Connect with us

Kerala

യു ഡി എഫ് യോഗം ഇന്ന്: തിരഞ്ഞെടുപ്പ് പരാജയം ചർച്ചയാകും

Published

|

Last Updated

തിരുവനന്തപുരം: പാലാ ഉൾപ്പെടെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം ആദ്യ യു ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാലായിലെയും കോന്നിയിലെയും വട്ടിയൂർക്കാവിലെയും തോൽവികൾ ചർച്ചയാകും. മൂന്ന് മണ്ഡലങ്ങളിൽ ജയിക്കാനായെങ്കിലും കുത്തക മണ്ഡലങ്ങളായിരുന്ന മൂന്നിടങ്ങൾ നഷ്ടപ്പെട്ടത് യു ഡി എഫിന് വലിയ തിരിച്ചടിയാണ്.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കോൺഗ്രസിൽ അഭ്യന്തര കലഹവും ശക്തമാണ്. കോന്നി മണ്ഡലത്തിലെ പരാജയത്തിൽ പത്തനംതിട്ട ഡി സി സിക്കെതിരെ കഴിഞ്ഞ ദിവസം അടൂർ പ്രകാശ് രൂക്ഷ വിമർശമുന്നയിച്ചിരുന്നു. പ്രചാരണത്തിൽ ഉൾപ്പെടെ പാളിച്ചയുണ്ടായതായാണ് ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായെങ്കിലും ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത തിരിച്ചടി വലിയ ക്ഷീണമാണ് മുന്നണിക്ക് ഉണ്ടാക്കിയത്.

പാലായിലും വട്ടിയൂർക്കാവിലും കോന്നിയിലും തിരിച്ചടിക്ക് കാരണം മുന്നണിയിലെയും ഘടക കക്ഷികളിലെയും ആഭ്യന്തര പ്രശ്‌നമാണെന്ന വിലയിരുത്തലും യു ഡി എഫിലെ ചില കക്ഷികൾക്കുണ്ട്. ആഭ്യന്തര തർക്കങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചതിലുള്ള അതൃപ്തി ലീഗ് പ്രകടിപ്പിക്കുകയും ചെയ്തു. തെറ്റ് തിരുത്തൽ നടപടികൾ സംബന്ധിച്ച ചർച്ചകളാകും പ്രധാനമായും നടക്കുക.