Connect with us

International

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 പിന്നിട്ടു; 68,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Published

|

Last Updated

ബീജിംഗ് | കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 പിന്നിട്ടു. 1700 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 68,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ ആറുപേര്‍ മരിച്ചു. ഇതിനിടെ ഫ്രാന്‍സിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനക്കാരനായ വിനോദ സഞ്ചാരിയാണ് മരിച്ചത്. ഏഷ്യക്കു പുറത്ത് കൊറോണ ബാധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ മരണമാണിത്. ചൈനയില്‍ വൈറസ് ബാധ കൂടുന്നതില്‍
ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. ചൈനക്കു പുറത്ത് 30 രാഷ്ട്രങ്ങളിലായി 500ല്‍ പരം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഫ്രാന്‍സിനു പുറമെ ഹോങ്‌കോങ്, ഫിലിപ്പൈന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലായി ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കൊറോണയെ തുരത്തുന്നതില്‍ കേരളം സ്വീകരിച്ച നടപടികള്‍ വിജയകരമായി മുന്നോട്ടു പോവുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരില്‍ രണ്ടാമത്തെയാളെയും അസുഖം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയാണ് ആശുപത്രി വിടുന്നത്. വീട്ടില്‍ നിരീക്ഷണം തുടരും.

നേരത്തെ, ആലപ്പുഴയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ഥിയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥി മാത്രമാണ് കൊറോണ സ്ഥിരീകരിച്ചവരില്‍ ഇനി ആശുപത്രി വിടാനുള്ളത്. ഈ കുട്ടിയുടെ ആരോഗ്യ നിലയും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

Latest