Connect with us

Editorial

വായ്പാ തട്ടിപ്പുകാരെ തുറന്നുകാട്ടണം

Published

|

Last Updated

ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ആര്‍ ബി ഐക്ക് എന്താണിത്ര വിമുഖത? സുപ്രീം കോടതി പല തവണ ആവശ്യപ്പെട്ടിട്ടും ആര്‍ ബി ഐ ഒഴിഞ്ഞു മാറുകയാണ്. ഒടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇക്കാര്യത്തില്‍ അന്ത്യശാസന നല്‍കിയിരിക്കയാണ് സുപ്രീം കോടതി. വിവരാവകാശ പ്രവര്‍ത്തകനായ എസ് സി അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജിയിലാണ്, ബേങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും പണം തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുന്നവരുടെ പട്ടികയും വിവരാവകാശ പ്രകാരം നല്‍കണമെന്ന് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. ഇനിയും ഇക്കാര്യത്തില്‍ അമാന്തം കാണിച്ചാല്‍ ഗുരുതരമായ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ആര്‍ ബി ഐക്കു മുന്നറിയിപ്പും നല്‍കി. ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആര്‍ ബി ഐക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഓര്‍മപ്പെടുത്തിയ കോടതി, ഇതില്‍ നിന്നുള്ള ഒഴിഞ്ഞു മാറ്റം സുപ്രീം കോടതിയുടെ 2015ലെ വിധിയുടെ ലംഘനമാണെന്നും ഉണര്‍ത്തി. വിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയെന്ന ആര്‍ ബി ഐയുടെ നയം തിരുത്താനും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരം 9.8 ലക്ഷം കോടി രൂപയാണ് ബേങ്കുകളിലെ കിട്ടാക്കടം. 2017 ഡിസംബറില്‍ ഇത് 7.24 ലക്ഷം കോടി രൂപയും 2014 മാര്‍ച്ച് 31ന് 2.17 ലക്ഷം കോടി രൂപയുമായിരുന്നു. ഏതാണ്ട് മൂന്നര മടങ്ങ് വര്‍ധനയാണ് രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ട് കിട്ടാക്കടത്തിലുണ്ടായത്. 500 കോടിയിലധികം രൂപ കടമെടുത്ത 9,339 പേരാണ് ഭീമമായ കിട്ടാക്കടത്തിന് ഉത്തരവാദികളെന്ന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ് ബി ഐ, ബേങ്ക് ഓഫ് ഇന്ത്യ, ഐ ഡി ബി ഐ, പഞ്ചാബ് നാഷനല്‍ ബേങ്ക് എന്നിവയാണ് കിട്ടാക്കടത്തില്‍ മുന്നില്‍. ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ബേങ്കുകള്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് വായ്പ നല്‍കിയപ്പോള്‍ റിസര്‍വ് ബേങ്ക് തടയിടാത്തതാണ് കടം പെരുകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റിസര്‍വ് ബേങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നതാണ് ബേങ്കുകളെ പ്രതിസന്ധിയിലാക്കിയതെന്നാണ് ഇതിന് ആര്‍ ബി ഐയുടെ പ്രതികരണം. വന്‍തുകയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള സംവിധാനത്തിന് കാര്യമായ തകരാറുണ്ടെന്നും അല്ലായിരുന്നെങ്കില്‍ ഇത്ര വലിയ തുകയുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളേണ്ടി വരുമായിരുന്നില്ലെന്നും 2016 ഏപ്രിലില്‍ സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു. കടം നല്‍കുന്നതിനുള്ള നിലവിലെ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും പരിധിയില്ലാതെ വായ്പ നല്‍കുകയും തിരിച്ചു കിട്ടാതെ വരുമ്പോള്‍ നിയമ നടപടികള്‍ക്ക് മുതിരാതെ എഴുതിത്തള്ളുകയുമാണ് പൊതുമേഖലാ ബേങ്കുകളുടെ രീതി. കഴിഞ്ഞ പത്ത്‌വര്‍ഷത്തിനിടെ രാജ്യത്തെ ബേങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കടം മൂന്ന് ലക്ഷത്തി

അറുപതിനായിരത്തിയൊന്നായിരം കോടി രൂപ വരും. 2009 മുതല്‍ 2014 വരെ 20,000 കോടി മുതല്‍ 42,000 കോടി വരെയാണ് ഓരോ വര്‍ഷവും എഴുതിത്തള്ളിയതെങ്കില്‍, 2016-17ല്‍ ഒരുലക്ഷത്തി എണ്ണായിരംകോടിയായി ഉയര്‍ന്നു. 2017-18ല്‍ പിന്നെയും ഉയര്‍ന്ന് ഒരുലക്ഷത്തി അറുപത്തിയോരായിരം കോടി രൂപയിലെത്തി. 2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം ഒരു ലക്ഷത്തി അന്‍പത്തിയാറായിരം കോടിയാണ് എഴുതിത്തള്ളിയത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവക്കായി സര്‍ക്കാര്‍ നീക്കിവെച്ച ആകെ തുകയുടെ ഇരട്ടിവരും ബേങ്കുകള്‍ എഴുതിത്തള്ളിയ തുക.
കടം തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ജപ്തി ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുകയും ഇത്തരക്കാരെ കരിമ്പട്ടികയില്‍ പെടുത്തി വീണ്ടും വായ്പ നല്‍കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്താല്‍ കിട്ടാക്കടങ്ങളുടെ തോത് കുറക്കാനാകും. രഘുറാം രാജന്‍ ആര്‍ ബി ഐ ഗവര്‍ണറായിരിക്കെ മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പാര്‍ലിമെന്ററി സമിതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ബേങ്കുകളുടെ സ്വയം ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കുക, പൊതുമേഖലാ ബേങ്കുകള്‍ സര്‍ക്കാറില്‍ നിന്ന് ആരോഗ്യകരമായ അകലം പാലിക്കുക തുടങ്ങിയ ചില നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു. വന്‍കിട സാമ്പത്തിക തട്ടിപ്പുകാരെ സംബന്ധിച്ച വിവരങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിപാര്‍ശകള്‍ കര്‍ശനമായി നടപ്പാക്കിയിരുന്നെങ്കില്‍ കിട്ടാക്കടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളുണ്ടായില്ല. മാത്രമല്ല, വായ്പാ തട്ടിപ്പു നടത്തുന്നവരെ തുണക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായത്. അഞ്ച് ബേങ്കുകളില്‍ നിന്നായി 5,000 കോടി രൂപ വായ്പയെടുത്ത ഗുജറാത്ത് വഡോദരയിലെ സ്റ്റെര്‍ലിംഗ് ബയോടെക് ഔഷധ നിര്‍മാണ കമ്പനി ഉടമ നിതിന്‍ സന്ദേസര, പഞ്ചാബ് നാഷണല്‍ ബേങ്കില്‍ നിന്ന് 13,000 കോടി വായ്പയെടുത്ത നീരവ് മോദി, 9,000 കോടിയുടെ കടബാധ്യതയുള്ള വിജയ് മല്യ, 6,800 കോടിയുടെ കടബാധ്യതയുള്ള ജ്വല്ലറി ഉടമ ജിതിന്‍മേത്ത തുടങ്ങിയവര്‍ക്ക് നാട് വിടാന്‍ ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. പൊതുമേഖലാ ബേങ്കുകള്‍ രാജ്യത്തിന്റെ സ്വത്താണ്, ജനങ്ങളുടെയും. അതുകൊണ്ടു തന്നെ ഇവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കടം വാങ്ങി മുങ്ങുന്ന വിരുതന്മാരെക്കുറിച്ചും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് വിവരാവകാശ നിമയത്തിന്റെ പരിധിയില്‍ വരുന്നതാണെന്നു നേരത്തെ പല തവണ കോടതി വ്യക്തമാക്കിയതുമാണ്. കോര്‍പറേറ്റുകളോടല്ല, രാജ്യത്തോടും ജനങ്ങളോടുമാണ് തങ്ങള്‍ക്ക് കടപ്പാടെന്ന ബോധ്യത്തോടെ അത് വെളിപ്പെടുത്താന്‍ ആര്‍ ബി ഐ അധികൃതര്‍ സന്നദ്ധമാകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest