Connect with us

National

ഡല്‍ഹി അക്രമം: യുഎപിഎ ചുമത്തണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (യുഎപിഎ) പ്രകാരം അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോടും ഡല്‍ഹി സര്‍ക്കാറിനോടും വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ ഡല്‍ഹി സര്‍ക്കാറിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി നോട്ടീസയക്കുകയും ചെയ്തു. ഏപ്രില്‍ 30ന് കേസ് വീണ്ടും പരിഗണിക്കും.

വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിം നേതാക്കളായ അസദുദ്ദീന്‍ ഉവൈസി, അക്ബറുദ്ദീന്‍ ഉവൈസി, വാരിസ് പത്താന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലും കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഡല്‍ഹി പോലീസിനും നോട്ടീസ് നല്‍കി.

ആം ആദ്മി നേതാവ് അമാനത്തുല്ല ഖാന്‍, നടന്‍ സ്വര ഭാസ്‌കര്‍, റേഡിയോ ജോക്കി സയമ, മുന്‍ ബ്യൂറോക്രാറ്റ് ഹര്‍ഷ് മന്ദര്‍ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രഭാഷണം നടത്തിയതിന് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി പരിഗണിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപുറമെ, വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും ഹര്‍ജികളിലുണ്ട്.

പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് നാല് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ദര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എല്ലാ ഹര്‍ജികളും ഏപ്രില്‍ 13 ന് വാദം കേള്‍ക്കാനായി മാറ്റി.

Latest