Connect with us

Kerala

പന്തീരങ്കാവ് യു എ പി എ കേസ് വീണ്ടും നിയമസഭയില്‍; കേന്ദ്ര സർക്കാർ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി 

Published

|

Last Updated

പന്തീരങ്കാവ് യു എ പി എ കേസ് വീണ്ടും നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. അലനെയും താഹയെയും അന്യായമായി തടങ്കലില്‍വെക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.കേരള പൊലീസ് യു എ പി എ ചുമത്തിയത് കൊണ്ടാണ് എന്‍ ഐ എ കേസെടുത്തതെന്ന് മുനീര്‍ പറഞ്ഞു. യു എ പി എ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുനീര്‍ ചോദിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയും രണ്ട് വിധത്തിലാണ് പറയുന്നത്. അലനില്‍ നിന്നും താഹയില്‍ നിന്നും കണ്ടെടുത്തത് സി പി എം ഭരണഘടനയാണെന്നും രണ്ട് വിദ്യാര്‍ഥികളെ എന്‍ ഐ എക്ക് എറിഞ്ഞു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും ആരോപിച്ചു. യു എ പി എ ചുമത്തി രണ്ട് വിദ്യാര്‍ഥികളുടെ ഭാവിയാണ് തകര്‍ത്തത് – മുനീര്‍ പറഞ്ഞു.

എന്‍ ഐ എയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ കേസ് തിരിച്ചെടുക്കണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന് കേസ് വിട്ടുകൊടുത്തുവെന്ന പരാമര്‍ശം തെറ്റാണെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരച്ചു. അലനും താഹക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാന്‍ നേരത്തെ തന്നെ യു.എ.പി.എ കേസിലെ പ്രതിയാണ്. മക്കള്‍ ജയിലിലായാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക ഉണ്ടാകുന്നത് സ്വഭാവികമാണ്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നതിന് മുമ്പാണ് എന്‍.ഐ.എ പന്തീരങ്കാവ് യു.എ.പി.എ കേസ് ഏറ്റെടുത്തത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 123 യു.എ.പി.എ കേസുകള്‍ എടുത്തു. ഇതില്‍ ഒമ്പതെണ്ണം എന്‍.ഐ.എ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ അമിത് ഷായുടെ മുമ്പില്‍ കത്തുമായി പോകണമെന്നാണോ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.ഇടതുപക്ഷത്തെ നേരിടാന്‍ മാവോവാദികളെ കൂട്ടുപിടിക്കാന്‍ വല്ലാത്ത വ്യഗ്രതയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും പിണറായി ആരോപിച്ചു.

അതേ സമയം, തെറ്റിനെ മഹത്വവത്ക്കരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. പന്തീരങ്കാവ് യു.എ.പി.എ കേസ് സംബന്ധിച്ച് നിയമസഭയില്‍ സംസാരിച്ചത് മോദിയോ പിണറായിയോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പിണറായി യോഗി ആദിത്യനാഥിനെ പോലെ പെരുമാറരുത്. നിയമസഭാ സ്പീക്കര്‍ യുവാക്കളുടെ വീട് സന്ദര്‍ശിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പന്തീരങ്കാവ് യു.എ.പി.എ കേസ് തിരിച്ചു നല്‍കണമെന്ന് എന്‍ ഐ എയോട് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Latest