Connect with us

International

മസ്ഹൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം; 'ക്രിയാത്മക പുരോഗതി'യെന്ന് ചൈന

Published

|

Last Updated

ബീജിംഗ്: പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മസ്ഹൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ “ക്രിയാത്മക പുരോഗതി”യുണ്ടെന്ന് അവകാശപ്പെട്ട് ചൈന. അതേസമയം, വിഷയം നേരിട്ട് സുരക്ഷാ കൗണ്‍സിലിലേക്ക് കൊണ്ടുവന്ന അമേരിക്കയുടെ നടപടി മോശം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ചൈനയുടെ നീക്കത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

“മസ്ഹൂദിനെതിരായ പ്രമേയം അവതരിപ്പിക്കപ്പെട്ടതു മുതല്‍ വിഷയത്തില്‍ ക്രിയാത്മക പുരോഗതിയുണ്ടാക്കുന്നതിന് ചൈന വിവിധ കക്ഷികളുമായി അടുത്ത ബന്ധം പുലര്‍ത്തി വരികയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.”
എന്നാല്‍, ക്രിയാത്മക പുരോഗതി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിശദമാക്കാന്‍ അദ്ദേഹം തയാറായില്ല. അത് യു എസിന് നന്നായി അറിയാമെന്നു മാത്രമായിരുന്നു മറുപടി.

കൗണ്‍സിലിന്റെ അല്‍ഖാഇദ ഉപരോധ കമ്മിറ്റിയുടെ 1267ാം ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തെ രണ്ടാഴ്ച മുമ്പ് ചൈന എതിര്‍ത്തിരുന്നു. പിന്നീട് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ സ്വത്തുവഹകള്‍ മരവിപ്പിക്കണമെന്നും യാത്ര, ആയുധ വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 27ന് 15 അംഗ കൗണ്‍സിലില്‍ യു എസ് കരടു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ജയ്ഷ്വ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കഴിഞ്ഞാഴ്ച വരെ ചൈന സ്വീകരിച്ചുപോന്നത്. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളെ നാലുതവണയാണ് യു എന്നില്‍ ചൈന എതിര്‍ത്തത്.