Connect with us

National

കർണാടകയിൽ ഭരണമാറ്റത്തിന് സാധ്യത; ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കാൻ നീക്കം

Published

|

Last Updated

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയം നേരിട്ട കർണാടകയിൽ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സർക്കാറിനെ താഴെയിറക്കാൻ ബി ജെ പി വീണ്ടും നീക്കം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് മാറ്റത്തിന് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി പദം കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് പുതിയ വിവരം. ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കാനാണ് നീക്കം. കോൺഗ്രസ് കൈവശം വെക്കുന്ന ഉപമുഖ്യമന്ത്രി പദം ജെ ഡി എസിന് വിട്ടുകൊടുക്കും. മന്ത്രി എച്ച് ഡി രേവണ്ണ ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന രമേശ് ജാർക്കിഹോളി ഉൾപ്പെടെയുള്ള എം എൽ എമാർക്ക് മന്ത്രി പദവി നൽകി കൂടെ നിർത്താനുള്ള നടപടികളുമുണ്ടാകും. മുഖ്യമന്ത്രി പദവി കോൺഗ്രസിന് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ചിട്ടുണ്ട്. എന്നാൽ, ധൃതി പിടിച്ച് ഒരു തീരുമാനമെടുക്കേണ്ടെന്നും സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാമെന്നുമാണ് പൊതുധാരണ.

ദളിത് വോട്ടുകളുടെ കേന്ദ്രീകരണമാണ് ബി ജെ പിക്ക് മികച്ച വിജയം നേടിക്കൊടുത്തതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദളിത്-പിന്നാക്ക വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ബി ജെ പി നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദളിത് വിഭാഗത്തെ വിശ്വാസത്തിലെടുക്കാൻ പ്രാപ്തമായ ഫോർമുല കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ദളിത് വിഭാഗത്തിൽപെട്ട പരമേശ്വരയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ഈ വിഭാഗത്തിന്റെ പിന്തുണ ഭാവിയിൽ നേടിയെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
ആകെയുള്ള 28 സീറ്റുകളിൽ കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിന് ഓരോ സീറ്റ് മാത്രമാണ് നേടാനായത്. ഈ സാഹചര്യത്തിൽ സർക്കാറിന്റെ നിലനിൽപ്പ് ഭദ്രമാക്കുന്നതിനാണ് മാറ്റം കൊണ്ടുവരുന്നത്.

ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ബി ജെ പിയുടെ അംഗബലം 105 ആയി ഉയർന്നിട്ടുണ്ട്. 224 അംഗ നിയമസഭയിൽ 113 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഭരണം നടത്താം. അങ്ങനെയാണെങ്കിൽ ബി ജെ പിക്ക് ഇനി എട്ട് അംഗങ്ങളുടെ പിന്തുണ മാത്രം മതി. ഭരണം പിടിക്കാൻ ബി ജെ പി നടത്തുന്ന നീക്കം കോൺഗ്രസിലും ജെ ഡി എസിലും ഉണ്ടാക്കിയിരിക്കുന്ന ആശങ്ക ചെറുതല്ല. ഒരു വർഷം പ്രായമായ കോൺഗ്രസ്-ജെ ഡി എസ് സഖ്യ സർക്കാറിനെതിരായ വിധിയെഴുത്തായിട്ടാണ് തിരഞ്ഞെടുപ്പ് ഫലത്തെ കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്.
അപ്രതീക്ഷിതമായ തിരിച്ചടിയാണ് കർണാടകയിൽ കോൺഗ്രസിന് നേരിട്ടത്. കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കർണാടകയിലും കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമെന്നായിരുന്നു പ്രതീക്ഷ. ജെ ഡി എസിനും കോൺഗ്രസിനുമിടയിലെ ഭിന്നത കാരണം ഒരുവേളയിൽ പാർട്ടി പ്രവർത്തകരുടെ മുന്നിൽ പരസ്യമായി കുമാരസ്വാമി കരയുന്ന സാഹചര്യം പോലുമുണ്ടായിരുന്നു. സഖ്യമായി മത്സരിക്കുന്നുവെന്ന് പറയുമ്പോഴും കോൺഗ്രസും ജെ ഡി എസും പല മണ്ഡലങ്ങളിലും വിഭിന്ന ചേരികളിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതാണ് ബി ജെ പിക്ക് 25 സീറ്റുകൾ നേടിക്കൊടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

Latest