Connect with us

Uae

പകർപ്പ് സിം ഉപയോഗിച്ച് നിക്ഷേപം തട്ടിയെടുത്തു; 47 ലക്ഷം നഷ്ടപരിഹാരം

Published

|

Last Updated

ദുബൈ | ഉപഭോക്താവിന്റെ സിം കാർഡിന്റെ പകർപ്പ് ഉണ്ടാക്കി ബേങ്കിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ 47 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി വിധി. 2017ലാണ് കേസിനാസ്പദമായ സംഭവം. ഉപഭോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ വ്യാജ സിം കാർഡ് ഉണ്ടാക്കി ധനവിനിമയം നടത്തിയെന്നും ഇതിലൂടെ വൻ തുക തട്ടിയെടുത്തുവെന്നുമാണ് കേസ്. മതിയായ സുരക്ഷ ഒരുക്കാത്തതിനും ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാത്തതിനുമാണ് ബേങ്കിനെതിരെയുള്ള നടപടി.

ബേങ്കുകളോടും ടെലികോം സേവന ധാതാക്കളോടും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് വിധിയിൽ ആവശ്യപ്പെടുന്നുണ്ട്. ഓൺലൈൻ വ്യവഹാരങ്ങളിലും ടെലഫോൺ സേവനങ്ങളിലും മികവുറ്റതും കുറ്റമറ്റതുമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കൽ ഉപഭോക്താക്കളുടെ അവകാശങ്ങളാണെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
2015ൽ വിദേശിയായ ഉപഭോക്താവ് ദുബൈയിലെ ഒരു ബേങ്കിൽ അക്കൗണ്ട് തുറക്കുകയായിരുന്നു. തുടർന്ന് 47 ലക്ഷം ദിർഹം അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതിനിടയിൽ ഇയാളുടെ സ്വദേശത്തേക്ക് തിരിക്കുകയും ചെയ്തു. എന്നാൽ, തിരികെയെത്തി 2017 മെയ് മാസത്തിൽ ബേങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ സീറോ ബാലൻസ് മറുപടിയാണ് ഉപഭോക്താവിന് ലഭിച്ചത്. ഉടനെ ഇയാൾ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

അതേസമയം, യഥാർഥ സിം കാർഡല്ലാതെ പകർപ്പ് വെച്ചു നടത്തിയ വിനിമയത്തിൽ ഉപഭോക്താവും ഉത്തരവാദിയാണെന്നും ബേങ്ക് സ്റ്റെയ്റ്റ്‌മെന്റ് ലഭിച്ചതിന് ശേഷം 30 ദിവസത്തിനുള്ളിൽ പരാതിപ്പെടേണ്ടിയിരുന്നവെന്നും ബേങ്ക് വാദിച്ചു. എന്നാൽ കോടതി ഏർപെടുത്തിയ വിദഗ്ധ അന്വേഷണത്തിൽ ഡ്യൂപ്ലിക്കേറ്റ് സിം വെച്ച് നടത്തിയ വിനിമയം തിരിച്ചറിയുന്നതിന് ബേങ്ക് പരാജയപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ഉപഭോക്താവ് നിക്ഷേപിച്ച പണം തിരികെ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു.