Connect with us

Kozhikode

ഇസ്‌ലാമിന്റേത് സ്‌നേഹത്തിന്റെ ദർശനം: കാന്തപുരം

Published

|

Last Updated

അജ്മീർ ഉറൂസ് സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർഗരീബ് നവാസ് ഖാജാ അനുസ്മരണ പ്രഭാഷണം നടത്തുന്നു

ന്യൂഡൽഹി: ആത്മീയ ഇസ്‌ലാം പഠിപ്പിക്കുന്നത് സ്‌നേഹത്തിന്റെ ദർശനമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അജ്മീറിൽ നടന്ന ശൈഖ് മുഈനുദ്ദീൻ ചിശ്തിയുടെ 807-ാം ഉറൂസിന്റെ സമാപന സമ്മേളനത്തിൽ ഗരീബ് നവാസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിനെതിരെ വരുന്ന മുൻവിധികളെയും വർധിച്ചുവരുന്ന ഇസ്‌ലാം ഭീതിയെയും പ്രതിരോധിക്കാൻ വിശ്വാസികൾ ഓരോരുത്തരും സ്വജീവിതത്തിലൂടെ മതം പഠിപ്പിച്ച തെളിമയാർന്ന മൂല്യങ്ങൾ ആവിഷ്‌കരിക്കണം. ഇന്ത്യയിലെ ആത്മീയ ഇസ്‌ലാമിന്റെ പ്രചാരകനായിരുന്നു അജ്മീർ ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്നത്. എല്ലാ മതവിശ്വാസികൾക്കും ആശ്വാസം തേടി ഇവിടെ സംഗമിക്കാൻ കഴിയുന്നത് അദ്ദേഹം കാണിച്ച സ്‌നേഹത്തിലധിഷ്ഠിതമായ സന്ദേശം കാരണമാണ്.

ഖാജയുടെ അനുയായികൾ ഈ സഹിഷ്ണുതാ മാർഗത്തെയാണ് ജീവിതത്തിൽ പിന്തുടരേണ്ടതെന്ന് കാന്തപുരം പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രധാന വിശ്വാസി കൂട്ടായ്മയായ അജ്മീർ ഉറൂസിലെ ഈ വർഷത്തെ മുഖ്യാതിഥിയായിരുന്നു ഗ്രാൻഡ് മുഫ്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് കാന്തപുരത്തെ വേൾഡ് സൂഫി ഫോറം സെക്രട്ടറി ബാബർ മിയ അശ്റഫ് ലക്നോ വേദിയിൽ വെച്ച് ആദരിച്ചു. അജ്മീർ ദർഗക്കു കീഴിൽ സ്ഥാപിക്കുന്ന ഗരീബ് നവാസ് യൂനിവേഴ്‌സിറ്റി ശിലാസ്ഥാപനവും കാന്തപുരം നിർവഹിച്ചു.

ഉത്തരേന്ത്യയിലെ പ്രമുഖ മത നേതാക്കളായ സയ്യിദ് ബാബു ഗുലാം ഹുസൈൻ, സുഹൈൽ ഖണ്ഡവാനി, സയ്യിദ് ഹമ്മാദ് നിയാസി, മസൂദ് ദാദ, സയ്യിദ് മുഹമ്മദ് നൂറാനി, ഷാ അലി മുഹമ്മദ് ആരിഫ് മിയാൻ, ദർഗ ഭാരവാഹികളായ അമീൻ പഠാൻ, ശാകിൽ അഹ്‌മദ്, സയ്യിദ് ബാബർ അശ്‌റഫ് എന്നിവർ പ്രസംഗിച്ചു.