Connect with us

Educational News

കാലിക്കറ്റിൽ കസ്റ്റമർ കെയർ മാതൃകയിൽ ആധുനിക സംവിധാനം വരുന്നു

Published

|

Last Updated

തേഞ്ഞിപ്പലം | വിദ്യാർഥികളുടെ സംശയ നിവാരണത്തിനും പ്രശ്‌നപരിഹാരത്തിനുമായി കാലിക്കറ്റ് സർവകലാശാലയിൽ കസ്റ്റമർ കെയർ മാതൃകയിൽ അത്യാധുനിക സംവിധാനം വരുന്നു. സർവകലാശാല ക്യാമ്പസിൽ വരാതെ തന്നെ പരീക്ഷകൾക്കും സർട്ടിഫിക്കറ്റുകൾക്കും അപേക്ഷിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കും നൽകിയ അപേക്ഷയുടെ നിലവിലെ സ്ഥിതി മനസ്സിലാക്കാനും ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിശദാംശങ്ങൾ അറിയാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്.

സർവകലാശാല കമ്പ്യൂട്ടർ സെന്ററിന്റെ മേൽനോട്ടത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രത്യേക സോഫ്റ്റ് വെയർ തയ്യാറാക്കിയാണ് സംവിധാനം സജ്ജീകരിക്കുക. കസ്റ്റമർ കെയർ മാതൃകയിൽ ഈ സംവിധാനത്തിലേക്കുള്ള വിദ്യാർഥികളുടെ ഫോൺ വിളികൾ റെക്കോർഡ് ചെയ്യും. അതാത് സെക്ഷനുകളിലേക്ക് ഓൺലൈനിലൂടെ ബന്ധപ്പെടുത്തുകയും ചെയ്യും. ഇതിനുപുറമേ സർവകലാശാല ടാഗോർ നികേതനിൽ ഓൺലൈൻ ബേങ്കിംഗ്, സേവനങ്ങളും വിവരങ്ങളും വ്യക്തമാക്കുന്ന ടച്ച് സ്‌ക്രീൻ, ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാ ഫോമുകൾ ലഭ്യമാക്കുന്നതിനായി പ്രിന്ററുകൾ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കുമെന്ന് കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ. ലജീഷ് പറഞ്ഞു. സംവിധാനം സജ്ജമാക്കുന്നതിനായുള്ള ഭൗതിക സാഹചര്യം ഇതിനകം ഒരുക്കിയിട്ടുണ്ട്. ടാഗോർ നികേതനിലെ അന്വേഷണ കൗണ്ടറിൽ ജോലി ചെയ്യുന്നവരിൽ ആറ് പേരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി പുതിയ സംവിധാനത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം.

പദ്ധതി നടപ്പാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ആധുനിക സംവിധാനം സർവകലാശാലയിൽ നടപ്പാക്കുന്നതിന് അര കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സംവിധാനം സജ്ജമാകുന്നതോടെ മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകും. ആദ്യമായാണ് ഇത്തരമൊരു പദ്ധതി സർവകലാശാല നടപ്പാക്കുന്നത്.

Latest