Connect with us

National

അജിത് പവാര്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി; ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് 36 പേര്‍

Published

|

Last Updated

മുംബൈ | എന്‍ സി പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഒരു മാസത്തെ ഇടവേളയില്‍ രണ്ട് വ്യത്യസ്ത സര്‍ക്കാരുകളില്‍ ഉപ മുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകതയും അജിത് പവാറിന്റെ സ്ഥാനാരോഹണത്തിനുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷമുണ്ടെന്ന വ്യാജേന ആദ്യം അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പവും ഉപ മുഖ്യമന്ത്രിയായി അജിത് സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് എന്‍ സി പിയുടെ നേതൃനിരയിലേക്കു തന്നെ അദ്ദേഹം മടങ്ങിയെത്തുകയായിരുന്നു.

ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാദി സര്‍ക്കാറില്‍ ഇന്ന് 36 എം എല്‍ എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അജിത് പവാര്‍ ഉള്‍പ്പടെ എന്‍ സി പിയില്‍ നിന്ന് 14 ഉം ശിവസേനയില്‍ നിന്ന് 12 ഉം കോണ്‍ഗ്രസില്‍ നിന്ന് 10 ഉം പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും മന്ത്രിസഭയിലുണ്ട്. മുംബൈ വിധാന്‍ ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഉദ്ദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്.