Connect with us

Kerala

ഉപതിരഞ്ഞെടുപ്പ്: മഴ കനത്തു; പോളിംഗ് മന്ദഗതിയില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മഴകാരണം പോളിംഗ് മന്ദഗതിയില്‍. മഞ്ചേശ്വരം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

എറണാകുളം അയ്യപ്പന്‍കാവിലെ ബൂത്തില്‍ വെള്ളം കയറിയതില്‍ പോളിംഗ് തടസപ്പെട്ടു.രണ്ട് സ്‌കൂളുകളിലായുള്ള ആറ് ബൂത്തുകളില്‍ കനത്ത മഴയും വെള്ളക്കെട്ടും കാരണം പോളിംഗ് നിര്‍ത്തിവച്ചു.റോഡുകള്‍ വെള്ളത്തിലായി. വൈദ്യുതി നിലച്ചതിനാല്‍ പല ബൂത്തുകളും ഇരുട്ടിലാണ്. വെള്ളം കയറിയ ബൂത്തുകളില്‍ ഫയര്‍ഫോഴ്സെത്തി ആളുകളെ മാറ്റി പാര്‍പ്പിച്ചു വരികയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് തുടരാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണെന്നും കമ്മീഷനെ കാര്യങ്ങള്‍ അറിയിക്കുന്നുണ്ടെന്നും കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

കോന്നിയിലും അരൂരിലും വട്ടിയൂര്‍കാവിലും കനത്തമഴ തുടരുകയാണ്. പലയിടങ്ങളിലും വോട്ടിംഗ് തടസപ്പെട്ടു. കോന്നിയില്‍ പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി തടസം നേരിട്ടു. പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. കോന്നിയില്‍ അഞ്ചിടങ്ങളിലുണ്ടായ യന്ത്രത്തകരാര്‍ പരിഹരിച്ചതായും കലക്ടര്‍ അറിയിച്ചു.

മഴമാറി നിന്ന കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുന്നു. മികച്ച പോളിംഗ് ആണ് ആദ്യ മണിക്കൂറുകളില്‍ മഞ്ചേശ്വരത്ത് നടക്കുന്നത്.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 35 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ 9.57 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്്. ഈ മാസം 24 നാണ് തിരഞ്ഞെടുപ്പ് ഫലം. മഞ്ചേശ്വരം ഒഴികെ മണ്ഡലങ്ങളില്‍ രാവിലെ ശക്തമായ മഴ പെയ്യുന്നത് വോട്ടെടുപ്പ് മന്ദഗതിയിലാക്കാന്‍ ഇടയുണ്ട്.

ഏറെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങി തുടക്കം മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നിലവവിലുള്ള നാല് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ ചിലയിടങ്ങളിലുള്ള അതൃപ്തി തടസ്സമാകുമോയെന്ന ആശങ്കയിലാണ് യു ഡി എഫ് ക്യാമ്പ്. എന്നാല്‍ പ്രത്യേക പ്രചാരണ വിഷയങ്ങളൊന്നുമില്ലാതെ തിരഞ്ഞെടുപ്പിനൊരുങ്ങിയ ബി ജെ പിക്ക് കാര്യമായ ചലനങ്ങളൊന്നും പ്രചാരണത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാലും വോട്ട് ചെയ്യാനാകും. സംസ്ഥാനത്ത് അഞ്ചുമണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കായി ആകെ 896 പോളിംഗ്‌സ്‌റ്റേഷനുകളുണ്ടായിരിക്കും. മഞ്ചേശ്വരത്ത് 198, എറണാകുളത്ത് 135, അരൂരില്‍ 183, കോന്നിയില്‍ 212, വട്ടിയൂര്‍ക്കാവില്‍ 168 വീതം പോളിംഗ് സ്‌റ്റേഷനുകളുണ്ട്. ഇവിടങ്ങളില്‍ ഇത്തവണ ഏറ്റവും പുതിയതരം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളായ എം ത്രീയാണ് ഉപയോഗിക്കുന്നത്. മണ്ഡലങ്ങളില്‍ ആവശ്യമുള്ളതിന്റെ ഇരട്ടിയോളം വോട്ടിംഗ് മെഷീനുകള്‍ ലഭ്യമായിട്ടുണ്ട്. 1810 മെഷീനുകള്‍ ഉപതെരഞ്ഞെടുപ്പ് ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുണ്ട്.

അന്തിമപട്ടിക പ്രകാരം മഞ്ചേശ്വരം മണ്ഡലത്തില്‍ 2,14,779 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,07,851 പേര്‍ പുരുഷന്‍മാരും 1,06,928 പേര്‍ സ്ത്രീകളുമാണ്. എറണാകുളം മണ്ഡലത്തില്‍ 1,55,306 വോട്ടര്‍മാരുണ്ട്. ഇതില്‍ 76,184 പുരുഷന്‍മാരും 79,119 സ്ത്രീകളും മൂന്നു ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. അരൂര്‍ മണ്ഡലത്തില്‍ 1,91,898 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 94,153 പുരുഷന്‍മാരും 97,745 സ്ത്രീകളുമാണുള്ളത്. കോന്നി മണ്ഡലത്തില്‍ 93,533 പുരുഷന്‍മാരും 1,04,422 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 1,97,956 വോട്ടര്‍മാരുണ്ട്.

വട്ടിയൂര്‍ക്കാവില്‍ ആകെ വോട്ടര്‍മാര്‍ 1,97,570 ആണ്. ഇതില്‍ 94,326 പേര്‍ പുരുഷന്‍മാരും 1,03,241 പേര്‍ സ്ത്രീകളുമാണ്. മൂന്നു ട്രാന്‍സ്‌ജെന്‍ഡറുകളും വോട്ടര്‍ പട്ടികയിലുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും ശക്തമായ സുരക്ഷയുംഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലുമായി പത്ത് പാരാമിലിറ്ററി ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. 3696 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കും. മഹാരാഷ്ട്ര നിയമസഭയില്‍ 288 സീറ്റുകളിലേക്കും ഹരിയാനയില്‍ 90 സീറ്റുകളിലേക്കുമാണ് പോളിംഗ്. കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 51 നിയമസഭാ സീറ്റുകളിലേക്കാണ് രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ 11, ഗുജറാത്തില്‍ 6, ബീഹാറില്‍ 5, സിക്കിമില്‍ 3, പഞ്ചാബിലും അസമിലും 4 വീതം, തമിഴ്നാടില്‍ രണ്ട്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഒഡീഷ, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മേഘാലയ, പുതുച്ചേരി, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബീഹാറിലെ സമസ്തിപൂര്‍, മഹാരാഷ്ട്രയിലെ സതാര എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭാ സീറ്റുകള്‍.

Latest