Connect with us

Education

ശിശുജനന നിരക്ക് കുറഞ്ഞു; പൊതുവിദ്യാലയങ്ങളിൽ മതിയായ കുട്ടികളില്ല

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിൽ മതിയായ എണ്ണം കുട്ടികൾ ഇല്ലാത്തതിന് ഓരോ സ്‌കൂളിനും ഒരേ കാരണമാകില്ല എന്നാണ് പൊതു അനുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി. എങ്കിലും പ്രധാന കാരണം ജനസംഖ്യാ ഘടനയിലെ ശിശുജനന നിരക്കിലുണ്ടായ വലിയ കുറവാണെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിയമസഭയിൽ എഴുതി നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.

അക്കാദമിക നിലവാരം സംബന്ധിച്ച താരതമ്യവും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളോടുള്ള രക്ഷിതാക്കളുടെ താത്പര്യവും സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണത്തിലുള്ള ല കുറവിന് കാരണമായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാർഥികൾ കുറയാൻ മറ്റൊരു കാരണമായി. ഈ സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി നടപടികൾ തുടങ്ങിയതെന്ന് സർക്കാർ വ്യക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി 2016-17 ബജറ്റിൽ സംസ്ഥാനത്തെ ഒരു നിയോജക മണ്ഡലത്തിലെ ഒരു സ്‌കൂൾ വീതം തിരഞ്ഞെടുത്ത് 141 സ്‌കൂളുകളിൽ കിഫ്ബി സഹായത്തോടെ അഞ്ച് കോടി വീതം ചെലവഴിച്ച് നിർമാണ പ്രവൃത്തികൾ ആരംഭിച്ചിരുന്നു. ഇതിൽ 21 സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കി. 10 സ്‌കൂളുകളുടെ നിർമാണം ഈ മാസം പൂർത്തിയാക്കും.

2017-18 ബജറ്റ് പ്രസംഗത്തിൽ കിഫ്ബിയുടെ മൂന്ന് കോടി രൂപ വീതം ചെലവഴിച്ച് 213 സ്‌കൂളുകളിൽ നവീകരണ പ്രവൃത്തികൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഭരണാനുമതി ലഭിച്ച 213 സ്‌കൂളുകളിൽ 11 സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കിയതായും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
2018-19 വർഷ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ 166 സ്‌കൂളുകളുടെ നിർമാണ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയതായും സർക്കാർ വ്യക്തമാക്കുന്നു. കിഫ്ബി ധനസഹായത്തോടെ മൂന്ന് കോടി രൂപ വീതം ചെലവഴിച്ചാണ് ഈ പ്രവൃത്തികൾ നടത്തുക.

ഇതിനോടൊപ്പം സംസ്ഥാനത്തെ 4,751 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഉൾപ്പടെ 12,149 സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഒരുക്കി. 9,941 പ്രൈമറി വിഭാഗം വിദ്യാലയങ്ങളിൽ കിഫ്ബി ധനസഹായത്തോടെ 292 കോടി രൂപയുടെ ഹൈടെക്ക് ലാബ് പദ്ധതി നടപ്പാക്കിയതായും സർക്കാർ വ്യക്തമാക്കുന്നു.
2019-20 അധ്യായന വർഷത്തിൽ വേണ്ടത്ര കുട്ടികൾ ഇല്ലാത്ത വിദ്യാലയങ്ങളിലായി കണക്കാക്കിയിട്ടുള്ളത് 3152 വിദ്യാലയങ്ങളാണ്. ഇതിൽ 1,483 സർക്കാർ വിദ്യാലയങ്ങളും 1,669 എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടും.