Connect with us

Covid19

അമേരിക്കയില്‍ മനുഷ്യന് പിന്നാലെ മൃഗങ്ങളിലും കൊവിഡ്

Published

|

Last Updated

ന്യൂയോര്‍ക്ക് | മഹാമാരിയായി ലോകത്തെ പിടിച്ചുകുലുക്കുന്ന കൊവിഡ് 19 വൈറസ് മൃഗങ്ങള്‍ക്കും പടരുന്നതായി റിപ്പോര്‍ട്ട്. മൂന്ന് ലക്ഷത്തോളം മനുഷ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ കടുവക്കും കൊവിഡ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് മൃഗശാലയിലെ നാല് വയസുള്ള നയ്ഡ എന്ന പെണ്‍കടുവക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃഗശാലയിലെ ജോലിക്കാരനില്‍ നിന്നാണ് കടുവക്ക് കൊവിഡ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഈ കടുവക്ക് പുറമെ മറ്റു മൂന്ന് കടുവകള്‍ക്കും രണ്ട് ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കും രോഗലക്ഷണമുണ്ട്. ഇവയുടെ ടെസ്റ്റ് റിസല്‍ട്ട് വന്നിട്ടില്ല.

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് എന്ന മൃഗശാലയിലെ കടുവയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭക്ഷണം കഴിക്കുന്നതില്‍ കുറവുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും കൊവിഡ് സംശയത്തിലുള്ള അഞ്ച് മൃഗങ്ങള്‍ക്കും ഇല്ലെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. അതേ സമയം കൊറോണ വൈറസ് എങ്ങനെയാണ് ഈ മൃഗങ്ങളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നതില്‍ വ്യക്തമായിട്ടില്ല. ഓരോ ജീവികളുടെയും ശരീരത്തില്‍ വ്യത്യസ്തമായാണ് ഈ വൈറസ് ബാധ പ്രവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും നിരീക്ഷണത്തിലാക്കി.