Connect with us

National

കര്‍ഫ്യു ലംഘിച്ച് പ്രതിഷേധം; ബിനോയ് വിശ്വത്തെ മംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

Published

|

Last Updated

മംഗളൂരു |കര്‍ണാടകയിലെ മംഗളുരുവില്‍ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ചു പ്രകടനം നടത്തിയതിനാണ് നടപടി. ബിനോയ് വിശ്വം അടക്കം എട്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് ബലപ്രയോഗത്തിന് ശ്രമിച്ചെന്ന് ബിനോയ് വിശ്വം ഒരു മലയാള വാര്‍ത്ത ചാനലിനോട് പറഞ്ഞു. പിന്നീട് അദ്ദേഹത്തെ മോചിപ്പിച്ച് കർണാടക പോലീസിൻെറ വാഹനത്തിൽ കേരള അതിർത്തിയിൽ എത്തിച്ച് മംഞ്ചേശ്വരം പോലീസിന് കെെമാറി.

കര്‍ഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ ബിനോയ് വിശ്വം ട്രയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയിരുന്നു. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള പ്രവര്‍ത്തകരേയും കൂട്ടിയാണ് ബിനോയ് വിശ്വംകര്‍ഫ്യൂ ലംഘിച്ചത്.

മഹാത്മാഗാന്ധിയുടേയും അംബേദ്കറുടേയും ചിത്രങ്ങളുമായി നഗരത്തിലെത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ മംഗളുരുവിലുള്ളതുകൊണ്ടാണ് പ്രതിഷേധിക്കാന്‍ ഇവിടം തിരഞ്ഞെടുത്തതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

മതേതര മൂല്യങ്ങളെ സംരക്ഷിക്കണം, ഹിന്ദു മുസ്ലീം ഐക്യം കാത്തുസൂക്ഷിക്കുക, ഭരണഘടനാമൂല്യങ്ങളെ കാത്തുസൂക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഞങ്ങള്‍ വിളിച്ചത്. എന്നാല്‍ പ്രതിഷേധം കേള്‍ക്കാന്‍ നഗരത്തില്‍ ആരുമുണ്ടായില്ല. നിശാനിയമത്തിന്റെ പിടിയിലാണ് നഗരം. അരമണിക്കൂറോളം പ്രതിഷേധിച്ചപ്പോഴാണ് പോലീസ് പാഞ്ഞെത്തിയത്. ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ അത് ഒഴിവായി.പോലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ഞങ്ങളുള്ളത്. ഫോണില്‍ സംസാരിക്കാന്‍ വിലക്കുണ്ട്. ഇന്റര്‍നെറ്റ ബന്ധം റദ്ദാക്കിയിട്ടുണ്ട് ഇവിടെ. പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ജയിലില്‍ കിടക്കാനും തയ്യാറാണെന്നും കസ്റ്റഡിയിൽ കഴിയവെ ഒരു മാധ്യമത്തോട് ഫോണില്‍ ബിനോയ് വിശ്വം പറഞ്ഞു.

Latest