Connect with us

National

അയോധ്യയില്‍ അനുവദിച്ച അഞ്ചേക്കര്‍ ഏറ്റെടുക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്

Published

|

Last Updated

ലക്‌നോ | ബാബരി മസ്ജിദിന് പകരം പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് യുപി സുന്നി വഖഫ് ബോര്‍ഡ്. മുസ്‌ലിം വ്യക്തിനിയമബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്നാണ് വഖഫ് ബോര്‍ഡ് തീരുമാനം. നീതി കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യക്തിനിയമ ബോര്‍ഡ് ഈ തീരുമാനത്തെ എതിര്‍ത്തത്.

സുപ്രീം കോടതി വിധി അനുസരിച്ച് പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തു.

ബാബരി മസ്ജിദ് നിലനിന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിധി പറഞ്ഞ സുപ്രീം കോടതി ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്രത്തിന് വിട്ടുനല്‍കുകയും പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി തള്ളുകയായിരുന്നു.