Connect with us

Ongoing News

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കണം; ചെന്നിത്തല ഹൈക്കോടതിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കുക, സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കോടതിയെ സമീപിക്കുന്നതെന്ന് ചെന്നിത്തല വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ തിരിമറി സംബന്ധിച്ച് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്ട്രറല്‍ ഓഫീസര്‍ക്ക് നല്‍കിയതെന്നും ആദ്യം നല്‍കിയ കത്ത് സംസ്ഥാന ഇലക്ട്രറല്‍ ഓഫീസര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അതിന്മേല്‍ നടപടി അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളിലൂടെ തിരിമറി പുറത്തുവന്നപ്പോള്‍ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും രണ്ട് കത്തുകള്‍ കൂടി നല്‍കുകയും ക്രമക്കേട് ബോധ്യപ്പെട്ട ഇലക്ട്രറല്‍ ഓഫീസര്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ചെയ്തത്.

വോട്ടെണ്ണാന്‍ 12 ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് കോടതിയെ സമീപിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ആദ്യം നല്‍കിയ കത്ത് അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണമായതെന്നും അന്ന് നല്‍കിയ കത്തില്‍ കഴമ്പില്ലെന്ന് മടക്കിയ അതേ പോലീസ് മേധാവിയുടെ കീഴില്‍ തന്നെയാണ് ഇപ്പോള്‍ തിരിമറിക്കേസ് അന്വേഷിക്കുന്നത് എന്നതിനാല്‍ അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണെന്നും ചെന്നിത്തല ആരോപിച്ചു.

Latest