Connect with us

Travelogue

സ്ലോവേനിയൻ കാഴ്ചകൾ

Published

|

Last Updated

ഒരുപാട് നാളായി കാണണമെന്ന് ആഗ്രഹിച്ച രാജ്യമായിരുന്നു മധ്യ യൂറോപ്പിലെ സ്ലോവേനിയ. ഷെങ്കൻ വിസ കൈയിലിരുന്നത് കൊണ്ട് സ്ലോവേനിയൻ വിസ ആവശ്യമില്ലെന്ന് എംബസിയിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞു. ദിർഹം മാറ്റി യൂറോയെുത്തു. അബുദാബിയിൽ നിന്നും എത്തിഹാദിന്റെ വിമാനം ആറ് മണിക്കൂർ കൊണ്ട് സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ എത്തി. അവിടെ നിന്നും എയർ സെർബിയയുടെ വിമാനത്തിൽ സ്ലോവേനിയൻ തലസ്ഥാനമായ ലുബ്‌ലിയാനയിലേക്ക്.


കാണാകാഴ്ചകളുടെ നാട്

2016 ലെ യൂറോപ്യൻ ഗ്രീൻ ക്യാപിറ്റലായി തിരഞ്ഞെടുത്തത് ലുബിലിയാനയെയാണ്. യൂറോപ്പിലെ ചെറിയ ക്യാപിറ്റൽ സിറ്റികളിൽ ഒന്നാണ് ലുബിലിയാന. ചെറിയ നഗരമായതിനാൽ നടന്നു കാണാൻ തീരുമാനിച്ചു. ഡൗൺടൗൺ ഭാഗത്ത് കാൽനടക്കാരെ മാത്രമേ അനുവദിക്കൂ. സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക പാതയുണ്ട് ഇവിടെ. മാപ്പിൽ നോക്കി ട്രിപ്പിൾ ബ്രിഡ്ജിലേക്ക് നടന്നു. വീതി കുറഞ്ഞ നദിയാണ് ലുബിലിയാണിക്ക. അതിലൂടെ ധാരാളം ബോട്ടുകൾ ടൂറിസ്റ്റുകളെയും കൊണ്ട് ട്രിപ്പുകൾ നടത്തുന്നു. നഗരത്തിലെ പല ചെറു വഴിയിലൂടെയും നടന്ന് ടൗൺഹാളിന്റെ മുന്നിലെത്തി, മനോഹരമായ ഗോഥിക് മാതൃകയിലുള്ള ടൗൺ ഹാളിന്റെ പണി തുടങ്ങിയത് പതിനഞ്ചാം നൂറ്റാണ്ടിലാണ്.

സിറ്റി സ്‌ക്വയറിൽ നിന്നും രണ്ട് പൗണ്ടിന് ടിക്കറ്റെടുത്ത് ഫ്യൂണികുലാർ ട്രെയിനിൽ കയറി കാസിലിലെത്തി. പതിനൊന്നാം നൂറ്റാണ്ടിൽ പണിത കാസിൽ പലതവണ പുനർനിർമാണം ചെയ്തതിന് ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിൽ എത്തിയത്. കാസിലിൽ നിന്നും ഇറങ്ങിയപ്പോൾ സന്ധ്യയായി. പരിചയമില്ലാത്ത വഴികളിലൂടെ അപരിചതരോട് സംസാരിച്ചും പരിചയപ്പെട്ടും നടന്നു നീങ്ങി.
ബ്ലഡ് തടാകവും വിന്റഗർ ഗോർജും
ബ്ലഡ് തടാകക്കരയിലെ ടൗൺ സഞ്ചാരികളുടെ പ്രധാന വിനോദ കേന്ദ്രമാണ്. ബ്ലഡ് കാസിലും തടാകത്തിലൂടെയുള്ള യാത്രയും തടാകത്തിന്റെ മധ്യത്തിലുള്ള ഒരു കൊച്ചു ദ്വീപും ആ ദ്വീപിലെ ചർച്ച് ഓഫ് മേരിയുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. അവിടെ നിന്നും അടുത്തുള്ള സ്‌കീ റിസോർട്ട് സന്ദർശിച്ച ശേഷം വിന്റഗെർ മലയിടുക്കിലേക്ക് നീങ്ങി.

റാഡോവ്‌ന നദി ഉണ്ടാക്കിയ മലയിടുക്കാണ് വിന്റഗർ ഗോർജ്. മലയിടുക്കിൽ വശത്തൂടെ ആൾക്കാർക്ക് നടക്കാനുള്ള പാതയുണ്ട്. കിലോമീറ്ററുകളോളം ഉള്ളിലേക്ക് നടക്കാം.

സ്വപ്‌ന നഗരം ‌

സ്ലോവേനിയയുടെ അഡ്രിയാറ്റിക് തീരത്തുള്ള കോപ്പ, ഇസോളാ പിരാന് എന്നീ സ്ഥലങ്ങളിലേത് മനോഹര കാഴ്ചയാണ്. ഇസോളാ ഒരു ഫിഷിംഗ് ടൗണാണ്. ഒരു സ്വപ്‌ന നഗരം തന്നെയാണ് പിരാന്. പോസ്റ്റ് കാർഡ് പിക്ചർ എന്ന് പറയാം. ഓരോ കാഴ്ചയും അതിമനോഹരം. ധാരാളം ചരിത്ര മന്ദിരങ്ങളും മ്യൂസിയവും അക്വാറിയങ്ങളും വഴിയരികിൽ റെസ്റ്റോറന്റുകളും സുവനീർ ഷോപ്പുകളും. വെനീഷ്യൻ ഗോഥിക് മാതൃകയിലുള്ള കെട്ടിടങ്ങൾ. ഓരോന്നും ഒന്നിനൊന്നു മനോഹരം. സ്ലോവേനിയക്കാരുടെ വീക്കെൻഡ് ചെലവഴിക്കാനുള്ള ഒരു ഇടവും കൂടിയാണ് അഡ്രിയാറ്റിക് തീരത്തുള്ള പട്ടണങ്ങൾ. നിരവധി ആളുകൾ കടലിൽ നീന്താനും സൺബാത്തിനുമായി എത്തിയിട്ടുണ്ട്.
സ്ലോവേനിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് മാരിബോർ. രണ്ട് വലിയ പള്ളികളുണ്ടിവിടെ. പിന്നെ ഒരു കാസിലും. ഡ്രവ നദിയിലെ മീൻ വിഭവങ്ങൾ ആണ് ഇവിടുത്തെ ഭക്ഷണശാലകളിലെ സ്‌പെഷ്യൽ.

ഹങ്കേറിയക്കാരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ അന്നത്തെ പ്രഭു പണിയിച്ച കോട്ട. അത്ഭുതകരമാണത്. മലമുകളിലുള്ള ഈ കോട്ടയിൽ നിന്നും നോക്കിയാൽ പ്യുജ് പട്ടണത്തിന്റെ മനോഹര കാഴ്ചകൾ കാണാം.
ലുബിലിയാനയിലെ മ്യൂസിയങ്ങൾ ഏറെ പ്രസിദ്ധമാണ്. മാമത്തിന്റെ സമ്പൂർണ ഫോസിൽ ഇവിടെയുണ്ട്. അതോടൊപ്പം ഗ്രീക്ക് ചരിത്രാവശിഷ്ടങ്ങളും. മൂസിയത്തിന് വെളിയിലുള്ള പാർക്കിൽ കുറേനേരം ചെലവഴിച്ചു.
ഈ യാത്രയിൽ യുഗോസ്ലാവിൻ ഭരണകാലത്തെ കുറിച്ച് കുറെ അറിഞ്ഞു. വിഭജന കാലത്തിന് ശേഷം ഈ രാജ്യം വളരെ പുരോഗമിച്ചിരിക്കുന്നു. എത്ര പുരോഗമിച്ചിട്ടും രാജ്യത്തിന്റെ വിസ്്തൃതിയിൽ ഏകദേശം 70 ശതമാനം വരുന്ന കാടുകൾ അതേ പടി നിലനിർത്തിയിരിക്കുന്നു.

leenajanaki@gmail.com