Connect with us

National

അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് ഇറങ്ങാന്‍ അനുമതിയില്ല; രഥയാത്രക്ക് പിന്നാലെ ബിജെപി റാലിയും പൂട്ടാനൊരുങ്ങി മമത

Published

|

Last Updated

കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ബിജെപി റാലിയും തടയാനുള്ള നീക്കങ്ങളുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. റാലിയില്‍ പങ്കെടുക്കാനെത്തുന്ന അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാല്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി ജില്ലാ ഭരണകൂടം നിഷേധിച്ചു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ ആഴ്ച ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് വിശദീകരണം.

സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ബംഗാളില്‍ ബി.ജെ.പിയുടെ റാലി തടയാന്‍ മമതക്ക് കഴിയില്ലെന്നും സര്‍ക്കാറിന്റെ ഹെലിക്കോപ്റ്ററുകള്‍ എല്ലാ ബുധനാഴ്ചയും ഇവിടെ ഇറങ്ങുന്നുണ്ടെന്നും ഇക്കാര്യം വിശദീകരിക്കണമെന്നും ബി.ജെ.പി വ്യക്തമാക്കി.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ തുടരാന്‍ അനുവദിക്കില്ലെന്ന ഉറച്ച മുദ്രാവാക്യമുയര്‍ത്തി കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിപക്ഷ ഐക്യ റാലി വന്‍ വിജയമായിരുന്നു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ രണ്ട് ഡസനിലധികം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് പങ്കെടുത്തത്.

കേന്ദ്ര സര്‍ക്കാറിന്റെ കാലാവധി പിന്നിട്ടുകഴിഞ്ഞുവെന്നും പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ച ശേഷം നമ്മള്‍ വീണ്ടും ഈ മൈതാനത്ത് കാണുമെന്നും യുനൈറ്റഡ് ഇന്ത്യാ റാലിയില്‍ മമതാ ബാനര്‍ജി പറഞ്ഞിരുന്നു. പ്രതിപക്ഷ ഐക്യറാലി വന്‍വിജയമായതിനു പിന്നാലെയാണ് 42 മണ്ഡലങ്ങളിലും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.