Connect with us

National

മമതയുടെ ധര്‍ണയില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രം നടപടിയെടുത്തേക്കും

Published

|

Last Updated

കൊല്‍ക്കത്ത: ചിട്ടി തട്ടിപ്പു കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സി ബി ഐ എത്തിയതില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാറിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമരത്തില്‍ പങ്കാളികളായെന്നു കാണിച്ചാണ് നടപടിക്കു നീക്കം നടക്കുന്നത്.

ബംഗാള്‍ ഡി ജി പി. വീരേന്ദ്ര, എ ഡി ജി പിമാരായ വിനീത്കുമാര്‍ ഗോയല്‍, അനൂജ് ശര്‍മ, കമ്മീഷണര്‍ ഗിയാന്‍വന്ദ് സിംഗ്, എ സി പി. സുപ്രദീം ധര്‍ക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇവരുടെ സര്‍വീസ് മെഡലുകള്‍ തിരിച്ചെടുക്കാനും കേന്ദ്ര സര്‍വീസില്‍ നിന്ന് ഒഴിവാക്കാനും ആലോചന.

ചിട്ടി തട്ടിപ്പു കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സി ബി ഐ എത്തിയതോടെയാണ് മമത സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്. സി ബി ഐ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കേന്ദ്രം രാജ്യത്തെ ഫെഡറലിസം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് മമത ധര്‍ണ നടത്തുകയുമായിരുന്നു.

Latest