Connect with us

Ongoing News

ശമനമില്ലാതെ യാദവ കലഹം

Published

|

Last Updated

തേജ് പ്രതാപും തേജസ്വിയും

പാറ്റ്‌ന: നിർണായകമായ തിരഞ്ഞെടുപ്പിന് മുന്നിലും അടങ്ങാതെ യാദവ പോര്. ആർ ജെ ഡി മേധാവി ലാലു പ്രസാദ് യാദവ് ജയിലിൽ കഴിയവേ മക്കൾ തമ്മിലുള്ള പോര് ഉച്ചസ്ഥായിയിലെത്തുകയാണ്. പിതാവിന്റെ അനുഗ്രഹാശിസ്സുകളുള്ള ഇളയ മകൻ തേജസ്വി യാദവും, സഹോദരിയും എം പിയുമായ മിസാ ഭാരതിയുടെ പിന്തുണയുള്ള മൂത്ത മകൻ തേജ്പ്രതാപ് യാദവും തമ്മിലുള്ള വടംവലിയാണ് മുറുകുന്നത്. ബിഹാറിലെ രണ്ടാം ലാലു യാദവ് താനാണെന്ന് പ്രഖ്യാപിച്ച് തേജ് പ്രതാപ് യാദവ് രംഗത്ത് വന്നതോടെ തർക്കം രൂക്ഷമായിരിക്കുകയാണ്.

ജഹാനാബാദിലെ റാലിയിലായിരുന്നു ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ പ്രഖ്യാപനം. തേജസ്വി യാദവ് നേടിയെടുത്ത രാഷ്ട്രീയ പ്രാധാന്യം ചോദ്യം ചെയ്യുകയാണ് പിതാവിന്റെ രാഷ്ട്രീയ പിൻഗാമി താനാണെന്ന് അവകാശപ്പെടുക വഴി തേജ് പ്രതാപ് ചെയ്യുന്നത്. നിരവധി തവണ കലഹിച്ച സഹോദരൻമാർക്കിടയിൽ സ്വരച്ചേർച്ചയുണ്ടാക്കാൻ ലാലു കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇരുവരും കഴിഞ്ഞ മാസം ക്യാമറക്ക് മുന്നിൽ കെട്ടിപ്പിടിക്കുകയും പുഞ്ചിരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ വെടിനിർത്തൽ അധികകാലം നീണ്ടുനിന്നില്ല.
“ലാലു പ്രസാദ് യാദവ് വളരെ ഊർജസ്വലനായ വ്യക്തിയാണ്. അദ്ദേഹം പ്രതിദിനം 10-12 പരിപാടികളിൽ സംബന്ധിക്കുമായിരുന്നു. എന്നാൽ ഇന്നത്തെ നേതാക്കൾ പെട്ടെന്ന് ക്ഷീണിക്കുന്നു. രണ്ടോ മൂന്നോ പരിപാടി മതി അവർക്ക് മടുക്കാൻ” – തേജ് പ്രതാപ് പറഞ്ഞു. ആരോഗ്യ കാരണങ്ങളാൽ തേജസ്വി യാദവ് നേരത്തേ നിശ്ചയിച്ച ചില പരിപാടികൾ റദ്ദാക്കിയിരുന്നു. ഇത് മനസ്സിൽ സൂക്ഷിച്ചാണ് തേജ്പ്രതാപിന്റെ ഒളിയമ്പ്.

ഞാൻ ലാലു പ്രസാദ് യാദവിന്റെ രക്തമാണ്. അദ്ദേഹം നമ്മുടെ ഗുരുവും ആരാധനാ മൂർത്തിയുമാണ്. ബിഹാറിലെ രണ്ടാം ലാലു യാദവ് ഞാനാണ്- തേജ് പ്രതാപ് തുറന്നടിച്ചു. ആർ ജെ ഡി ടിക്കറ്റ് നൽകിയത് പാദസേവക്കാർക്കും മുഖസ്തുതിക്കാർക്കുമാണെന്ന് പറഞ്ഞ് തേജ് പ്രതാപ് മറ്റൊരാക്രമണം കൂടി നടത്തി. ജഹാനാബാദിൽ തന്റെ സ്വന്തം സ്ഥാനാർഥിയാണ് മത്സരിക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും തേജ് പ്രതാപ് പറഞ്ഞു. ചന്ദ്ര പ്രകാശാണ് ജഹാനാബാദിൽ നിന്നുള്ള ആർ ജെ ഡി സ്ഥാനാർഥി. ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് തേജ് പ്രതാപിന്റെ പ്രവചനം.
സരൺ മണ്ഡലത്തിൽ ചന്ദ്രികാ റായിയെ മത്സരിപ്പിക്കാൻ തേജസ്വി യാദവ് തീരുമാനിച്ചതോടെയാണ് സഹോദരൻമാരുടെ ബന്ധം കൂടുതൽ വഷളായത്.

തേജ്പ്രതാപിന്റെ ഭാര്യാപിതാവാണ് ആർ ജെ ഡി നേതാവായ ചന്ദ്രികാ റായി. എന്നാൽ അദ്ദേഹത്തിന്റെ മകളിൽ നിന്ന് വിവാഹ മോചനം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് തേജ് പ്രതാപ്. ആറിനാണ് സരണിൽ വോട്ടെടുപ്പ്.

Latest