Connect with us

Editorial

ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റത്തിന്റെ തുടക്കം

Published

|

Last Updated

ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്നും അന്നേ ദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും പൊതുവാഹനങ്ങള്‍ ഓടിക്കണമെന്നും വ്യാപാരികളും ബസുടമകളും തീരുമാനിച്ചതിന് ശേഷമുള്ള ആദ്യത്തെ ഹര്‍ത്താലായിരുന്നു ഇന്നലെ. ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ ഈ തീരുമാനം വ്യാപകമായി നടപ്പായില്ലെങ്കിലും ഭാഗികമായെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നത് ഹര്‍ത്താല്‍ കൊണ്ട് പൊറുതിമുട്ടിയ കേരളീയരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. പൊലീസ് സംരക്ഷണത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ്‌വേയിലും മലപ്പുറത്തും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുണ്ടായി. കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ കടയാണ് ആദ്യം തുറന്നത്. തുടര്‍ന്നു വ്യാപാരികള്‍ സംഘടിച്ചിറങ്ങി മറ്റു കടകളും തുറന്നു.

ഹര്‍ത്താലാഹ്വാനത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞു മലപ്പുറം നഗരം. ഇവിടെ പ്രധാന ടൗണുകളായ കുന്നുമ്മലും കോട്ടപ്പടിയും രാവിലെ മുതല്‍ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിച്ചു. ബസുുകളടക്കം സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഓടുകയും ചെയ്തു. ആശുപത്രികളെയും സര്‍ക്കാര്‍ ഓഫീസുകളെയും ഹര്‍ത്താല്‍ ബാധിച്ചില്ല. എല്ലാം സാധാരണ നിലയിലായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലും മിക്ക ജീവനക്കാരും ജോലിക്കെത്തി. എവിടെയും ഒരാള്‍ക്കും മാര്‍ഗ തടസ്സമുണ്ടായില്ല. പ്രകടനം നടത്താന്‍ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ പുറത്തിറങ്ങിയില്ല. മറ്റിടങ്ങളില്‍ പൊതുവാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ലെങ്കിലും സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഓടി. ചില സ്ഥലങ്ങളില്‍ പോലീസ് സംരക്ഷണത്തില്‍ കെ എസ് ആര്‍ ടി സിയും സര്‍വീസ് നടത്തി.

ഹര്‍ത്താലിനെതിരെ ഭരണതലത്തിലും ശക്തമായ നീക്കം ആരംഭിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ഹര്‍ത്താലിന്റെ മറവില്‍ അക്രമം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ പോലീസ് നടപടി യുമുണ്ടായി. 344 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു മുന്നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ക്കെതിരെ കനത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് തീരുമാനം. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധനയും ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായുള്ള പരിശോധനകളും നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല യുവതീ പ്രവേശനത്തിനനുകൂലമായ കോടതി വിധിയെ തുടര്‍ന്ന് സംഘപരിവാര്‍ നടത്തുന്ന തുടര്‍ച്ചയായ ഹര്‍ത്താലാഹ്വാനമാണ് ഈ സമരത്തെ പരജായപ്പെടുത്താനുള്ള ചിന്ത വ്യപാരി,വ്യവസായി സമൂഹത്തിലും ഭരണതലത്തിലും ഉടലെടുത്തത്. ഗുരുതരമായ വിഷയങ്ങളെ ചൊല്ലിയാണ് മുമ്പൊക്കെ ഹര്‍ത്താല്‍ പ്രയോഗിച്ചിരുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ തങ്ങള്‍ക്കേറ്റ രാഷ്ട്രീയമായ പരാജയത്തിന്റെ ജാള്യതക്ക് മറയിടാനാണ് സംഘ്പരിവാര്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തിയത്. യുവതീപ്രവേശനത്തിനെതിരെ സംഘ്പരിവാര്‍ ഒരുക്കിയ ശക്തമായ പ്രതിരോധം ഭേദിച്ചു ബുധനാഴ്ച പുലര്‍ച്ചെ കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയത് ബി ജെ പി നേതൃത്വത്തിനേല്‍പിച്ചത് കനത്ത ആഘാതമായിരുന്നു. യുവതികള്‍ക്ക് ശബരിമല ദര്‍ശനം അനുവദിക്കണമെന്ന കോടതി വിധി നടപ്പാക്കാനുള്ള ഇടതു മുന്നണിയുടെ പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ വിജയം കൂടിയാണിത്. അന്താരാഷ്ട്രത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട ഈ സംഭവം ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കും രാഷ്ട്രീയ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് നിരീക്ഷക പക്ഷം. ഇതിലുള്ള രോഷപ്രകടനമാണ് ഇന്നലെ ബി ജെ പിയും ആര്‍ എസ് എസും നടത്തിയ വ്യാപകമായ ആക്രമണത്തിലൂടെ പ്രകടമായത്. സംസ്ഥാനത്തുടനീളം നിരവധി കെ എസ്ആര്‍ ടി സി ബസുകളും സി പി എം ഓഫീസുകളും സ്ഥാപനങ്ങളും കല്ലെറിഞ്ഞു തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. റോഡുകളില്‍ ടയറുകള്‍ കത്തിച്ചു.

ദേശീയപാതകളുള്‍പ്പെടെയുള്ള റോഡുളില്‍ അതിരാവിലെ തന്നെ തമ്പടിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്കു നേരെയും ഭീഷണിയും അക്രമവും അഴിച്ചുവിട്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലിസിന് പലയിടത്തും ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിക്കേണ്ടിവന്നു. സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച വാര്‍ത്ത പുറത്തു വന്നതോടെ ബുധനാഴ്ചയും ഇവര്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
യുവതീ പ്രവേശനത്തിന് വഴിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കും വരെ അക്രമ സമരം തുടരുമെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്. ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് സമരമെങ്കിലും ഭരണാധികാരികള്‍ ചെയ്യുന്ന തെറ്റിന് ചിലപ്പോള്‍ ജനങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് അവര്‍ പറഞ്ഞത്. ഭക്തജനങ്ങളുടെ വികാരം ആളിക്കത്തിച്ച് സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കേരളത്തില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുകയാണ് ബി ജെ പി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇടതുപക്ഷത്തിനല്ല, ബി ജെ പിക്ക് തന്നെയാണ് ഈ അക്രമ സമരം പരിക്കേല്‍പിക്കുകയെന്നാണ് ശക്തിപ്പെട്ടു വരുന്ന ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ വിരല്‍ വ്യക്തമാക്കുന്നത്.

Latest