Connect with us

Kerala

ബേക്കറികളിൽ ഉപയോഗിക്കാൻ കേടായ മുട്ടകൾ എത്തുന്നു

Published

|

Last Updated

ബേക്കറികളിൽ കേക്കിലും മറ്റ് പലഹാരങ്ങളിലും ഉപയോഗിക്കാൻ തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ കേടുള്ള മുട്ടകൾ കേരളത്തിൽ എത്തുന്നു. മലബാറിലെ വിവിധ ജില്ലകളിലെ ബേക്കറികൾക്ക് ഹാച്ചറികളിൽ നിന്നും ഫാമുകളിൽ നിന്നും ഒഴിവാക്കുന്ന മുട്ടകൾ വിൽപ്പനക്കെത്തുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ മാരക രോഗത്തിനിടയാക്കുന്ന മോശമായ മുട്ടകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
ഇതേ തുടർന്ന് മലബാർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദേശം നൽകി. കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന മുട്ട മൊത്ത വിതരണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഒരു ലോഡ് കേടായ മുട്ട പിടികൂടിയതോടെയാണ് തമിഴ്‌നാട്ടിൽ നിന്ന് കേടായ മുട്ടകൾ സംസ്ഥാനത്തെത്തുന്നതിന്റെ വിവരങ്ങൾ ലഭിച്ചത്. പ്രധാന റോഡിൽ നിന്ന് അൽപ്പം ഉൾഭാഗത്തായി പ്രവർത്തിക്കുന്ന മുട്ട വിതരണ കേന്ദ്രത്തിൽ ഇത്തരത്തിൽ 800 ട്രേ മുട്ടകളാണ് സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ കേട് വന്നതും പുഴുവരിക്കുന്നതും പൊട്ടിയതുമായ മുട്ടകൾ കണ്ടെത്തി.

സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. നല്ല മുട്ടയുടെ മാർക്കറ്റ് വിലയുടെ പകുതി വലക്കാണ് ഈ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്ന് കേടായ മുട്ടകൾ മലബാറിലെ വിവിധ ബേക്കറികൾക്ക് വിതരണം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ഉദുമൽ പേട്ടിൽ നിന്നാണ് ഇത്തരത്തിൽ വ്യാപകമായി മോശമായ മുട്ടകൾ എത്തുന്നതെന്ന് കണ്ടെത്തി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുമെന്നതിനാൽ പിടിച്ചെടുത്ത മുട്ടകൾ ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന പൂർത്തിയാക്കി കോഴിക്കോട് കോർപറേഷൻ സംസ്‌കരണ വിഭാഗത്തിൽ സംസ്‌കരിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അകമ്പടിയോടെയാണ് പിടിച്ചെടുത്ത മുട്ടകൾ കോഴിക്കോട് കോർപറേഷൻ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ചത്. മൊത്ത വിതരണ കേന്ദ്രത്തിലെ വിൽപ്പനക്കാരനെതിരെ ഫുഡ്‌സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട്-2006 പ്രകാരം ഭക്ഷ്യസുരക്ഷാ വിഭാഗം നിയമനടപടികൾ ആരംഭിച്ചു.

ഒരു വിതരണക്കാരന് കീഴിൽ രണ്ട് മുട്ട വിതരണ കേന്ദ്രങ്ങൾ രാമനാട്ടുകരയിൽ കണ്ടെത്തി. ഒന്ന് ലൈസൻസോടെ പ്രവർത്തിക്കുന്ന നല്ല മുട്ട വിതരണ കേന്ദ്രവും മറ്റൊന്ന് ലൈസൻസില്ലാതെ കേടായ മുട്ടകൾ സൂക്ഷിക്കുന്ന വിതരണ കേന്ദ്രവും. അര കിലോമീറ്റർ മാറിയാണ് ഇവ സ്ഥിതി ചെയ്യുന്നത്. പ്രധാനമായും കേക്കുകളിൽ കൂട്ടാൻ വേണ്ടിയാണ് ഇത്തരത്തിൽ തമിഴ്‌നാട്ടിൽ നിന്ന് കേടായ മുട്ടകൾ എത്തുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലേക്കാണ് പ്രധാനമായും ഇത്തരത്തിലുള്ള മുട്ടകൾ വിതരണം ചെയ്യുന്നത്. കോഴിക്കോട് അസി. ഫുഡ്‌സേഫ്റ്റി കമ്മീഷണർ ടി കെ ഏലിയാമ്മക്ക് പുറമെ ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. ജോസഫ് കുര്യാക്കോസ്, ഡോ. വിഷ്ണു ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്ഷ്യസുരക്ഷാ വിഭാഗമാണ് മുട്ട വിതരണ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്. ഇത്തരത്തിൽ ആദ്യമായാണ് കേരളത്തിൽ ഭക്ഷ്യവസ്തുക്കളിൽ കൂട്ടാൻ കൊണ്ടുവന്ന കേടായ മുട്ടകൾ പിടികൂടുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറഞ്ഞു.

ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്നത് മരണത്തിന് കാരണമായേക്കാം

കോഴിക്കോട്: കേടായ മുട്ടകൾ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമാകാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിദഗ്ധർ. പ്രോട്ടീനുകൾ ആയ മുട്ടകൾ കേടുവരുമ്പോൾ ബാക്ടീരിയകളും അണുക്കളും പെരുകും. മുട്ട കേട് കൂടാതെ സൂക്ഷിക്കുന്നത് അതിന്റെ മുകളിലുള്ള നേർത്ത ആവരണമാണ്. ഇത് നശിക്കുന്നതോടെയാണ് അണുക്കൾ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം മുട്ടകളിൽ നിന്നുണ്ടാകുന്ന സാൽമെണല്ലോ ഭക്ഷ്യ വിഷബാധ അതിമാരകമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറഞ്ഞു. സാൽമെണല്ലോ ബാക്ടീരിയകളാണ് രോഗത്തിനിടയാക്കുന്നത്. ഇത് മരണകാരണമായേക്കാമെന്ന് വിദഗ്ധർ പറഞ്ഞു.