Connect with us

Articles

കള്ളനെന്ന് വിളിക്കുമ്പോള്‍ കാര്യങ്ങളെ ലഘൂകരിക്കുകയാണ്

Published

|

Last Updated

ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണകള്‍ അട്ടിമറിച്ച് അന്തിമ കരാറുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണയനെന്നും കള്ളനെന്നുമൊക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന അപൂര്‍വം ഭരണകര്‍ത്താക്കളില്‍ ഒരാളാകും നരേന്ദ്ര മോദി. പ്രധാനമന്ത്രിയെ നുണയനെന്നോ കള്ളനെന്നോ വിളിക്കുന്നതില്‍ അനൗചിത്യമുണ്ട്. ആ സ്ഥാനത്തിരിക്കുന്ന വ്യക്തി, കള്ളനും നുണയനുമൊക്കെയാകാമെങ്കിലും ആ വ്യക്തി ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയാണ് എന്നത് അംഗീകരിച്ചേ മതിയാകൂ. മാത്രവുമല്ല, ഏകാധിപത്യ പ്രവണത നിലനിര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം, ഭരണനേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെയൊക്കെ രാജ്യസ്‌നേഹവുമായി ബന്ധിപ്പിച്ച് മാത്രമേ വ്യവഹരിക്കൂ. രാജ്യത്തിന്റെ ഉത്തമ താത്പര്യം മുന്‍നിര്‍ത്തി മാത്രമേ ഭരണനേതൃത്വം തീരുമാനങ്ങളെടുക്കൂവെന്നതിനാല്‍ അതിന്റെ പേരില്‍ നുണയനെന്നോ കള്ളനെന്നോ വിളിക്കുന്നത് രാജ്യദ്രോഹക്കേസില്‍ പ്രതിസ്ഥാനത്താകാന്‍ സാധ്യതയേറിയ ഒന്നാകും.

ഇന്ത്യന്‍ യൂനിയന്റെ അതിരുകളും അതുവഴി പരമാധികാരവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേനക്ക് അടിയന്തരമായി വേണ്ടത് ചുരുങ്ങിയത് 126 പോര്‍ വിമാനങ്ങളാണെന്നാണ് വ്യോമസേനയുടെ 10 വര്‍ഷം മുമ്പത്തെ കണക്ക്. 10 വര്‍ഷത്തിനിടെ തകര്‍ന്നുവീണ പോര്‍ വിമാനങ്ങളുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ആവശ്യമായവയുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ടാകും. 18 വിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയില്‍ നിന്ന് നേരിട്ട് വാങ്ങാനും 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡും ദസോള്‍ട്ടും ചേര്‍ന്നുണ്ടാക്കുന്ന സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണ. അതായത് പോര്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനം കൂടി ഉള്‍ക്കൊള്ളുന്ന സംരംഭത്തിന് കൈമാറ്റം ചെയ്തുകിട്ടും.
2014ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത് വിദേശ സന്ദര്‍ശന സപര്യ ആരംഭിച്ച നരേന്ദ്ര മോദി 2015ല്‍ ഫ്രാന്‍സിലെത്തും വരെയുള്ള ധാരണയായിരുന്നു ഇത്. ആ സന്ദര്‍ശനത്തോടെ ഇന്ത്യ വാങ്ങുന്ന പോര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി പൊടുന്നനെ കുറഞ്ഞു. പോര്‍ വിമാനങ്ങള്‍ക്കൊപ്പം അതിലുപയോഗിക്കാവുന്ന അത്യാധുനിക ആയുധങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനിച്ചു. അതോടെ വിമാനത്തിന്റെ വില പല മടങ്ങായി കൂടി. 126 എണ്ണത്തിന് നല്‍കേണ്ട വിലയേക്കാള്‍ അധികം നല്‍കണം 36 എണ്ണത്തിന് എന്നാണ് പുറത്തുവരുന്ന വിവരം. വിമാന വില പുറത്തുവിടുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യ ഫ്രാന്‍സ് സര്‍ക്കാറുകള്‍ തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് വിലക്കപ്പെട്ടതിനാലും അധികമായി നല്‍കേണ്ടിവരുന്ന തുകയെത്ര എന്ന് പൗരന്‍മാര്‍ക്ക് അറിയാന്‍ നിര്‍വാഹമില്ല. വ്യോമസേനക്ക് ആവശ്യമുള്ളത് വാങ്ങുക എന്നതാണോ പകുതി പോലും വാങ്ങാതിരിക്കുക എന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?

യു പി എ കാലത്തുണ്ടാക്കിയ കരാറനുസരിച്ച് പോര്‍വിമാന നിര്‍മിതിക്കുള്ള സാങ്കേതിക വിദ്യ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിന് കൈമാറിക്കിട്ടുമായിരുന്നു. തദ്ദേശീയമായ സാങ്കേതിക വിദ്യ ഇതിനകം വികസിപ്പിച്ച എച്ച് എ എല്ലിന് റാഫേലിന്റെ സാങ്കേതിക വിദ്യ കൂടി ലഭിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പാകത്തിലേക്ക് വളരാന്‍ സാധിക്കുമായിരുന്നു. വിദൂരമായ ഭാവിയിലെങ്കിലും പോര്‍ വിമാനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിലേക്ക് മുന്നേറാനാകുമായിരുന്നു. അതില്ലാതാക്കി, ദസോള്‍ട്ടിന്റെയും കരാറിന്റെ ഭാഗമായ ഇതര കമ്പനികളുടെയും പങ്കാളിയായി അനില്‍ അംബാനിയുടെ കമ്പനിയെ നിശ്ചയിച്ചപ്പോള്‍ ഇല്ലാതായത് സാങ്കേതിക വിദ്യാ കൈമാറ്റമാണ്. ഈ കമ്പനികളെല്ലാം കൂടി, കരാര്‍ പ്രകാരം, ഇന്ത്യയില്‍ നിക്ഷേപിക്കേണ്ട 30,000 കോടി രൂപ പൊതുമേഖലയില്‍ നിന്ന് അനില്‍ അംബാനിയുടെ കമ്പനിയിലേക്ക് മാറുകയും ചെയ്തു. പൊതുമേഖലാ കമ്പനിയിലേക്ക് വലിയ നിക്ഷേപമെത്തുകയും അവരിലേക്ക് സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുക എന്നതാണോ അനില്‍ അംബാനിയുടെ കമ്പനിയിലേക്ക് നിക്ഷേപം തിരിച്ചുവിടുകയും സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ലാതാക്കപ്പെടുകയും ചെയ്യുക എന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം? സാങ്കേതിക വിദ്യാ കൈമാറ്റം പുതിയ കരാറനുസരിച്ച് സാധ്യമാണെങ്കില്‍ അത്, കടക്കെണിയുടെ പുതിയ ആഴങ്ങള്‍ കണ്ടെത്തി പൊതുമേഖലാ ബേങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുടെ വലുപ്പം കൂട്ടുന്ന അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കാന്‍ തീരുമാനിക്കുന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?

126 പോര്‍ വിമാനങ്ങളെന്നത് 36 ആക്കാനും ഇന്ത്യന്‍ പങ്കാളി സ്ഥാനം അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കാനുമുള്ള തീരുമാനത്തിലേക്ക് നയിച്ച ആലോചനകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഹിച്ച പങ്കിനെക്കുറിച്ച് പുതിയ ആരോപണങ്ങളുണ്ട്. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് ഒരു നയം 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രതിരോധ മന്ത്രാലയം നിയോഗിക്കുന്ന, വിദഗ്ധരടങ്ങിയ കമ്മിറ്റിയാണ് ഉത്പന്ന നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തേണ്ടത്. ഇതനുസരിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ്, സമാന്തരമായ ചര്‍ച്ചകള്‍ ഫ്രഞ്ച് സര്‍ക്കാറുമായി ആരംഭിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സമാന്തര ചര്‍ച്ചകള്‍, ഇന്ത്യന്‍ യൂനിയന്റെ വിലപേശല്‍ സാധ്യതകളെ ഇല്ലാതാക്കുമെന്നും ഉത്പന്നങ്ങളുടെ നിലവാരം സമയബന്ധിതമായ കൈമാറ്റം തുടങ്ങിയവക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. ആ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പ്രധാനമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഓഫീസ് ഇടപെടില്ലെന്നതിനാല്‍ പ്രധാനമന്ത്രി തന്നെ) സമാന്തര ചര്‍ച്ചകളുമായി മുന്നോട്ടുപോയത്. ഇത്തരം കരാറുകളുടെ ആലോചനകളില്‍ ഒരിടത്തും പങ്കില്ലാത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പോലും സമാന്തര ആലോചനകളില്‍ സജീവമായിരുന്നുവെന്നാണ് ആക്ഷേപം.

എന്തായാലും ഫ്രാന്‍സിലെ കമ്പനികള്‍ കരാറനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് അവിടത്തെ സര്‍ക്കാറില്‍ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങാതെ കരാറിലൊപ്പിട്ടു. സംഗതികള്‍ക്ക് മുട്ടുണ്ടാകില്ലെന്നൊരു കത്ത് നല്‍കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ കനിവു കാട്ടി. അതിലപ്പുറം ഉറപ്പ് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നു നരേന്ദ്ര മോദിയും കൂട്ടരും. പൊതുഖജനാവിലെ പണമെടുത്ത് വിദേശ കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ കൊടുക്കുന്ന പണം നമുക്കു മുതലാകും വിധത്തില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുമെന്നും ഇല്ലാത്തപക്ഷം സര്‍ക്കാര്‍ ഇടപെട്ട് കരാര്‍ പാലിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുമെന്നുമുള്ള ഉറപ്പ് രേഖാമൂലം ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് വാങ്ങുന്നതാണോ ഉത്തരവാദിത്വമൊന്നും ഏല്‍ക്കാതെ, കാര്യങ്ങള്‍ മുറപോലെ നടക്കുമെന്നൊരു കത്തുവാങ്ങി പോക്കറ്റിലിട്ട് ഇതിനപ്പുറം ഉറപ്പ് എന്തുവേണമെന്ന് ചോദിക്കുന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?

പോര്‍ വിമാനങ്ങളും അതില്‍ ഘടിപ്പിക്കാവുന്ന ആധുനിക ആയുധങ്ങളും വാങ്ങാനുള്ള സഹസ്ര കോടികളുടെ കരാറാകുമ്പോള്‍ കോഴക്കും കമ്മീഷനുമൊക്കെ സാധ്യത ഏറെയാണ്. ഭരണ ഉദ്യോഗസ്ഥ തലങ്ങളെ അവിഹിതമായി സ്വാധീനിച്ച് നേട്ടമുണ്ടാക്കാന്‍ വിദേശ കമ്പനികള്‍ ശ്രമിക്കാനുള്ള സാധ്യതയും ചെറുതല്ല. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് ഇത്തരം ഇടപാടുകളുടെ കരാറുകളുണ്ടാക്കുമ്പോള്‍ കോഴ, കമ്മീഷന്‍, അവിഹിത ഇടപെടലുകള്‍ തുടങ്ങിയവ തടയാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിരോധ സാമഗ്രികളുടെ വാങ്ങല്‍ നയത്തില്‍ നിര്‍ദേശിച്ചത്. അവ്വിധമുള്ള ശ്രമങ്ങളുണ്ടായാല്‍, അതിന് മുന്‍കൈ എടുത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കരാറില്‍ പങ്കാളികളാകുന്ന സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതാണ് വ്യവസ്ഥ. അതൊഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുകയും വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനമെടുക്കുകയും ചെയ്യുമ്പോള്‍ കോഴയും കമ്മീഷനും കൈമാറ്റം ചെയ്യപ്പെടുന്നുവെങ്കില്‍ ആവട്ടെ എന്ന് വെക്കുകയാണ് ചെയ്യുന്നത്. അവിഹിത ഇടപെടലുകളുണ്ടാകുകയാണെങ്കില്‍ അതും നടക്കട്ടെ എന്നും.
അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച്, അഴിമതി തുടച്ചുനീക്കുകയാണ് തന്റെ അവതാരോദ്ദേശ്യമെന്ന് പ്രഖ്യാപിച്ച്, രാഷ്ട്ര സേവനത്തിനായി കുടുംബം പോലും വേണ്ടെന്നുവെച്ചവനെന്ന് ഗദ്ഗദകണ്ഠനായ നരേന്ദ്ര മോദിയുടെ ഓഫീസ് അഴിമതിക്ക് അവസരമൊരുക്കും വിധത്തില്‍ കരാറില്‍ മാറ്റം വരുത്തുന്നത് രാജ്യത്തിന്റെ ഉത്തമ താത്പര്യമാണോ? രണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ ഇടപാട് നടത്തുമ്പോള്‍ പതിവ് മാനദണ്ഡങ്ങളൊക്കെ പാലിച്ചുകൊള്ളണമെന്നില്ലെന്ന പ്രതിരോധ സാമഗ്രികളുടെ വാങ്ങല്‍ നയത്തിലെ നിര്‍ദേശം ഉയര്‍ത്തിക്കാട്ടി അഴിമതി തടയാനുള്ള വ്യവസ്ഥ ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നത് രാജ്യത്തിന്റെ ഉത്തമ താത്പര്യമാണോ?

ദസോള്‍ട്ട് അടക്കമുള്ള കമ്പനികള്‍ കരാറനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് രേഖാമൂലം വാങ്ങാത്ത സാഹചര്യത്തില്‍ കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കുന്നത് ഒഴിവാക്കണമെന്ന ഒരു നിര്‍ദേശം കേന്ദ്ര ധനസെക്രട്ടറി മുന്നോട്ടുവെച്ചു. പണം ഫ്രഞ്ച് സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് നല്‍കുകയും അവരത് കമ്പനികള്‍ക്ക് കൈമാറുകയും ചെയ്യുന്ന വിധത്തില്‍ ക്രമീകരണം വേണമെന്നായിരുന്നു നിര്‍ദേശം. കരാറിന്റെ കാര്യത്തില്‍ അങ്ങനെയെങ്കിലുമൊരു ഉത്തരവാദിത്വം ഫ്രഞ്ച് സര്‍ക്കാറിനുണ്ടാകട്ടെ എന്ന ആഗ്രഹമായിരുന്നു ധനവകുപ്പ് സെക്രട്ടറിക്ക്. അത് വേണ്ടെന്നുവെച്ച് കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കാന്‍ തീരുമാനിച്ചതിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായെന്നാണ് ആരോപണം. കരാറനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്ന് ഉറപ്പിക്കുന്നതില്‍ ഫ്രഞ്ച് സര്‍ക്കാറിനൊരു ഉത്തരവാദിത്വം നല്‍കുന്നതാണോ അത്തരമൊരു ഉത്തരവാദിത്വം അവര്‍ക്ക് നല്‍കാതിരിക്കുന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?
ഇക്കാര്യങ്ങളില്‍ രാജ്യത്തിന്റെ ഉത്തമ താത്പര്യം കണക്കിലെടുത്താണ് പ്രവര്‍ത്തിച്ചതെന്ന് വസ്തുതകള്‍ നിരത്തി സ്ഥാപിക്കാന്‍ നരേന്ദ്ര മോദിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാറിനോ അതിനെ നയിക്കുന്ന പാര്‍ട്ടിയായ ബി ജെ പിക്കോ ഇവരെയാകെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിനോ സാധിച്ചിട്ടില്ല. റാഫേല്‍ കരാര്‍ രഹസ്യമാക്കിവെക്കുന്നതിലാണ് രാജ്യസുരക്ഷയെന്ന് ആവര്‍ത്തിക്കുകയും രാജ്യ സുരക്ഷയെ അപകടപ്പെടുത്താന്‍ ലക്ഷ്യമിടുന്നവരാണ് കരാറിനെക്കുറിച്ച് ആക്ഷേപമുന്നയിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയുമാണ് പതിവ്. അതങ്ങനെ തുടരും. ഉത്തരം മുട്ടുമ്പോള്‍ രാജ്യസുരക്ഷയെന്ന കൊഞ്ഞനം.

ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ ഉത്തമ താത്പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കുന്നവരെ നുണയനെന്നോ കള്ളനെന്നോ വിളിക്കാനില്ല. അങ്ങനെ വിളിച്ച് രാജ്യദ്രോഹിപ്പട്ടം സ്വന്തമാക്കുന്നത് വിഡ്ഢിത്തമാകും. പക്ഷേ, രാജ്യത്തിന്റെ ഉത്തമ താത്പര്യങ്ങളെ പാടെ വിഗണിച്ച് മാത്രം തീരുമാനമെടുക്കുന്ന ഭരണാധികാരിയെയോ? നുണയനെന്നോ കള്ളനെന്നോ വിളിച്ച് ലഘൂകരിക്കരുത്!

രാജീവ് ശങ്കരന്‍

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest