Connect with us

Eranakulam

ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കുറ്റപത്രം ഈ മാസം ഒമ്പതിന് സമർപ്പിക്കും

Published

|

Last Updated

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കുറ്റപത്രം പോലിസ് ഈ മാസം ഒമ്പതിന് കോടതിയിൽ സമർപ്പിക്കും. ഇതേതുടർന്ന് സേവ് അവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഇന്ന് എറണാകുളത്ത് സംഘടിപ്പിക്കാനിരുന്ന സമരപ്രഖ്യാപന കൺവെൻഷൻ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

കോട്ടയം എസ് പിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി ലഭിച്ചെന്നും ഒമ്പതിന് കോടതിയിൽ സമർപ്പിക്കുമെന്നുമാണ് പോലീസ് അറിയിച്ചത്. എന്നാൽ ഇന്ന് വൈകീട്ട് എറണാകുളം വഞ്ചി സ്വകയറിൽ വിശദീകരണ യോഗം ചേരുമെന്നും പുതിയ നിലപാടുകൾ പ്രഖ്യാപിക്കുമെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.

ഒമ്പതാം തീയതി വരെ കാത്ത് നിൽക്കുമെന്നും വീണ്ടും വൈകുന്ന സാഹചര്യമുണ്ടായാൽ കന്യാസ്ത്രീകൾ 13 മുതൽ അനിശ്ചിത കാല സമരത്തിനിറങ്ങുമെന്നും സേവ് ഔർ സിസ്റ്റേഴ്സ് കൺവീനർ ഫെലിക്സ് ജെ പുല്ലൂടൻ, ജോയിന്റ് കൺവീനർ ഷൈജു ആന്റണി പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഇക്കഴിഞ്ഞ സെപ്തംബർ 21 നാണ് ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തത്.

മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. 2017 ജൂൺ 27നാണ് കുറവിലങ്ങാട്ടെ മഠത്തിൽ വെച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്.
എന്നാൽ അറസ്റ്റ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെ ബിഷപ്പ് അനുകൂലികൾ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ രംഗത്തു വരികയും ചെയ്തു. കഴിഞ്ഞ മാർച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ കോട്ടയം എസ് പിയെ നേരിട്ടുകണ്ട് കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധം അറിയിച്ചിരുന്നു.