Connect with us

Ongoing News

വിവരങ്ങൾ വിൽപ്പനക്ക് !

Published

|

Last Updated

hackബെംഗളൂരുവിലെ ഐ എ എസ് ഉദ്യോഗസ്ഥനായ മണിവർണൻ അന്ന് ഷോപ്പിംഗ് മാളിലെത്തി. ആവശ്യമുള്ള സാധനങ്ങളെല്ലാം തിരഞ്ഞെടുത്തു. ഒടുവിൽ ബില്ലിംഗ് കൗണ്ടറിലെത്തി. പണം നൽകി സാധനങ്ങൾ വാങ്ങിയെടുക്കുമ്പോഴാണ് പുതിയൊരു നിർദേശം വന്നത്. ഫോൺ നമ്പറും ഇ മെയിൽ വിലാസവും വേണം. അയാൾ അത് നൽകാൻ കൂട്ടാക്കിയില്ല. സാധനങ്ങൾ വാങ്ങിയതിന് പണം നൽകി, അതിനുമപ്പുറം എന്തിന് വ്യക്തിവിവരങ്ങൾ. മണിവർണന്റെ നിലപാട് അതായിരുന്നു. എന്നാൽ, കടയുടമ അത് വകവെച്ചില്ല. ബില്ലിംഗ് കൗണ്ടറിലെത്തിയാൽ മൊബൈൽ നമ്പറോ ഇ മെയിൽ വിലാസമോ നൽകണം അല്ലാത്തപക്ഷം സാധനങ്ങൾ വിൽക്കില്ല. കടക്കാർ തീർത്തു പറഞ്ഞു. സാധനങ്ങൾ ഉപേക്ഷിച്ച് ഐ എ എസ് ഉദ്യോഗസ്ഥൻ നേരെ പരാതിയുമായി കൺസ്യൂമർ ഫോറത്തിലേക്ക്…
ചിലപ്പോഴൊക്കെ നമുക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. ചിലർ എതിർത്തുണ്ടാകാം. എന്നാൽ, ഒരിക്കൽ പോലും ഇതെന്തിനാണെന്ന് അന്വേഷിച്ച് ആരുമതിന്റെ പിന്നാമ്പുറങ്ങളിലേക്ക് കണ്ണുപായിച്ചിട്ടുണ്ടാകില്ല. ഒരുകാരണവശാലും വ്യാപാര സ്ഥാപനങ്ങളിൽ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്ന ഉത്തരവ് നിലനിൽക്കെയാണ് പ്രമുഖ വ്യാപാര ബ്രാൻഡുകളുടെ നിയമവിരുദ്ധമായ നിബന്ധനകൾ ഇങ്ങനെ നഗരങ്ങളിലെ മാളുകളിൽ ഉപഭോക്താക്കൾക്ക് മുന്നിലെത്തുന്നത്. സൈബർ കുറ്റകൃത്യങ്ങളിൽ മുന്നിലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പലയിടങ്ങളിൽ നിന്നും നമ്മുടെ വിവരങ്ങൾ ഇങ്ങനെ എളുപ്പത്തിൽ കൈമാറുമ്പോൾ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതരിൽ എത്തിച്ചേരുന്നുണ്ടെന്നും വലിയ സൈബർ തട്ടിപ്പുകൾക്കിടയാക്കുമെന്നും മുന്നറിയിപ്പുണ്ടെങ്കിലും ആരും ഇതൊന്നും അത്ര കണക്കിലെടുക്കാറില്ല.

[irp]

വ്യക്തി വിവരത്തിന് വില 1,500

“ഗാർഡിയൻ ആസ്‌ത്രേലിയ” നേരത്തേ പുറത്തുവിട്ട ഒരു വാർത്ത ഇന്ന് നമ്മുടെ അനുഭവം കൂടിയായി മാറുമ്പോഴാണ് സൈബർ തട്ടിപ്പിന്റെ കൈവേഗവും ദുരന്തത്തിന്റെ ആഴവും തിരിച്ചറിയുക. 1,500 (22 ഡോളർ) രൂപ നൽകിയാൽ ആരുടെയും വിവരങ്ങൾ ലഭിക്കുമെന്നതായിരുന്നു ഗാർഡിയനിലെ വാർത്തയുടെ ഉള്ളടക്കം. ആസ്‌ത്രേലിയയിൽ മെഡികെയർ മെഷീൻ എന്ന പദ്ധതി പ്രകാരം ജനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ സൈബർ തട്ടിപ്പുകാർ കൈയടക്കി വിൽപ്പനക്ക് വെക്കുകയായിരുന്നുവത്രേ. സർക്കാറിന്റെ നെറ്റ്‌വർക്കുകളിൽ നിന്നാണ് വിവരങ്ങൾ ചോർത്തിയത്. ഹാക്കർമാർ ഇവ ഡാർക്ക് വെബ്ബിൽ വിൽപ്പനക്ക് വെച്ചു. രോഗികളുടെ വ്യക്തമായ വിവരങ്ങൾ അടങ്ങിയ ആരോഗ്യ കാർഡുകളിൽ നിന്നായിരുന്നു വിവരം ചോർത്തൽ. വിവരങ്ങൾ വാങ്ങിയെടുത്തത് ക്രിമിനൽ സംഘങ്ങളായിരുന്നത്രേ. ഇ മെയിൽ ഹാക്കിംഗ്, ബ്ലാക്ക്‌മെയിലിംഗ് തുടങ്ങിയവ നടത്താൻ എളുപ്പം സാധിക്കുമെന്നതിനപ്പുറം സമ്പത്ത് മുഴവൻ ഊറ്റിയെടുത്ത് കൊടും കുറ്റവാളിയുടെ മുദ്ര ചാർത്തി, ഒരാളെ തെരുവിലിറക്കാൻ കൂടി സൈബർ ക്രമിനലുകൾക്ക് ഇങ്ങനെ വാങ്ങിയെടുക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് കഴിയുമെന്ന് തിരിച്ചറിയുമ്പോഴാണ് സത്യത്തിൽ നാം അമ്പരന്നു പോകുക.

അഞ്ഞൂറ് രൂപക്ക് ആധാർ വിവരം

അഞ്ഞൂറ് രൂപ കൊടുത്താൽ ആരുടെ ആധാർ വിവരങ്ങളും ലഭിക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ “ദ ട്രിബ്യൂണി”ന്റെ റിപ്പോർട്ട് രണ്ട് വർഷം മുമ്പ് പുറത്തു വന്നിരുന്നു.അന്നത് ഏറെ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു. എതിർവാദങ്ങളുമായി യു ഐ ഡി എ ഐ രംഗത്തെത്തിയതോടെയാണ് ആ വാർത്ത ചൂടുപിടിച്ചത്. വിവിധ സർക്കാർ സേവനങ്ങളുമായും സിം കാർഡ്, ബേങ്ക് അക്കൗണ്ട് തുടങ്ങിയവയുമായും ആധാർ ബന്ധിപ്പിക്കണമെന്ന സർക്കാർ നിർദേശം സജീവമാകുന്നതിനിടെയായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ. ആശങ്കകൾ പിന്നീടകന്നു. പക്ഷേ, വിവരങ്ങൾ ചോർത്തിയെടുക്കാൻ ആരെങ്കിലും എവിടെയെങ്കിലും പതിയിരിക്കുന്നുണ്ടാകുമെന്ന് വർത്തമാനകാല അനുഭവങ്ങൾ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ഡിജിറ്റൽ വിപ്ലവത്തിൽ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി കേരളമാണ് ഒന്നാമതെന്ന് അഭിമാനപൂർവം പറയാറുണ്ട്. എന്നാൽ, ഡിജിറ്റൽ ലോകത്തെ തട്ടിപ്പുകൾക്ക് മറ്റാരേക്കാളും വിധേയരാകുന്നത് നമ്മളാണെന്നത് പലപ്പോഴും മറച്ചുപിടിക്കാറാണ് പതിവ്. നൂറ് ശതമാനം സാക്ഷരരെന്ന് അഹങ്കരിക്കുമ്പോഴും ഡിജിറ്റൽ സാക്ഷരതയിൽ ഇപ്പോഴും പിന്നിലാണെന്ന് പറയേണ്ടി വരും. നമ്മുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും കൈയേറുന്ന ഡിജിറ്റൽ കാലത്ത് സകല വിവരങ്ങളും ചോർത്തിയെടുക്കാൻ വല നെയ്യുന്ന ഒട്ടനവധി വില്ലന്മാർ ഇന്റർനെറ്റിലുണ്ട്. ഒരു വിരലമർത്തിയാൽ ഓൺലൈനിൽ നിന്ന് നമ്മുടെ കൈവശം എത്താത്തതായി ഒന്നുമില്ലെന്ന് വാതോരാതെ പ്രസംഗിക്കുന്ന നാം ഒരു ക്ലിക്ക് മതി നമ്മുടെ കൈവശമുള്ളതെല്ലാം നഷ്ടപ്പെടാനെന്ന് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

ആധാറും പാൻ നമ്പറും അക്കൗണ്ട് നമ്പറും ഫോൺ നമ്പറുമെല്ലാം സൗകര്യത്തിനു വേണ്ടി പരസ്പരം ബന്ധിപ്പിക്കുന്ന ഇക്കാലത്ത് കരുതിയിരുന്നില്ലെങ്കിൽ ആരും എപ്പോൾ വേണമെങ്കിലും ഡിജിറ്റൽ- സൈബർ തട്ടിപ്പുകാരുടെ കെണിയിൽ പെടുമെന്ന് ഉറപ്പ്. ഫോൺ നമ്പറുൾപ്പെടെ സകല വിവരങ്ങളും ഓൺലൈനിൽ വിൽപ്പനക്ക് വെക്കുന്ന വെബ്‌സൈറ്റുകളുണ്ടെന്ന് അറിയുമ്പോഴാണ് ആ വലിയ ചതിയുടെ ആഴം തിരിച്ചറിയുന്നത്.
(നാളെ, ഇന്റർനെറ്റിലുമുണ്ട് അധോലോകം)

Latest