Connect with us

Ongoing News

കട്ട വെയ്റ്റിംഗ്..! ബ്രസീല്‍ - അര്‍ജന്റീന സെമിഫൈനല്‍ രാവിലെ ആറിന്

Published

|

Last Updated

ബെലൊഹൊറിസോന്റെ: കോപ അമേരിക്ക സെമിഫൈനലില്‍ രണ്ട് ക്ലാസിക് പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. ആദ്യത്തേത് ബ്രസീലും അര്‍ജന്റീനയും തമ്മില്‍.  രാവിലെ ആറ് മണിക്ക് നടക്കുന്ന ഈ പോരാട്ടം ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ സൂപ്പര്‍ക്ലാസിക് എന്ന വിശേഷണം ഏറ്റുവാങ്ങി നില്‍ക്കുന്നു. രണ്ടാം സെമിയില്‍ ചിലി പെറുവിനെ നേരിടുന്നത് പസഫിക്കിന്റെ ക്ലാസിക് എന്ന വിശേഷണവുമായി ആവേശം കയറ്റുന്നു.

നാല് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നും ഷൂട്ടൗട്ടിലാണ് കലാശിച്ചത്. അര്‍ജന്റീന മാത്രമാണ് നിശ്ചിത സമയത്ത് ക്വാര്‍ട്ടര്‍ ജയിച്ചു കയറിയത്. വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ടായിരുന്നു മുന്നേറ്റം.
ഗ്രൂപ്പ് റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും ഗംഭീര പ്രകടനം കാഴ്ചവെച്ചുവെന്ന് പറയാന്‍ സാധിക്കില്ല. ആതിഥേയരായ ബ്രസീല്‍ നാട്ടുകാരുടെ കൂവലേറ്റ് വാങ്ങിയതിന് കണക്കില്ല.

ആദ്യ മത്സരം ബൊളിവിയക്കെതിരെ. തപ്പിത്തടഞ്ഞെങ്കിലും മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു കയറി. രണ്ടാം മത്സരത്തില്‍ വെനസ്വേലയോട് ഗോള്‍ രഹിതം. ഇത് ബ്രസീലിയന്‍ ജനത പൊറുത്തില്ല. കൂക്കി വിളിച്ചു.
എന്നാല്‍, പെറുവിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് മഞ്ഞപ്പട ശൗര്യം കാണിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പത്ത് പേരുമായി പൊരുതിയ പാരഗ്വായെ ഷൂട്ടൗട്ടിലാണ് വീഴ്ത്തിയത്. സെമിയിലേക്കുള്ള മുന്നേറ്റത്തില്‍ ഷൂട്ടൗട്ട് കടമ്പ താണ്ടാനുള്ള പരിചയ സമ്പത്തുണ്ടാക്കി എന്നതൊഴിച്ചാല്‍ ബ്രസീലിന് അവകാശവാദങ്ങളില്ല.

അര്‍ജന്റീന പൂജ്യത്തില്‍ നിന്നാണ് തുടങ്ങിയത്. ഇപ്പോള്‍ ആത്മവിശ്വാസത്തോടെ നില്‍ക്കുന്നു. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ കളിയില്‍ കൊളംബിയക്ക് മുന്നില്‍ 2-0ന് തോറ്റമ്പിയ അര്‍ജന്റീന പാരഗ്വായുമായി 1-1ന് സമനിലയുമായി നില മെച്ചപ്പെടുത്തി.

മൂന്നാം മത്സരം അര്‍ജന്റീനക്ക് നിര്‍ണായകമായി. കോപയില്‍ നിന്ന് പുറത്തേക്കുള്ള വഴിയില്‍ ആയിരുന്നു അര്‍ജന്റീന. ഖത്വറിനെ തോല്‍പ്പിച്ചു കൊണ്ട് മെസിയും അഗ്യുറോയും ഉള്‍പ്പെടുന്ന അര്‍ജന്റൈന്‍ താര നിര ക്വാര്‍ട്ടറിലേക്ക്. അവിടെ പ്രതിരോധപ്പൂട്ടൊരുക്കിയ വെനസ്വേലയെ കീഴടക്കി സെമിയിലേക്ക്.

ഗ്രൗണ്ട് മഹാമോശം…

കോപ അമേരിക്കക്ക് ഒരുക്കിയ ഗ്രൗണ്ട് ഉപരിതലം മഹാമോശമെന്ന് ലയണല്‍ മെസി. പന്ത് മുയലിനെ പോലെയാകുന്നു എന്നാണ് മെസി കുറ്റപ്പെടുത്തിയത്.
അത്രമാത്രം പതിയെയാണ് പന്തിന്റെ ബൗണ്‍സും നീക്കങ്ങളും. യൂറോപ്യന്‍ ഫുട്‌ബോളില്‍ വേഗതയുള്ള ഗ്രൗണ്ടില്‍ കളിച്ചു ശീലിച്ച മെസിക്ക് തന്റെ സ്വാഭാവിക ഗെയിം ഇനിയും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

ടിക്കറ്റ് വിലയും ആള്‍ക്കൂട്ടവും…

കോപ അമേരിക്ക മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചധികമാണ്. അതുകൊണ്ടു തന്നെ പല മത്സരങ്ങള്‍ക്കും കാണികളെ കിട്ടാത്ത അവസ്ഥയായിരുന്നു.
ഇക്വഡോര്‍-ജപ്പാന്‍ മത്സരം നടന്നത് 62000 പേരെ ഉള്‍ക്കൊള്ളുന്ന മിനെയ്‌റോ സ്‌റ്റേഡിയത്തിലാണ്. ടിക്കറ്റെടുത്ത് കളി കണ്ടത് 2100 പേര്‍. എന്നാല്‍, ബ്രസീല്‍-അര്‍ജന്റീന ക്ലാസിക് പോരിനുള്ള ടിക്കറ്റ് കിട്ടാനില്ല. ബെലൊഹൊറിസോന്റെ സാഗരമാകും.

ദുരന്ത ഭൂമിയില്‍ ബ്രസീല്‍…

2014 ലോകകപ്പ് സെമിഫൈനല്‍ ഓര്‍മയില്ലേ. ജര്‍മനിയോട് 7-1ന് ബ്രസീല്‍ നാമാവശേഷമായത്. മഞ്ഞപ്പടയുടെ ശവപ്പറമ്പമായി മാറിയ ബെലൊഹൊറിസോന്റെയിലാണ് നാളെ മത്സരം. അന്നത്തെ തോല്‍വി ആരും മറക്കില്ല. ജര്‍മനിയോടേറ്റ തോല്‍വി ഉറക്കം കെടുത്തുന്നതായിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി.

അര്‍ജന്റീനയെ തോല്‍പ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് ആലോചന. മെസിയെ പോലൊരു താരം എതിര്‍ നിരയില്‍ ഉണ്ടാകുമ്പോള്‍ ഭയക്കണം. അര്‍ജന്റീന മികച്ച ടീമാണ്. അവര്‍ക്കെതിരെ മികച്ച തന്ത്രമുണ്ടെങ്കി്‌ലേ ജയിക്കാനാകൂ. ടീം എന്ന നിലയില്‍ ബ്രസീലാണ് ഏറെ മുന്നിലെന്നും ഡിഫന്‍ഡര്‍ തിയഗോ സില്‍വ വിലയിരുത്തി.

ബെലൊഹൊറിസോന്റെയില്‍ അര്‍ജന്റീനക്കെതിരെ മികച്ച റെക്കോര്‍ഡുണ്ട് ബ്രസീലിന്. അവസാനം ഇവിടെ കളിച്ചപ്പോള്‍ ബ്രസീല്‍ 3-0ന് അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. 2007 മുതല്‍ ബ്രസീല്‍ കോപ അമേരിക്ക കിരീടം ലക്ഷ്യമിടുന്നു.
കോപയിലെ കഴിഞ്ഞ രണ്ട് എഡിഷനിലും അര്‍ജന്റീന ചിലിക്ക് മുന്നില്‍ പരാജയപ്പെട്ടിരുന്നു. ആ കണക്ക് തീര്‍ക്കാന്‍ കൂടിയാകും ലയണല്‍ സ്‌കലോനിയുടെ അര്‍ജന്റൈന്‍ പട.

മുന്‍തൂക്കം ബ്രസീലിന്…

അടിച്ച ഗോളുകളുടെയും നടത്തിയ നീക്കങ്ങളുടെയും എണ്ണം നോക്കിയാല്‍ ബ്രസീലിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. അര്‍ജന്റീന ടീം വര്‍ക്ക് പ്രദര്‍ശിപ്പിച്ചത് അവസാന രണ്ട് കളികളിലാണ്. മെസിയെ വെനസ്വേലക്കാര്‍ തളച്ചത് ബ്രസീല്‍ പ്രതിരോധ നിര കണ്ടിട്ടുണ്ട്. എന്നാല്‍, അര്‍ജന്റൈന്‍ നിരയില്‍ ലൗതാരോയെ പോലുള്ള താരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അഗ്യുറോ കുറേക്കൂടി ഫ്രീയായി കളിക്കുന്നതും എതിര്‍പാളയത്തിന്റെ നെഞ്ചിടിപ്പേറ്റും.
ഫിര്‍മിനോ-കുടീഞ്ഞോ-ജീസസ് ത്രയം ബ്രസീലിന്റെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു. എന്നാല്‍, പാരഗ്വായ്‌ക്കെതിരെ അവസരങ്ങള്‍ പാഴാക്കാന്‍ മത്സരിച്ചത് മറക്കാറായിട്ടില്ല. ഫോം മങ്ങിയ ഫിര്‍മിനോക്ക് പകരം വില്യന്‍ ആദ്യ ഇലവനില്‍ വന്നേക്കാം.

ഗോളി ആലിസന്‍ ബെക്കറിന്റെ ഫോം ബ്രസീലിനെ ഫേവറിറ്റാക്കുന്നു. മുഖാമുഖം വന്നാല്‍ പോലും ആലിസനെ കീഴടക്കാന്‍ സാധിക്കില്ല. മെസിയുടെ മാന്ത്രികതക്ക് മാത്രമേ ആലിസനെ കീഴടക്കാനാകൂ. ലിവര്‍പൂളിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ആദ്യപാദം ജയിച്ചു കയറിയത് ഉദാഹരണം.

Latest