International
ഖാസിം സുലൈമാനിയുടെ ഖബറടക്കത്തിനിടെ തിക്കും തിരക്കും; 35 പേര് മരിച്ചതായി ഇറാന്
ടെഹ്റാന് | യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ ഖബറടക്കത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 35 മരണം. ഇറാന് ദേശീയ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിക്കിലും തിരക്കിലുംപെട്ട് 48 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. പതിനായിരങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്.
ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.
കഴിഞ്ഞദിവസം ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര് സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ചയാണ് യു എസ് വ്യോമാക്രണത്തില്‍ ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തില്‍നിന്ന് വരുമ്പോള്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.