Connect with us

Ongoing News

കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ ബി ജെ പിയുടെ കരുനീക്കങ്ങള്‍ ഊര്‍ജിതം

Published

|

Last Updated

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ ആവേശം ഉള്‍ക്കൊണ്ട് കര്‍ണാടകയിലെ ജെ ഡി എസ്- കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമിറിക്കാനുള്ള നീക്കം ബി ജെ പി ശക്തമാക്കി. എന്ത് വിലകൊടുത്തും കര്‍ണാടക ഭരണം തിരിച്ചുപിടിക്കുക എന്ന് ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന് കരുത്ത് പകര്‍ന്ന് രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരുമായി ബി ജെ പി ചര്‍ച്ച നടത്തി. പാര്‍ട്ടി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന രമേശ് ജാര്‍ക്കിഹോളി, സുധാകര്‍ എന്നീ കോണ്‍ഗ്രസ് എം എല്‍ എമാരാണ് ബി ജെ പി നേതാവ് എസ്എം കൃഷ്ണയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയത്. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ആര്‍ അശോകിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. കര്‍ണാടകയിലെ ബി ജെ പിയുടെ വിജയത്തില്‍ അഭിനന്ദനം അര്‍പ്പിക്കാനാണ് താന്‍ അവിടെ പോയതെന്ന് ജാര്‍ക്കഹോളി പറഞ്ഞു.

എന്നാല്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചയാണ് ഇവര്‍ എസ് എം കൃഷ്ണയുമായി ചര്‍ച്ച നടത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയും ജാര്‍ക്കിഹോളി ബി ജെ പി നേതാക്കളെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂട്ടുകക്ഷി സര്‍ക്കാറിനെ മറിച്ചിടുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നതായാണ് വിവരം. മറ്റു ചില കോണ്‍ഗ്രസ് ജെ ഡി എസ് എം എല്‍ എമാരെ കൂടി ബി ജെ പി ക്യാമ്പിലേക്ക് എത്തിക്കുന്നതിനുളള സാധ്യതകളും നേതാക്കള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.