെടുക്കരുത്, പിഴയീടാക്കണം.
  • കണ്ണടക്കടകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാം.
  • കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. കേബിള്‍ വലിക്കാനായി വൈദ്യുത പോസ്റ്റുകളുടെ വാടകയിനത്തില്‍ ഇവര്‍ കെ എസ് ഇ ബിക്ക് നല്‍കുന്ന തുകയില്‍ ഇളവ് വരുത്തും. ജൂണ്‍ 30 വരെ ഇതിന്റെ വാടക അവര്‍ക്ക് പലിശരഹിതമായി അടയ്ക്കാം.
  • സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അണ്‍ എയ്ഡഡ് സ്‌കൂളുകളും ടീച്ചര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് പരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
  • വിവിധ കാറ്ററിംഗ് ഗ്രൂപ്പുകളിലായി ജോലി ചെയ്യുന്ന വിളമ്പുകാര്‍, വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍, മറ്റു ഫോട്ടോഗ്രാഫര്‍മാര്‍, തെങ്ങ് കയറ്റത്തൊഴിലാളികള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടും. ക്ഷേമനിധിയുള്ളവര്‍ക്ക് അത് വഴി സഹായം നല്‍കും. ഇല്ലാത്തവര്‍ക്ക് പ്രത്യേക സഹായം.
  • ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.

Latest