Connect with us

National

ആരോഗ്യ പ്രശ്‌നം; സി പി ഐ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയാനൊരുങ്ങി സുധാകര്‍ റെഡ്ഢി

Published

|

Last Updated

ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്‌നങ്ങളാല്‍ സ്ഥാനമൊഴിയാനൊരുങ്ങി സി പി ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റിനും ദേശീയ എക്‌സിക്യൂട്ടീവിനും നല്‍കിയതായാണ് വിവരം. റെഡ്ഢിക്ക് 2021 വരെ കാലാവധിയുണ്ട്. അതുവരെ പദവിയില്‍ തുടരണമെന്ന് ഇരു ഘടകങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് അറിയുന്നത്.

റെഡ്ഢി വഴങ്ങിയില്ലെങ്കില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവും. ഇതിനായി പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ജൂലൈയില്‍ യോഗം ചേരും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളിലൊരാളെയാണ് സാധാരണ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാറ്. ഡി രാജ, ഷമീം ഫൈസി, അതുല്‍കുമാര്‍ അഞ്ജന്‍, അമര്‍ജിത് കൗര്‍ രാമേന്ദ്ര കുമാര്‍, ഡോ. കെ നാരായണ, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ഡോ. ബി കെ കാംഗോ, പല്ലബ് സെന്‍ ഗുപ്ത എന്നിവരാണ് നിലവിലെ സെക്രട്ടേറിയറ്റ് അംഗങ്ങള്‍. ഇവരില്‍ ആരെങ്കിലുമൊരാള്‍ ജനറല്‍ സെക്രട്ടറിയാകും.

2012 മാര്‍ച്ച് 31ന് സി പി ഐയുടെ 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ചാണ് സുധാകര്‍ റെഡ്ഢിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 12, 14 ലോക്‌സഭകളില്‍ അംഗമായിരുന്നു. തെലങ്കാനയിലെ നല്‍ഗോണ്ട മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.

Latest