Ongoing News
അടിയൊഴുക്കുകൾ ഏറെ; കണക്കുകളിൽ 'കൈ' വിട്ട് കോന്നി

പത്തനംതിട്ട: വികസനത്തേക്കാളേറെ വിശ്വാസം ചർച്ച ചെയ്ത കോന്നി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മുൻതൂക്കം പ്രവചിച്ച് പോളിംഗ് ശതമാനത്തിലെ കണക്കുകൾ. 70.07 ശതമാനമാണ് കോന്നിയിൽ രേഖപ്പെടുത്തിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 73.19 ശതമാനവും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 74.24 ശതമാനവുമായിരുന്നു കോന്നിയിലെ പോളിംഗ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫ് ക്യാന്പുകളിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
എൻ എസ് എസ് സ്ഥാനാർഥിയെന്ന പ്രചാരണം പി മോഹൻ രാജിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തുവെന്ന വിലയിരുത്തലാണ് താഴേ തട്ടിലുള്ള നേതാക്കൾ പങ്ക് വെക്കുന്നത്. ഇതോടെ മതന്യൂനപക്ഷങ്ങൾക്കിടയിൽ നിന്ന് പരമ്പരാഗത വോട്ടുകൾ ചോർന്നുവെന്ന വിലയിരുത്തലും വോട്ടെടുപ്പിന് ശേഷം നടത്തിയ വിലയിരുത്തലിൽ തെളിഞ്ഞതായി ഡി സി സി ഭാരവാഹികളിൽ ചിലർ ചൂണ്ടിക്കാട്ടി.
ഇതിനോടൊപ്പം സ്ഥാനാർഥി നിർണയത്തെ തുടർന്ന് അടൂർ പ്രകാശുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല. കോന്നിയിൽ തിരിച്ചടിയുണ്ടായാൽ കാരണം സ്ഥാനാർഥി നിർണയത്തിലെ പോരായ്മയാണെന്ന് വി ഡി സതീശൻ മാധ്യമ ചർച്ചകൾക്കിടയിൽ അഭിപ്രായപ്പെട്ടിരുന്നു.
23 വർഷത്തിന് ശേഷം കോന്നി ചെങ്കൊടിയേന്തുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി അഡ്വ. കെ യു ജനീഷ് കുമാറും അഞ്ചക്കം വരുന്ന ഭുരിപക്ഷത്തിൽ വിജയിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി പി മോഹൻരാജും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രനെ മാധ്യമ സർവേകൾ അവഗണിച്ചു. ഓർത്തഡോക്‌സ് സഭയടക്കം ക്രൈസ്തവ മത ന്യുനപക്ഷങ്ങളുടെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും എൻ ഡി എ പ്രതീക്ഷവെക്കുന്നു. എൻ ഡി എ വിജയത്തിൽ ആശങ്കക്കിടയില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം.
യു ഡി എഫും എൽ ഡി എഫും ഭരിക്കുന്ന പഞ്ചായത്തുകളിൽ ആറ് മാസം മുന്പ് നടന്ന പാർലിമെന്റ്തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് യു ഡി എഫ് ഭരിക്കുന്ന മൈലപ്ര പഞ്ചായത്തിലാണ്, 65.93 ശതമാനം. കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് യു ഡി എഫ് ഭരിക്കുന്ന തണ്ണിത്തോട് പഞ്ചായത്തിലും 72.36 ശതമാനം.