Connect with us

Ongoing News

സർക്കാറിന്റെ വിമുക്തി പദ്ധതി അവതാളത്തിൽ

Published

|

Last Updated

ലഹരി വർജ്ജനം, ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എക്‌സൈസ് വകുപ്പ് നടപ്പാക്കിയ വിമുക്തി പദ്ധതി അവതാളത്തിൽ. ഇതിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവിട്ടെങ്കിലും ലക്ഷ്യം കാണാനായില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. 2016 ലാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. എന്നാൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് നടത്തുന്ന വ്യാപകമായ തിരച്ചിലിൽ അധികവും പിടിച്ചെടുക്കുന്നത് ലഹരി വസ്തുക്കളാണ്. കേരളത്തിലെ യുവാക്കളെ ലക്ഷ്യം വെച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാപകമായി ലഹരി വസ്തുക്കൾ ഇവിടേക്ക് എത്തുന്നതെന്ന് എക്‌സൈസ് വകുപ്പ് പറയുന്നു.

പ്രതിദിനം കിലോക്കണക്കിന് ലഹരി വസ്തുക്കളാണ് വാളയാർ കടന്ന് കേരളത്തിലേക്ക് എത്തുന്നത്. ഇത് സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുകയാണെന്നാണ് കാണിക്കുന്നത്. അതേസമയം, ലഹരി ഉപഭോഗം കൂടുന്നത് മാത്രമല്ല; ഡീ അഡിക്‌ഷൻ സെന്ററുകളിൽ വിമുക്തി നേടിയവർ എത്രയെന്ന കണക്കും എക്‌സൈസ് വകുപ്പിന്റെ കൈയിലില്ല.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം നിയന്ത്രിക്കാനായി തുടങ്ങിയ പദ്ധതിക്കായി കഴിഞ്ഞ നാല് വർഷം ചെലവിട്ട തുക സംബന്ധിച്ച് എക്‌സൈസ് വകുപ്പ് നൽകിയ മറുപടിയിങ്ങനെ; 201516 85 ലക്ഷം രൂപ, 2016-17 5.91 കോടി രൂപ, 2017-18 3.45 കോടി രൂപ, 2018-19 11.46 കോടി രൂപ. ഡി അഡിക്‌ഷൻ സെന്ററുകളുടെ പ്രവർത്തനം, സ്‌കൂളുകളിലും കോളജുകളിലുമുള്ള ബോധവത്കരണം, മാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഈ പണമെല്ലാം ചെലവിട്ടത്. വൻതുക മുടക്കി ബസുകളടക്കം വാഹനങ്ങളും വാങ്ങി. ഇത്രത്തോളം പണം ചെലവിട്ടിട്ടും കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും വിൽപ്പനയോ ഉപയോഗമോ കുറഞ്ഞില്ലെന്നു മാത്രമല്ല വൻതോതിൽ ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

വിമുക്തി പദ്ധതി തുടങ്ങിയ 2016ൽ 543.34 കിലോ കഞ്ചാവായിരുന്നു പിടികൂടിയതെങ്കിൽ 2017 ൽ ഇത് 1332.35 കിലോയായും 2018ൽ 1883.690 കിലോയായും വർധിച്ചു.

ഹാഷിഷ് ഓയിലിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും കാര്യത്തിലും സമാനമായ വർധനയുണ്ട്. എന്നാൽ പുതു തലമുറയിലെ പ്രത്യേകിച്ച് സ്‌കൂൾ വിദ്യാർഥികളുടെ ലഹരി ഉപയോഗത്തിന്റെ തോത് കുറക്കാൻ വിമുക്തി പദ്ധതി വഴി സാധിച്ചെന്നാണ് എക്‌സൈസ് വകുപ്പിന്റെ വാദം. വിവിധ ജില്ലകളിലെ ഡിഅഡിക്‌ഷൻ സെന്ററുകളിൽ ഇത്തരത്തിലുളള 3332 പേർക്ക് ചികിത്സ നൽകിയെന്നും വകുപ്പ് പറയുന്നു. എന്നാൽ എത്ര പേർ ലഹരി മുക്തി നേടി എന്ന ചോദ്യത്തിന് എക്‌സൈസ് വകുപ്പിന്റെ കൃത്യമായ കണക്കുമില്ല.

സംസ്ഥാനത്ത് യുവാക്കളിലും വിദ്യാർഥികളിലും വർധിച്ചു കൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ ഉപഭോഗം തടയുന്നതിന് ലഹരി വിമുക്തി പദ്ധതി കാര്യക്ഷമമാക്കണമെന്നും അല്ലാതെ റെയ്ഡ് നടത്തി ലഹരിവസ്തുക്കളുടെ വേട്ട നടത്തിയിട്ട് മാത്രം യാതൊരു പ്രയോജനമില്ലെന്നുമാണ് സന്നദ്ധ സംഘടനകളുടെ അഭിപ്രായം.

Latest