Connect with us

Articles

വിധികളിലെ വിപല്‍ സന്ദേശങ്ങള്‍

Published

|

Last Updated

അമേരിക്കയിലെ ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുമ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് കുപ്രസിദ്ധമായ ഒരു വിധിയുണ്ടായി. അമേരിക്കന്‍ ഭരണഘടന പ്രകാരം തനിക്കു സ്വാതന്ത്ര്യം അവകാശപ്പെട്ടതാണെന്നും അതനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ട് ഒരു നീഗ്രോ അടിമ സുപ്രീം കോടതിയെ സമീപിച്ചു. പരാതിക്കാരന്‍ ഒരു വ്യക്തിയല്ല വസ്തുവാണ്, അതുകൊണ്ട് ഒരു അടിമയുടെ ഹരജി നിയമപ്രകാരം നിലനില്‍ക്കുന്നില്ലെന്നായിരുന്നു കോടതി വിധി. അധികം താമസിയാതെ എബ്രഹാം ലിങ്കണ്‍ അധികാരത്തില്‍ വരികയും രക്തരൂക്ഷിത യുദ്ധത്തിനു ശേഷം അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടാകുകയും ചെയ്തു. അതിനു ആ മനുഷ്യ സ്‌നേഹിക്കു തന്റെ ജീവന്‍ തന്നെ ബലി നല്‍കേണ്ടിവന്നു. പരാതിക്കാരനെ ഒരു വ്യക്തിയായി കാണാതെ ഒരു വസ്തുവായി മാത്രം കാണുന്ന സമീപനമാണ് സമീപ കാലത്തായി ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന ആക്ഷേപം ശക്തിപ്പെടുകയാണ്.
പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയെടുത്താലും രാജ്യസഭയുടെ കടമ്പ കടക്കുകയില്ലെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കിയാണ് ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ഉപരിസഭ ഈ ബില്‍ നിയമമാക്കാനുള്ള അനുമതി നേടിയെടുത്തത്. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെ അനൈക്യവും ദീര്‍ഘവീക്ഷണമില്ലായ്മയും മുതലെടുക്കാന്‍ ഹിന്ദുത്വ ഇന്ത്യ ലക്ഷ്യമാക്കുന്ന കേന്ദ്രഭരണ കക്ഷിക്കനായാസം കഴിഞ്ഞിരിക്കുന്നു. കാര്യങ്ങള്‍ ഏറെക്കുറെ അമിത് ഷാ, മോദി ദന്ദ്വത്തിന്റെ ഉള്ളിലിരിപ്പിനു ഒത്ത രീതിയിലാണ് നീങ്ങുന്നത്. പൗരത്വ പ്രശ്‌നം ഒരു മുസ്‌ലിം പ്രശ്‌നമായി മാത്രം ചിത്രീകരിക്കുക. വിവിധ മുസ്‌ലിം സംഘടനകളുടെ ഏകീകൃത പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്കു പരിണമിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുക. ബസുകള്‍ കത്തിക്കാനും ക്യാമ്പസുകളാക്രമിക്കാനും വേണമെങ്കില്‍ പോലീസിനെ തന്നെ ഉപയോഗിക്കുക. മരണസംഖ്യ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പട്ടികയില്‍ എഴുതിപ്പിടിപ്പിക്കുക. കൃത്യമായ ഒരു മുസ്‌ലിം അപരത്വം വളര്‍ത്തിയെടുത്ത് ഭൂരിപക്ഷ ഹിന്ദുക്കളെന്നുപറയപ്പെടുന്ന ആള്‍ക്കൂട്ടത്തിന്റെ വോട്ടുനേടി വീണ്ടും ഭരണത്തില്‍ വരിക. ഇത്തരം ചില ഫാസ്റ്റ്ഫുഡുകളാണ് ആര്‍ എസ് എസിന്റെ അടുക്കളയില്‍ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന കാര്യം മറക്കരുത്.
ഇനി പ്രതീക്ഷ സുപ്രീം കോടതിയിലാണെന്നു ചില ശുദ്ധാത്മാക്കള്‍ സ്വപ്‌നം കാണുന്നു. അത്രമാത്രം കുറ്റമറ്റതാണ് നമ്മുടെ ജുഡീഷ്യറി എന്നെങ്ങനെ പറയാനാകും. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഒക്കെയുള്ള വൃദ്ധ ന്യായാധിപന്മാര്‍ നീതിപീഠത്തില്‍ നിന്ന് വിരമിച്ചാലും വെറുതെയിരിക്കേണ്ടി വരില്ല. ഭരണകക്ഷിയുടെ താത്പര്യങ്ങളോടു ചാഞ്ഞും ചെരിഞ്ഞും നിന്നുള്ള അവ്യക്തമായ വിധിന്യായങ്ങള്‍ എഴുതിയുണ്ടാക്കുക വഴി അവര്‍ ചരിത്രത്തിലിടം പിടിക്കുന്നത് പലതരത്തിലാണ്. വിവിധ അന്വേഷണ കമ്മീഷനുകള്‍, സംസ്ഥാന ഗവര്‍ണര്‍ സ്ഥാനം, ആയുസും ആരോഗ്യവും അനുകൂലമെങ്കില്‍ ക്യാബിനറ്റു പദവികള്‍ ഇങ്ങനെ എന്തെല്ലാം പ്രലോഭനങ്ങളാണവരെ അലട്ടുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ കാറ്റ് ഏതു ദിശയിലേക്കു വീശുന്നു എന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി വിധിന്യായങ്ങള്‍ എഴുതിയുണ്ടാക്കാന്‍ അവര്‍ പ്രചോദിതരാകുന്നു.
അടുത്ത കാലത്തുണ്ടായ സുപ്രീം കോടതി വിധികള്‍ പലതും പരിശോധിച്ചാല്‍ അവയില്‍ പലതും ഒരേ സമയം വാദിക്കും പ്രതിക്കും അനുകൂലമായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ വിധി നടത്താന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആശ്വാസപ്രദവുമാണ്. ഫലമോ മൊത്തത്തില്‍ ജനങ്ങള്‍ക്കു നീതിന്യായ കോടതികളില്‍ വിശ്വാസം നഷ്ടപ്പെടുന്നു.
ജനം നിയമം കൈയിലെടുക്കുന്നു. രാജ്യത്താകെ അരാജകത്വവും അനിശ്ചിതാവസ്ഥയും വര്‍ധിച്ചു വരുന്നതിനെ ഇഷ്ടപ്പെടുന്ന ദുഷ്ട ശക്തികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടക്കലാണ് കോടാലി വീശുന്നത്. ആ വന്‍മരം മറിഞ്ഞു വീണാലല്ലേ ഇന്ത്യന്‍ ഭരണഘടനക്കു പകരം മനുസ്മൃതി പ്രതിഷ്ഠിക്കാനും, ഗാന്ധിജിക്കും നെഹ്‌റുവിനും പകരം സവര്‍ക്കറെയും മറ്റും ചരിത്ര നായകന്മാരായി കുടിയിരുത്താനും പറ്റൂ. ജനാധിപത്യത്തിന്റെ നെടുംതൂണുകളെ ഒന്നൊന്നായി നിര്‍വീര്യമാക്കുകയാണ് ഇതിനുള്ള തന്ത്രം. കോടതികളില്‍ നിന്ന് നീതി ലഭിക്കില്ലെന്ന പ്രതീതി ആദ്യം സൃഷ്ടിക്കുക. പോലീസാണ് നീതി നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ എന്നു സ്ഥാപിക്കുക. ചില ഉദാഹരണങ്ങള്‍ നോക്കാം.

ഹൈദരാബാദിലെ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊന്ന് മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നു. ജനങ്ങള്‍ പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും പോലീസിനെ അഭിനന്ദിച്ചു. ഇപ്പോഴത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അതിവേഗ നീതിനിര്‍വഹണത്തിനു ധൈര്യപ്പെട്ട് മറ്റു സ്ഥലങ്ങളിലും ഇത്തരം പോലീസുദ്യോഗസ്ഥന്മാര്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടു എന്നുവരും.
വാളയാര്‍ കേസില്‍ വെറുതെ വിട്ട പ്രതിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവം കേരളത്തിലാണ് നടന്നത്. നിയമത്തെ തലനാരിഴകീറി വ്യാഖ്യാനിക്കുന്ന ന്യായാധിപന്മാരും ധനസമ്പാദനം ലക്ഷ്യമാക്കി കേസുവാദിക്കുന്ന അഭിഭാഷകരും ചേര്‍ന്നു കുറ്റവാളികള്‍ക്കു രക്ഷപ്പെടാന്‍ പാകത്തില്‍ നിയമത്തിന്റെ വലക്കണ്ണികള്‍ വലിച്ചുപൊട്ടിക്കുമ്പോഴാണ് ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകം ജനങ്ങള്‍ ആഘോഷിക്കുന്നത്.

ബാബരി മസ്ജിദ് കേസിലെ വിധി പരിശോധിക്കുക. ശ്രീരാമന്റെ ജന്മസ്ഥലം കൃത്യമായി അടയാളപ്പെടുത്തുക. ബാബര്‍ എന്ന ചരിത്രപുരുഷന്‍ പണിത പള്ളി അപ്രസക്തമാണെന്നു സ്ഥാപിക്കുക. നീതി പീഠത്തിന്റെ വിശ്വാസ്യതയാണ് ഇവിടെ തകര്‍ന്നടിയുന്നത്. നൂറ് വര്‍ഷത്തിലേറെക്കാലമായി തുടര്‍ന്നു പോരുന്ന ഒരവകാശ തര്‍ക്കമാണ് മലങ്കര നസ്രാണികളിലെ രണ്ട് വിഭാഗമായ യാക്കോബായക്കാരും ഓര്‍ത്തഡോക്‌സ്‌കാരും തമ്മില്‍. ഈ വിഷയത്തില്‍ ഉണ്ടായ സുപ്രീം കോടതി വിധി അവ്യക്തതകളുടെ മൂടല്‍ മഞ്ഞുകൊണ്ടാവൃതമാണ്. അത്തരം ഒരു വിധിയും പൊക്കിപ്പിടിച്ചുകൊണ്ടാണ് ഒരു വിഭാഗം പുരോഹിതന്മാരും അവരുടെ അനുയായികളും അവര്‍ക്ക് നാമമാത്രമായ പ്രാതിനിധ്യം പോലും ഇല്ലാത്ത പള്ളികള്‍ പിടിച്ചെടുക്കുമെന്ന വാശിയുമായി ഞായറാഴ്ചകള്‍തോറും കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഖാമുഖം നിന്നാക്രോശിക്കുന്നത്. കോടതി വിധി വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് സൃഷ്ടിച്ചത്. ഇത്തരം സാഹചര്യത്തില്‍ ജനം എങ്ങനെ കോടതികളെ വിശ്വസിക്കും.
പൗരത്വ ഭേദഗതി നിയമം രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളഴിച്ചു വിടുമ്പോഴും ഇതിനെ കേവലം ഒരു മുസ്‌ലിം പ്രശ്‌നമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പല ഭാഗത്തു നിന്നും ഉയര്‍ന്നു വരുന്നത്. ഈ നിയമ ഭേദഗതിയില്‍ പതിയിരിക്കുന്ന ന്യൂനപക്ഷവേട്ട ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തേണ്ടത് ഇവിടുത്തെ പ്രഖ്യാപിത ന്യൂനപക്ഷമായ ക്രിസ്ത്യാനികളെയാണ്. പിണറായി വിജയനും രമേശ് ചെന്നിത്തലയും പോലും ഒരുമിച്ച് ഒരേ പന്തലില്‍ പ്രതീകാത്മക പ്രതിഷേധവുമായി സത്യഗ്രഹം ഇരുന്നിട്ടും കേരളത്തിലെ മേജര്‍ ആര്‍ച്ചുബിഷപ്പന്മാരോ മൈനര്‍ ബിഷപ്പന്മാരോ മറ്റു മൂന്ന് കത്തോലിക്കാ ബാവാമാരോ (കോട്ടയം, മൂവ്വാറ്റുപുഴ, തിരുവനന്തപുരം) പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന മുസ്‌ലിം സഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു വാചകം പോലും പറയുന്നതു കേട്ടില്ല. ഇന്നവര്‍ മുസ്‌ലിംകളെ തേടിവന്നു. നാളെയവര്‍ ക്രിസ്ത്യാനികളെ തേടിയെത്തും. അതിനു മുമ്പ് അവരോടുപറയേണ്ടി വന്നിരിക്കുന്നു. മിണ്ടുക മഹാമുനെ!