Connect with us

Ongoing News

ലക്ഷ്യം സംസ്ഥാന രാഷ്ട്രീയത്തിലെ ഗതിമാറ്റം

Published

|

Last Updated

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് രാഷ്ട്രീയ ഗതിമാറ്റമാണ് കെ പി സി സി ലക്ഷ്യമിടുന്നത്. സ്ഥാനാർഥി നിർണയത്തിനിടെ രൂക്ഷമായ ഗ്രൂപ്പ് തർക്കവും ഒപ്പം ഘടകകക്ഷികൾ തമ്മിലുള്ള അസ്വാരസ്യങ്ങളുമുൾപ്പെടെ പാർട്ടിക്ക് തിരിച്ചടിയായേക്കാവുന്ന ഘടകങ്ങളെ ഈ തീരുമാനത്തിലൂടെ മാറ്റിയെടുക്കാനാകുമെന്നാണ് കെ പി സി സി കണക്കുകൂട്ടുന്നത്. ഒപ്പം ദേശീയ അധ്യക്ഷൻ മത്സരിക്കാനെത്തുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ മാറ്റിവെച്ച് പാർട്ടി പ്രവർത്തകരും ഘടക കക്ഷികളുമുൾപ്പെടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നതിനാൽ തിരഞ്ഞെടുപ്പ് അനായാസമായി കൈകാര്യം ചെയ്യാനാകുമെന്ന പ്രതീക്ഷയും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ വിഷയങ്ങൾക്കൊപ്പം സംസ്ഥാന വിഷയങ്ങളും ചർച്ച ചെയ്യുമെങ്കിലും സംസ്ഥാന സർക്കാറിനെതിരെ കാര്യമായ ഭരണവിരുദ്ധ വികാരമില്ലെന്നതിനാൽ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ പാർട്ടിക്ക് കൂടുതൽ വിയർക്കേണ്ടി വരും. എന്നാൽ, ദേശീയ അധ്യക്ഷന്റെ സാന്നിധ്യം കേരളത്തിൽ കോൺഗ്രസിനു നൽകുന്ന ഉത്തേജനം ഏറെ വലുതായിരിക്കും. രാഹുൽഗാന്ധിയുടെ സാന്നിധ്യം സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. വയനാടിന്റെ അതിർത്തി പങ്കിടുന്ന തമിഴകത്തും കർണാടകയിലും വരെ അതിന്റെ അലയൊലികൾ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാലതാമസവും ഇക്കാലയളവിൽ ഇടതുപക്ഷം നടത്തിയ മുന്നേറ്റവും ഒറ്റയടിക്ക് മറികടക്കാനാകും. മാത്രമല്ല രാഹുൽ വയനാട്ടിലെത്തുമ്പോൾ പ്രചാരണത്തിന് പ്രിയങ്കയും സോണിയയും ഒരു തവണയെങ്കിലും വയനാട്ടിലെത്തുമെന്നത് കോൺഗ്രസിന് പോസിറ്റീവ് ഊർജം നൽകും. ഇതുവഴി ഇടതുപക്ഷത്തെ തീർത്തും പ്രതിരോധത്തിലാക്കാനാകും. രാഹുലും പ്രിയങ്കയും സോണിയയും കേരളത്തിൽ പ്രചാരണത്തിനെത്തുമ്പോൾ കോൺഗ്രസിനെ പ്രതിരോധിക്കാൻ സി പി എമ്മിനും ഇടതുപക്ഷത്തിനും ആവനാഴിയിൽ നിന്ന് പുത്തൻ ആയുധങ്ങൾ പുറത്തെടുക്കേണ്ടി വരും.

ആരവങ്ങൾക്കിടെ കേരളത്തിലെ ജനസംഖ്യയിൽ 46 ശതമാനം വരുന്ന ന്യൂനപക്ഷത്തെ പരമാവധി കോൺഗ്രസിന് പിന്നിൽ അണിനിരത്താനായാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന് ചെയ്യുന്ന ഗുണം ചെറുതായിരിക്കില്ല. ഇതിനൊക്കെ പുറമെ ദേശീയ അധ്യക്ഷന് പിന്നാലെ ഡൽഹിയിൽ നിന്ന് ഒഴുകിയെത്തുന്ന ഫണ്ടിലും സംസ്ഥാന നേതൃത്വത്തിന് കണ്ണുണ്ടാകും.

ഞാൻ ഹിന്ദുവാണെന്ന് ആവർത്തിച്ചുപറയുന്ന രാഹുൽ കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ ഹിന്ദുക്കളിലും സ്വാധീനം ചെലുത്താനാകുമെന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നു. ശബരിമല പ്രശ്‌നത്തിൽ കോൺഗ്രസിന്റെ നിലപാടിന് പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ക്ഷേത്രങ്ങളെയും മതത്തെയും ഉപയോഗിക്കുന്ന രാഹുലിനെ നേരിടാൻ സി പി എമ്മിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. ബി ജെ പിയുടെ നിലപാടുകളുമായി സാമ്യമുള്ളതാണങ്കിലും ദേശീയതലത്തിൽ കോൺഗ്രസില്ലാതെ ബി ജെ പി വിരുദ്ധ നീക്കം പൂർണമാകില്ലെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷ നേതൃത്വം വയനാട്ടിൽ രാഹുലിനെതിരെ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന ആശയക്കുഴപ്പമാണ് അഭിമുഖീകരിക്കുന്നത്.

ഖാസിം എ ഖാദർ
തിരുവനന്തപുരം

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest