Connect with us

Editorial

ആശങ്കകള്‍ക്കിടയിലും ഉയര്‍ന്ന പോളിംഗ്‌

Published

|

Last Updated

കൂട്ടായ്മയിലൂടെ കേരളം വീണ്ടും വിജയിച്ചിരിക്കുന്നു. ജനാധിപത്യ മഹോത്സവത്തെ പ്രബുദ്ധ കേരളം ഒരിക്കല്‍ കൂടി ഏറ്റെടുത്തതിന് തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനം. രാവേറെ വൈകിയും പോളിംഗ് ബൂത്തിന് മുന്നില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ വരിനിന്ന കേരളം തിരഞ്ഞെടുപ്പുകളോട് മുഖം തിരിക്കുന്നവര്‍ക്ക് മാതൃകയാകുകയാണ്. തിമിര്‍ത്ത് പെയ്ത മഴയോ മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വന്നതോ ഒരാളെ പോലും പിന്നോട്ടടിപ്പിച്ചില്ല. പല കാര്യത്തിലുമെന്ന പോലെ ഉയര്‍ന്ന ജനാധിപത്യ സാക്ഷരത തന്നെയാണ് പോളിംഗ് ബൂത്തുകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കൂട്ടിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്ക് അനുസരിച്ച് 77.68 ശതമാനമാണ് പോളിംഗ്. അഭിമാനിക്കാവുന്ന ഈ നേട്ടത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും വോട്ടിംഗ് യന്ത്ര തകരാറും വിശ്വാസ്യത തന്നെ ചോദ്യം ചെയ്തുള്ള പരാതികളും ജനങ്ങളില്‍ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചാരണത്തിന്റെ വിളവെടുപ്പായിരുന്നു പോളിംഗ് ദിനം. ആര്‍ക്കാണ് ഇത് അനുകൂലമായതെന്ന് അറിയാന്‍ മെയ് 23വരെ കാത്തിരിക്കണമെങ്കിലും ഉയര്‍ന്ന പോളിംഗ് ശതമാനത്തിലൂടെ ആദ്യ വിജയം നേടാനായെന്ന് എല്ലാവര്‍ക്കും പറയാം. ഉയര്‍ന്ന രാഷ്ട്രീയ സാക്ഷരതയും ഇതിന് കാരണമായിട്ടുണ്ട്. രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി, സീതാറാം യെച്ചൂരി തുടങ്ങി ദേശീയ നേതൃനിരയിലെ പ്രമുഖരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവടക്കമുള്ള സംസ്ഥാന രാഷ്ട്രീയത്തിലെ അതികായരും പൊള്ളുന്ന വേനലിലും തളരാതെ വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിയ സ്ഥാനാര്‍ഥികളും പോസ്റ്ററൊട്ടിച്ചും സ്ലിപ്പുകള്‍ വിതരണം ചെയ്തും താഴെ തട്ടില്‍ പ്രവര്‍ത്തിച്ച അണികളുമെല്ലാം നടത്തിയ പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമാണ് ഇത്രയധികം ആളുകളെ പോളിംഗ് ബൂത്തുകളിലേക്കെത്തിച്ചത്.
നമ്മുടെ രാജ്യം നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളെ ആര് അഡ്രസ് ചെയ്യുമെന്ന ചോദ്യത്തിന് ഓരോ മലയാളിയും ഉത്തരം നല്‍കിയെന്ന് വേണം കരുതാന്‍. ജനാധിപത്യത്തില്‍ ജനങ്ങളാണ് യതാര്‍ഥ ശക്തിയെന്നത് വെറും വാക്കല്ല.പ്രായോഗിക തലത്തിലെ ഇതിന്റെ പ്രകടനമാണ് തിരഞ്ഞെടുപ്പുകള്‍. ആ അര്‍ഥത്തില്‍ ജനങ്ങളുടെ പ്രതിരോധം ആഴത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കൂടിയാണ് ഉയര്‍ന്ന പോളിംഗ് ശതമാനം ബോധ്യപ്പെടുത്തുന്നത്.

ഭരണഘടന തന്നെ മാറ്റിയെഴുതുമോയെന്ന ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു ഇക്കുറിയിലെ തിരഞ്ഞെടുപ്പ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യം. ഫാസിസ്റ്റ് ഭീഷണി ചെറുക്കാന്‍ രാജ്യമാകെ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ പ്രസക്തി വര്‍ധിച്ച കാലം. ഈ ആശങ്കകളും മതേതര മനസുള്ള കേരളം കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്താന്‍ കാരണമായിട്ടുണ്ടെന്ന് വേണം കരുതാന്‍.

അക്രമങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ലാതെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. ബൂത്തുപിടിത്തവും യന്ത്രങ്ങള്‍ നശിപ്പിക്കലും കൈയേറ്റവും ഏറ്റുമുട്ടലുകളുമെല്ലാം മുന്‍കാലങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. ഇത്തവണ ഇതൊന്നുമുണ്ടായില്ല. സമാധാനപരമായി പോളിംഗ് പൂര്‍ത്തീകരിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് സംവിധാനവും വിജയിച്ചത് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ തന്നെ കണ്ടെത്തിയത്. ഇവിടെ ലൈവ് വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തുകയും കൂടുതല്‍ സുരക്ഷ നല്‍കുകയും ചെയ്തിരുന്നു.

ഈ നേട്ടങ്ങളിലെല്ലാം അഭിമാനിക്കുമ്പോഴും വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കരിനിഴല്‍ വീഴ്ത്തിയെന്ന് പറയാതെ വയ്യ. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് രാജ്യവ്യാപകമായി പരാതി നിലനില്‍ക്കുകയും പ്രധാനപ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് സുപ്രീം കോടതിയില്‍ കേസ് നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പിലും പരാതി ഉയര്‍ന്നതെന്ന കാര്യം ഗൗരവമായി കാണേണ്ടതുണ്ട്. തിരുവനന്തപുരത്ത് കോവളത്തും ആലപ്പുഴയിലെ ചേര്‍ത്തലയിലും പോള്‍ ചെയ്ത വോട്ട് ബി ജെ പിക്ക് പോകുന്നുവെന്ന പരാതിയാണ് ഉയര്‍ന്നത്. പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കിയെങ്കിലും ജനങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കിയെന്ന് പറയാതെ വയ്യ. യന്ത്രത്തകരാര്‍ സംഭവിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.

സംസ്ഥാനത്താകെ 38,003 ബാലറ്റ് മെഷീനുകളാണ് ഉപയോഗിച്ചത്. ഇതില്‍ 397 എണ്ണത്തിന് തകരാര്‍ കണ്ടെത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ നല്‍കുന്ന കണക്ക്. 32,579 കണ്‍ട്രോള്‍ യൂനിറ്റുകളില്‍ 338ലും തകരാര്‍ കണ്ടെത്തി. 35,665 വി വി പാറ്റ് മെഷീനുകളില്‍ 840നാണ് തകരാര്‍ സംഭവിച്ചത്. രാജ്യവ്യാപകമായി ആദ്യമായാണ് വി വി പാറ്റ് മെഷീനുകള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. വോട്ടിംഗ് യന്ത്രത്തിന്റെ തന്നെ വിശ്വാസ്യത കൂട്ടാന്‍ വേണ്ടിയാണ് വി വി പാറ്റ് കൊണ്ടുവന്നത്. ഇത്രയധികം മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചത് മുന്നൊരുക്കത്തിലെ പാകപ്പിഴയാണോയെന്ന് പരിശോധിക്കണം. യന്ത്രത്തകരാര്‍ സംഭവിച്ചതില്‍ ദേശീയ ശരാശരിയില്‍ കേരളം പിന്നിലാണെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.

Latest