Connect with us

Kerala

കൂടത്തായി റോയ് വധം: ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

കോഴിക്കോട് | കൂടത്തായി റോയ് വധക്കേസില്‍ മുഖ്യപ്രതി ജോളിയുടേയും കൂട്ടുപ്രതി എം എസ് മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

റോയ് തോമസ് കേസില്‍ ജോളിക്കും കൊലപാതക പരമ്പരയിലെ നാലു കേസുകളില്‍ എം എസ് മാത്യുവിനും വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലാണ് ഇന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

വ്യക്തമായ തെളിവുകളില്ലാതെ ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കഥകള്‍ മെനഞ്ഞ് ജോളിയെ കേസില്‍ പ്രതിയാക്കിയതെന്നും എല്ലാ കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും ജോളിക്കായി ഹാജരായ ബി എ ആളൂര്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

കൊലപാതക പരമ്പരയിലെ ഇരകളെ കൊലപ്പെടുത്താന്‍ തക്ക ഒരു കാരണവും പ്രേരണയും എം.എസ്. മാത്യുവിനില്ലെന്നും ആരുടെയെങ്കിലും ജീവന്‍ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ട് മാത്യുസയനൈഡ് എത്തിച്ചെന്നതിന് യാതൊരു തെളിവുംഅന്വേഷണ സംഘത്തിന് ഹാജരാക്കാനായില്ലെന്നും മാത്യുവിന് വേണ്ടി ഹാജരായ ഷഹീര്‍ സിങ്ങും വാദിച്ചിരുന്നു. ഇതും കോടതി തള്ളി

അതേസമയം, പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും മാത്രമല്ല ജോളി തന്നെ ആത്മഹത്യ ചെയ്യാനും സാധ്യതയുണ്ടെന്നും ജാമ്യഹരജികളെ എതിര്‍ത്ത സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണനും കോടതിയില്‍ വാദമുയര്‍തതി. ഇത് അംഗീകരിച്ചാണ് ജഡ്ജ് എം. ആര്‍ അനിത പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളിയത്. കൂടത്തായി സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കോടതി 22 ന് പരിഗണിക്കും.