Connect with us

National

അവസാന ശ്രമവും പാളി കഴുമരത്തിലേക്ക്; നിർഭയ പ്രതികളുടെ ഹർജി സുപ്രീം കോടതി തള്ളിയത് പുലർച്ചെ മൂന്നരക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | തൂക്കുകയറിലേറ്റപ്പെടുന്നതിന് തൊട്ടുമുമ്പ് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളിയത് പുലർച്ചെ മൂന്നരക്ക്. ഇതോടെയാണ് കേസിലെ നാല് പ്രതികളെയും മരണ വാറണ്ട് അനുസരിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരക്ക് തന്നെ തൂക്കിലേറ്റുന്നതിലേക്ക് എത്തിച്ചത്. ജസ്റ്റിസ് ഭാനുമതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്.

പ്രതി പവന്‍ഗുപ്തക്ക് പ്രായപൂര്‍ത്തിയായില്ല എന്ന വാദമാണ് പ്രതികളുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയില്‍ ആദ്യം ഉന്നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതി നേരത്തെ വാദം കേട്ടതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടി. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് എതിരെ എന്തെങ്കിലും പുതുതായി ഉന്നയിക്കാനുണ്ടെങ്കില്‍ അക്കാര്യം ഉന്നയിക്കാമെന്നാണ് ജസ്റ്റിസ് ഭാനുമതി അറിയിച്ചു. മറ്റു വിഷയങ്ങള്‍ ഒന്നും പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

അഭിഭാഷകന്‍ എ പി സിംഗ് പവന്‍ കുമാറിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ രജിസ്റ്റര്‍, ഹാജര്‍ രജിസ്റ്റര്‍ എന്നിവ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ ഇതിനകം തന്നെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഭൂഷണ്‍ വ്യക്തമാക്കി. രാവിലെ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് പ്രതികളുടെ അഭിഭാഷകര്‍ വീണ്ടും ചൂണ്ടിക്കാണിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയത്. സിംഗ് നിരന്തരം വാദം ഉന്നയിച്ചപ്പോള്‍ കോടതിയെ ഉത്തരവിറക്കാന്‍ അനുവദിക്കൂവെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

രാജ്യം തള്ളിക്കളഞ്ഞ കുറ്റവാളികളെ എന്തിന് തൂക്കിലേറ്റണം എന്ന വാദവും എപി സിംഗ് ഉന്നയിച്ചു. പ്രതികള്‍ അവരുടെ ശിക്ഷ ഇതിനകം തന്നെ അനുഭവിച്ചുകഴിഞ്ഞുവെന്നും അഭിഭാഷകന്‍ വാദിച്ചു. പ്രതികളെ തൂക്കിലേറ്റുമെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ വധശിക്ഷ നടപ്പിലാക്കുന്നത് രണ്ട് ദിവസത്തേക്ക് കൂടി മാറ്റി വെക്കണമെന്നാണ് തന്റെ അവസാന അപേക്ഷയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ശിക്ഷ ഇന്ന് തന്നെ നടപ്പാക്കണം എന്ന നിലപാടാണ് സോളിസിറ്റര്‍ ജനറലിന്റെ നിലപാട്. താങ്കള്‍ താങ്കളെകൊണ്ട് കഴിയാവുന്ന അത്രയും നന്നായി പ്രവര്‍ത്തിച്ചുവെന്ന് സിംഗിനോട് ജസ്റ്റിസ് ഭാനുമതി പറഞ്ഞു.

നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയില്‍ ഹാജരായിരുന്നു. രാത്രി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച രാത്രി തള്ളിയിരുന്നു. ഒന്നര മണിക്കൂര്‍ വാദം കേട്ട ശേഷമാണ് ഹര്‍ജി തള്ളിയത്. ഇതേ തുടര്‍ന്നാണ് പ്രതികള്‍ അര്‍ധരാത്രി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് കോടതിയെ സമീപിച്ചത്.

തങ്ങളുടെ പേരില്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. കേസുകള്‍ തീര്‍പ്പാകാതെ കിടക്കുമ്പോള്‍ വധശിക്ഷ നടപ്പാക്കാനാകില്ലെന്നായിരുന്നു വാദം. പ്രതികളില്‍ ഒരാളായ അക്ഷയ് ഠാക്കൂറിന്റെ ഭാര്യ നല്‍കിയ വിവാഹ മോചന ഹര്‍ജിയും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം തള്ളിയാണ് പ്രതികളുടെ ഹര്‍ജി കോടതി തള്ളിയത്. മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടതില്ലെന്ന വിചാരക്കോടതിയുടെ ഉത്തരവും ഹൈക്കോടതി ശരിവെച്ചു.

നേരത്തെ യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അര്‍ധരാത്രി സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചിരുന്നു. ഹര്‍ജി തള്ളിയതോടെയാണ് അന്ന് വധശിക്ഷ നടപ്പിലാക്കിയത്. സമാനമായ സാഹചര്യമാണ് നിര്‍ഭയ കേസിലും സംഭവിച്ചത്.

---- facebook comment plugin here -----

Latest