Ongoing News
മെഹ്ദി ഹസ്സന്റെ ഗസല്‍ പാടി ഹദിയ
കാഞ്ഞങ്ങാട് | മെഹ്ദി ഹസ്സന്റെ മനോജ്ഞ സുന്ദരമായ ഗസല്‍ പാടി ഹദിയ സക്കരിയ പറന്നത് എ ഗ്രേഡിലേക്ക്. ദില്‍ കി ബാത്ത് ലബോന്‍ പര്‍ ലാക്കര്‍….എന്നു തുടങ്ങുന്ന വരികളാണ് മാധുര്യമൂറുന്ന സ്വരത്തില്‍ ഹദിയ ഭാവസാന്ദ്രമായി ആലപിച്ചത്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച് എസ് എസില്‍ പ്ലസ്ടുവിന് പഠിക്കുന്ന ഈ ഗായിക കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു.
തൃശൂരില്‍ വച്ച് നടന്ന 58ാമത് സംസ്ഥാന കലോത്സവത്തില്‍ നാലിനങ്ങളില്‍ ഹദിയ ടോപ്പിലെത്തിയിരുന്നു. മാപ്പിളപ്പാട്ട്, ഗസല്‍, ഒപ്പന, ഗ്രൂപ്പ് സോങ് എന്നിവയിലായിരുന്നു നേട്ടം.
മുഹമ്മദ് കുട്ടി അരീക്കോടിനു കീഴില്‍ ഗസല്‍ പരിശീലിക്കുന്ന ഹദിയ കോഴിക്കോട് ഉദയഭാനുവില്‍ നിന്ന് സംഗീതം പഠിക്കുന്നുണ്ട്. കുന്ദമംഗലം ചെള്ളിക്കാട്ടില്‍ മുഹമ്മദ് സക്കരിയ്യ-ഷക്കീല ദമ്പതികളുടെ മകളാണ്.







