Connect with us

Travelogue

പെരുമഴയത്തൊരു വനവാസം

Published

|

Last Updated

പ്രകൃതി സൗന്ദര്യം മുറ്റിനിൽക്കുന്ന കൊടുംകാട്ടിനുള്ളിൽ കറങ്ങിയാലോ? അതും ഈ മഴക്കാലത്ത്. ഏറ്റവും ആസ്വാദ്യകരമായ യാത്രകളിൽ ഒന്നായിരിക്കുമത്. കാടും കാടിന്റെ മക്കളും പക്ഷികളും വന്യജീവികളും നീരുറവകളും സമം ചേരുന്ന ഈ പരിസ്ഥിതി സമ്പത്ത് നാം അനുഭവിച്ചറിയേണ്ടത് തന്നെയാണ്. തൃശൂരിൽ വരന്തരപ്പള്ളി പഞ്ചായത്തിലെ ചിമ്മിനി വനത്തിലാണ് കുട്ടികൾക്കുള്ള പരിസ്ഥിതി പഠനക്യാമ്പിന്റെ ഭാഗമായി 35 പേർ അടങ്ങുന്ന ഞങ്ങളുടെ സംഘം എത്തിച്ചേർന്നത്. പ്രകൃതിയെ സംരക്ഷിക്കാനുള്ള ആദ്യത്തെ മാർഗം പ്രകൃതിയെ അടുത്തറിയുക എന്നതാണല്ലോ?

ചിമ്മിനി വന്യജീവി
സങ്കേതം

ഉച്ചതിരിഞ്ഞാണ് ചാർട്ട് ചെയ്ത കെ എസ് ആർ ടി സിയിൽ ഞങ്ങൾ ചിമ്മിനിയിലെത്തിത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിനുവും നോബിനും ഞങ്ങളെ സ്‌നേഹപൂർവം സ്വീകരിച്ചു. മഴ തോർന്ന് മരം പെയ്യുന്നുണ്ടായിരുന്നു. ലഗേജുകൾ അടക്കിവെച്ച് ഒരു കട്ടൻ കുടിച്ചു. പിന്നെ ചിമ്മിനി റിസർവോയറിന്റെ സുന്ദരമായ കാഴ്ചകൾ കാണാനായി കുട്ടികൾക്കൊപ്പം പുറപ്പെട്ടു. ചുറ്റും പശ്ചിമഘട്ട മലനിരകൾ. കാടിന് മുകളിലൂടെ കോടമഞ്ഞ് നീങ്ങിപ്പോകുന്നു. ദൂരത്തെങ്കിലും മറുകരയിൽ മയിൽ പീലി വിടർത്തി ഞങ്ങളെ സ്വീകരിക്കുന്നുണ്ടായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചിമ്മിനി വനം 85 കി മീ വിസ്തൃതിയിലുള്ളതാണ്. വിവിധയിനം മൃഗങ്ങളുടെയും പക്ഷികളുടെയും സങ്കേതമായ ഈ വനപ്രദേശം പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്നു. തൃശൂർ ജില്ലയിലെ ആയിരത്തിയഞ്ഞൂറോളം കൃഷിയിടങ്ങളിലേക്കുള്ള ജലസേചനത്തിനായി നിർമിച്ച ഈ ഡാം പ്രധാന സന്ദർശന കേന്ദ്രമാണ്. വൈകുന്നേരങ്ങളിൽ ഡാമിനോട് ചേർന്ന ജലാശയങ്ങളിൽ കുടിവെള്ളം തേടി വരുന്ന മൃഗങ്ങളും പക്ഷികളും സന്ദർശകരെ കൂടുതൽ സന്തോഷിപ്പിക്കുന്നു. കൂട്ടികൾക്കായി ശലഭോദ്യാനം, കോഫീ ബാർ, ബോട്ട് സർവീസ് എന്നിവയുണ്ട്. വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന 125ലധികം അരുവികളിൽ നിന്നുള്ള വെള്ളമാണ് ഈ റിസർവോയറിലെത്തുന്നത്. കൂടുതൽ വിവരണങ്ങൾ രാത്രിയിലെ സംസാരത്തിൽ ഇടം പിടിച്ചു. കുട്ടികൾക്ക് ഒട്ടേറെ സംശയങ്ങൾ, കാടുകയറാതെ മറുപടി. പിന്നെ ഭക്ഷണം കഴിച്ച് ഉറക്കം.

രണ്ടാം ദിനം അതിരാവിലെ അല്പം ധ്യാനം. കാടിന്റെ സംഗീതം ആസ്വദിക്കാൻ കണ്ണടച്ച്, കാത് തുറന്ന് കുറച്ച് സമയം. അപ്പോൾ കാതിലൂടെയിറങ്ങുന്ന കിളികളുടെ മധുരമൂറും സംഗീതം ഒരു വാദ്യോപകരണത്തിനും നൽകാനാകാത്ത അനുഭൂതി പകരുന്നതാണ്. ചായ, പുട്ട്, കടല എന്നിവയാണ് പ്രാതലിന്. നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും ഉൾപ്പെട്ട ട്രക്കിംഗ് ആണ് അന്നത്തെ പ്രധാന ഇനം. ഞങ്ങളെ കൊണ്ടുപോകാനായി കാടിനെ ഉള്ളംകൈ പോലെ അറിയുന്ന ആദിവാസി ഗൈഡുകൾ എത്തി. ഒപ്പം വാച്ചർമാരും. വനത്തിനുള്ളിലേക്ക് കിലോമീറ്ററുകളോളമുള്ള യാത്രയിൽ പലപ്പോഴും കടപുഴകിയ വൻമരങ്ങൾ ഞങ്ങളുടെ വഴിമുടക്കി. വിവിധ തരം പഴങ്ങൾ കഴിച്ച്, പക്ഷികളെ കേട്ട്, പാമ്പുകളെ കണ്ട് ഞങ്ങൾ കാട് കയറി. വന്യജീവികളെ കാണാനും കേൾക്കാനും കഴിയുകയെന്നത് നമ്മുടെ ഭാഗ്യമനുസരിച്ചാണെന്ന് വാർഡൻ നേരത്തേ പറഞ്ഞിരുന്നു. നിശ്ശബ്ദതയും ഏകാന്തതയുമാണ് കാടിന്റെ മുദ്രകൾ. ഞങ്ങളുടെ എണ്ണം കൂടുതലായതിനാൽ വലിയ മൃഗങ്ങൾ കാഴ്ചയിൽ നിന്ന് മാറിനിന്നു എന്ന് തോന്നുന്നു. മടങ്ങാനൊരുങ്ങിയപ്പോഴാണ് കനത്ത മഴയും കാറ്റും വന്നെത്തിയത്. പിന്നെ മഴയാത്രയായി. അപൂർവ ഔഷധച്ചെടികളും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും പരിചയപ്പെട്ട് കാടിറങ്ങി വരുമ്പോഴാണ് കൂട്ടത്തിലെ ആദിവാസി പയ്യൻ രാവിലെ വിരിഞ്ഞ കൂൺ കണ്ടത്. അവയെല്ലാം പറിച്ച് ഇലയിൽ കെട്ടി കൊണ്ടുവന്നു. അന്ന് രാത്രി ചപ്പാത്തിക്കൊപ്പം കൂൺ റോസ്റ്റ് സ്‌പെഷ്യൽ. അതിന്റെ രുചി ഒന്നു വേറെ തന്നെ.

കാട്ടിനുള്ളിലെ
പാലരുവി

കാട്ടിനുള്ളിലൂടെ നാല് കീലോമീറ്ററോളം നടന്നാൽ എത്തിച്ചേരുന്ന വെള്ളച്ചാട്ടം ട്രക്കിംഗിനിടയിലെ ഏറ്റവും ആകർഷണീയ കാഴ്ചകളിലൊന്നായിരുന്നു. വലിയ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും 250ഓളം അടി ഉയരത്തിൽ നിന്നും ഒഴുകിയെത്തുന്ന പാലരുവി എല്ലാവരുടെയും ഹൃദയം കവരുന്നതായിരുന്നു. ഫോട്ടോ, വീഡിയോ സെഷനുകൾ പൂർത്തിയാക്കി വരുമ്പോഴാണ് വിവിധ ചലച്ചിത്രങ്ങളുടെയും ടി വി ഷോകളുടെയും ഷൂട്ടിംഗ് ലൊക്കേഷനാണിതെന്ന് ഗൈഡ് പറഞ്ഞത്.

ഉച്ചക്ക് സദ്യ കഴിച്ച് ഇരിക്കുമ്പോഴാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ സുദേഷ് സാറിന്റെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ കഥകൾ പറഞ്ഞ പ്രത്യേക സെഷൻ നടന്നത്. വൈകിട്ട് ഡാം സന്ദർശനം കഴിഞ്ഞ് വേഴാമ്പലിന്റെ പ്രജനന കാലത്തെ കുറിച്ചുള്ള രാത്രിയിലെ പ്രത്യേക ഡോക്യുമെന്ററി പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും ക്യാമ്പിനെ അവിസ്മരണീയമാക്കി. ക്യാമ്പ് സമാപിക്കുമ്പോൾ വരന്തരപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസറോട് കുട്ടികൾ ഒന്നടങ്കം പറഞ്ഞത് രണ്ട് ദിവസം കൂടി നീട്ടിത്തരണമെന്നായിരുന്നു.

എല്ലാ ദിവസവും പകൽ സമയത്ത് സന്ദർശകർക്ക് ഡാം കാണാൻ പ്രവേശിക്കാം. പണം നൽകി വനത്തിനുള്ളിൽ താമസിച്ച് സഞ്ചാരികൾക്ക് പ്രകൃതിയെ അടുത്തറിയാനും ആസ്വദിക്കാനും വനം വകുപ്പ് തന്നെ സൗകര്യമൊരുക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്നവർക്ക് താമസം, ഭക്ഷണം, ട്രക്കിംഗ് എന്നിവ വനം വകുപ്പ് ക്രമീകരിക്കും. വനം വകുപ്പിന്റെ ഗൈഡുകളുടെ സഹായത്തോടെ കാടറിഞ്ഞ് സമയം ചെലവിടാം. വനം വകുപ്പിലെ ജീവനക്കാരായ ആദിവാസികളാണ് രുചിയൂറും ഭക്ഷണം തയ്യാറാക്കുന്നതും കാട് പരിചയപ്പെടുത്തുന്നതും. വിദ്യാർഥികൾക്കും സന്നദ്ധ സംഘടനകൾക്കും വനം, പരിസ്ഥിതി വകുപ്പിന് കീഴിൽ നടത്തുന്ന പഠന ക്യാമ്പുകൾ ചിമ്മിനി വനത്തിൽ ലഭ്യമാണ്. പഠനത്തിനും സുരക്ഷിതമായ താമസത്തിനുമായി പ്രത്യേകം മുറികളും ഹാളുകളുമുണ്ട്. തികച്ചും സൗജന്യമായി ലഭിക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ മുഖാന്തരം അപേക്ഷിക്കണം. തൃശൂർ ആമ്പല്ലൂരിൽ നിന്ന് വരന്തരപ്പള്ളി വഴി ചിമ്മിനി വനത്തിലെത്താം, ദൂരം 38 കി മീ. തൃശൂരിൽ നിന്ന് ചിമ്മിനിയിലേക്ക് സ്വകാര്യ ബസ് സർവീസുണ്ട്.

സി പി ഫസൽ അമീൻ
• fasalameen@gmail.com

Latest