Connect with us

Ongoing News

ഭീതിയോടെ മര്‍കസിലെ കശ്മീരി വിദ്യാര്‍ഥികള്‍

Published

|

Last Updated

കോഴിക്കോട്: മര്‍കസ് കശ്മീരി ഹോമിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുസമ്മില്‍ അശ്‌റഫ് നാട്ടിലെ വര്‍ത്തമാനങ്ങളോരോന്നും ഭീതിയോടെയാണ് വായിച്ചറിയുന്നത്. കശ്മീരില്‍ തീവ്രവാദിയാക്രമണത്തില്‍ 40ഓളം സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമില്‍ നിന്ന് കൃത്യം മൂന്ന് കിലോമീറ്റര്‍ അകലെയാണവന്റെ പ്രദേശം. അവന്റെ നാനി(വല്യുമ്മ)യും അമ്മാവന്‍മാരുമെല്ലാം താമസിക്കുന്നത് പുല്‍ഗാമിലും. വീട്ടിലെ വിശേഷങ്ങളറിയാന്‍ എല്ലാ ദിവസവും അവന്‍ നാനിയേയും മറ്റും വിളിക്കാറുണ്ട്. അവരുടെ സംസാരത്തില്‍ നിന്ന് ഒരുകാര്യം മനസ്സിലായി. തന്റെ പുല്‍വാം ജില്ലയാകെ പട്ടാളത്തിന്റെ പിടിയിലാണ്. ആരും പുറത്തിറങ്ങുന്നില്ല. അവശ്യ സാധനങ്ങള്‍ വരെ കിട്ടാന്‍ വല്ലാതെ പാടുപെടുന്നു.

കശ്മീരിലെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ മുസമ്മിലിനോട് സംസാരിക്കുന്നതിനിടെ കശ്മീരി ഹോമിലെ മറ്റ് വിദ്യാര്‍ഥികളും കൂടെക്കൂടി. അവരില്‍ മുതിര്‍ന്നവരാണ് എസ് എസ് എല്‍ സിക്കാരായ മഹ്മൂദ് അഹ്മദും അല്‍ത്താഫ് അഹ്മദും. ജമ്മുവിലെ പൂഞ്ച് സ്വദേശികള്‍. ചെറുപ്പം മുതലേ വെടിയൊച്ചയുടെയും കലാപത്തിന്റേയും പുകച്ചുരുളുയരുന്നത് കണ്ടും കേട്ടും വളര്‍ന്നവര്‍. സംസാരത്തിനിടയില്‍ അല്‍ത്താഫും മഹ്മൂദും ഒരു സംഭവം ഓര്‍ത്തെടുത്തു. ഞങ്ങളുടെ വീടിന്റെയടുത്ത് ഒരു കല്യാണ വാഹനം തീവ്രവാദികള്‍ ബോംബ് വെച്ച് തകര്‍ത്തത്. അന്ന് നാട്ടുകാരും കുടുംബാംഗങ്ങളുമായി 12 പേരാണ് മൃത്യുവരിച്ചത്.

42 ഓളം സൈനികര്‍ വധിക്കപ്പെട്ട സംഭവത്തില്‍ കശ്മീരുകാരാണ് പ്രതികളെന്നത് ഞെട്ടലുളവാക്കിയെന്ന് വിദ്യാര്‍ഥികള്‍ ഏക സ്വരത്തില്‍ പറയുന്നു. ഞങ്ങളുടെ നാട്ടുകാരെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. അവരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ കേരളത്തില്‍ നിന്നുള്ള പണ്ഡിതരുടെ ശ്രമം വേണം. മര്‍കസിലെ പഠനം കഴിഞ്ഞ് കശ്മീരിലെത്തിയാല്‍ കേരളത്തിലെ സംസ്‌കാരം അവിടെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമുണ്ടാകും-അല്‍ത്താഫും മഹ്മൂദും പറഞ്ഞു.
ആയിരത്തോളം കശ്മീരികളാണ് ഇതുവരെ മര്‍കസില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുള്ളത്. 90 ശതമാനം പേരും ഉന്നത പഠന മേഖലയില്‍ വിദ്യാഭ്യാസം തുടരുന്നവരും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരും. മര്‍കസിലെ പഠന ശേഷം കശ്മീര്‍ പോലീസിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ആസിഫ് എന്ന പൂര്‍വ വിദ്യാര്‍ഥി രണ്ട് വര്‍ഷം മുമ്പ് തീവ്രവാദിയാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അവര്‍ ഓര്‍ത്തെടുത്തു.
പിന്നെ ഒരു പ്രതിഷേധം ഈ കശ്മീരി കുരുന്നുകള്‍ക്കുണ്ട്. സൈന്യത്തിനു നേരെ നടന്നതടക്കമുള്ള ആക്രമണങ്ങളെയൊന്നും ഭൂരിപക്ഷം കശ്മീരികളും അനുകൂലിക്കുന്നില്ല. അവരെയൊന്നാകെ അക്രമകാരികളും കലാപകാരികളുമാക്കി രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെച്ച് അക്രമിക്കുന്നത് പൊറുക്കാനാവുന്നതല്ല. മേഘാലയ ഗവര്‍ണറടക്കമുള്ള ഉത്തരവാദപ്പെട്ടവര്‍ കശ്മീരിലെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നൊക്കെ പറയുമ്പോള്‍ ഒരു നാടിനെയൊന്നാകെ ശത്രുതയിലേക്ക് തള്ളിവിടുകയാണ്അവര്‍ പാതിയറിയുന്ന മലയാളത്തിലും ഉര്‍ദുവിലുമായി പറഞ്ഞൊപ്പിച്ചു.

കശ്മീരികള്‍ക്ക് വിദ്യാഭ്യാസം നല്‍കി സംസ്‌കാര സമ്പന്നമായ ജീവിതത്തിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യവുമായി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ നിരവധി സംരംഭങ്ങളാണിവിടെ തുടങ്ങിവെച്ചത്. മുപ്പതോളം സ്‌കൂളുകള്‍ക്കും 135 ഓളം മസ്ജിദുകള്‍ക്കും പുറമെ രണ്ട് യതീം ഖാനകളും പ്രവര്‍ത്തിക്കുന്നുണ്ട്. യതീംഖാനകളിലേക്ക് വരാന്‍ സാധിക്കാത്ത കുട്ടികളെ വീട്ടിലിരുത്തി പഠനച്ചെലവ് നല്‍കുന്ന ഓര്‍ഫന്‍കെയര്‍ പദ്ധതിയും മര്‍കസ് ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.

Latest