Connect with us

Gulf

ഈദുല്‍ ഫിതര്‍ അവധി:ട്രാഫിക് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അബുദാബി പോലീസ്

Published

|

Last Updated

അബുദാബി : ഈദുല്‍ ഫിതര്‍ അവധി ദിവസങ്ങളില്‍ റോഡില്‍ പാലിക്കേണ്ട ട്രാഫിക് നിയമം മറക്കരുതെന്ന് അബുദാബി പോലീസ്. നീണ്ട അവധി ദിനങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് റോഡുകളിലെ വേഗതാ പരിധി കര്‍ശനമായി പാലിക്കണം. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ ഡ്രൈവര്‍മാരെ അബുദാബി പോലീസ് ഉണര്‍ത്തി.

ഈദ് അവധി ദിവസത്തിന്റെ ഭാഗമായി അബുദാബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്‌റ മേഖലയുടെ ആഭ്യന്തര, ബാഹ്യ റോഡുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവിടങ്ങളിലും റോഡു സുരക്ഷാ പദ്ധതി നടപ്പാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി എമിറേറ്റിലെ എല്ലാ റോഡുകളിലും ട്രാഫിക് പോലീസിനെ വിന്യസിക്കും. ഗതാഗത നിയമലംഘകരെ കയ്യോടെ പിടികൂടുമെന്ന് അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അല്‍ ഷരീഫി പറഞ്ഞു. ആഘോഷം അതിരു വിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് ഓര്‍മിപ്പിച്ചു. അനധികൃതമായി പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. നിയമം ലംഘിച്ച് പടക്കം വില്‍ക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കി. ലൈസന്‍സില്ലാതെ പടക്കം വില്‍ക്കുന്നവര്‍ക്കും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നവര്‍ക്കും 6 മാസം തടവും 10,000 ദിര്‍ഹം പിഴയുമാണു ശിക്ഷ. കുട്ടികള്‍ പടക്കം പൊട്ടിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വിഭാഗത്തിനു കീഴിലുള്ള ഹാപ്പിനസ് സെന്റര്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ു തുറന്നു പ്രവര്‍ത്തിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തിക്കുക. അബുദാബിയിലെ വാഹന പരിശോധന കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അല്‍ ദഫ്‌റ പരിശോധന കേന്ദ്രം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ഇടപാടുകള്‍ താമസം കൂടാതെ പൂര്‍ത്തീകരിക്കാനും കൂടുതല്‍ ആളുകള്‍ക്കു വാഹനങ്ങളുടെ ഗതാഗത സംബന്ധമായ കാര്യങ്ങള്‍ തടസ്സം കൂടാതെ നടത്താനും ഇതുമൂലം വഴിയൊരുങ്ങുമെന്ന് പോലീസ് അറിയിച്ചു.

Latest