Ongoing News
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളീയ സമൂഹം ഇന്ന് ഇന്ത്യയിലെ എറ്റവും ജനാധിപത്യപരമായ ഒരു സമൂഹമായി വികസിച്ചതിനു പിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തമുണ്ട്. ഇവിടെ നിലനിന്ന ഫ്യൂഡലിസം ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന നിലയിലാണ് ഉണ്ടായിരുന്നത്. ജന്മിത്വ സമ്പ്രദായം വിവിധ തരത്തില്‍ ജനങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്നു. സ്വാഭാവികമായും അതിനെതിരായി വ്യത്യസ്ത തലത്തിലുള്ള ചെറുത്തുനില്‍പ്പുകള്‍ രൂപപ്പെടാന്‍ തുടങ്ങി. വ്യക്തികളും അവരുടെ ചെറിയ കൂട്ടായ്മകളും സംഘടിപ്പിച്ച ചെറുത്തുനില്‍പ്പായിരുന്നു ആദ്യ ഘട്ടത്തില്‍ രൂപപ്പെട്ടുവന്നത്.
ഹിന്ദു ജനവിഭാഗത്തിനിടയില്‍ ജാതീയമായ അടിച്ചമര്‍ത്തലുകളെയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായുള്ള സമരമായാണ് അത് വളര്‍ന്നുവന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ നാമ്പുകള്‍ ഇവിടെ വെച്ചാണ് മുളച്ചുവരുന്നത്. തെക്കന്‍ കേരളത്തില്‍ അയ്യാ വൈകുണ്ഠന്‍ നടത്തിയ ഇടപെടല്‍ ഇത്തരത്തിലുള്ള ഒന്നായിരുന്നു. ആ പ്രദേശത്തെ ജനവിഭാഗങ്ങളെ സ്വാധീനിക്കുന്ന തരത്തിലാണ് അത് വളര്‍ന്നുവന്നത്. മേല്‍മുണ്ട് ധരിക്കുക എന്നത് ജന്മാവകാശമാണെന്ന് പ്രസ്താവിച്ചുകൊണ്ട് അത് വിലക്കുന്ന വ്യവസ്ഥക്കെതിരായി പ്രക്ഷോഭം സംഘടിപ്പിക്കുകയും കരം കൊടുക്കുന്നവരെ ശക്തമായി അപലപിക്കുകയും ചെയ്തു. ജയിലിനകത്ത് കിടക്കേണ്ട സാഹചര്യം പോലും അവര്‍ക്കുണ്ടായി.
ആറാട്ടുപുഴ വേലായുധപണിക്കരെപ്പോലെ അക്കാലത്ത് ഉയര്‍ന്നുവന്നവര്‍ക്കാവട്ടെ നവോത്ഥാനപരമായ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചതിന്റെ പേരില്‍ സ്വന്തം ജീവിതം തന്നെ സമര്‍പ്പിക്കേണ്ടിവരികയും ചെയ്തു. തന്റെ കുടുംബക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി. അച്ചിപ്പുടവ ധരിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ പോലുള്ളവ അദ്ദേഹം സംഘടിപ്പിച്ചു. നവോത്ഥാനപരമായ ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക എന്നത് ആദ്യ കാലത്ത് ജീവന്‍ പോലും നഷ്ടപ്പെടാവുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇത്തരം പാരമ്പര്യങ്ങളെ പുതുതലമുറക്ക് മനസ്സിലാക്കാന്‍ പറ്റുന്ന തരത്തില്‍ നമ്മുടെ പഠനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചട്ടമ്പിസ്വാമികള്‍ നായര്‍ സമുദായത്തില്‍ നിലനിന്ന നിരവധി അനാചാരങ്ങള്‍ക്കെതിരെ പൊരുതിയിട്ടുണ്ട്. വിഗ്രഹ പ്രതിഷ്ഠയും വേദപഠനവും ക്ഷേത്രാരാധനയും ബ്രാഹ്മണരുടെ മാത്രം അവകാശമാണെന്ന കാഴ്ചപ്പാടുകളെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗപ്രവേശനം ചെയ്തു. സ്ത്രീ -പുരുഷ സമത്വത്തെ നവോത്ഥാനത്തിന്റെ ഒരു പ്രധാന പ്രശ്‌നമായി ഉന്നയിക്കുന്നതും ചട്ടമ്പിസ്വാമികളാണ്.
നവോത്ഥാനപരമായ ആശയങ്ങള്‍ സംസ്ഥാനത്തെയാകമാനം സ്വാധീനിക്കുന്ന ഒന്നായി മാറുന്നത്, ശ്രീനാരായണഗുരുവിന്റെ രംഗപ്രവേശനത്തോടെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നവോത്ഥാന ആശയങ്ങള്‍ ഒരു മഹാപ്രസ്ഥാനമായി രൂപപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല, സിലോണിലേക്ക് വരെ നേരിട്ട് ചെന്ന് ഇടപെടുന്ന രീതി അദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്നു. ജാതീയമായ അവശതകള്‍ക്കെതിരായി പൊരുതുകയും എല്ലാ മതങ്ങളും ഒന്നാണെന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടും ശ്രീനാരായണ ഗുരുവിന്റെ ഇടപെടല്‍ കേരളത്തെ ജനാധിപത്യവത്കരിക്കാനുള്ള പ്രവര്‍ത്തനത്തിന് നല്‍കിയ സംഭാവന വളരെ വലുതാണ്. ശ്രീനാരായണ പ്രസ്ഥാനത്തിന് ശേഷം അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1905 ല്‍ രൂപപ്പെട്ടുവന്ന സാധുജനപരിപാലന സംഘവും, പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ പ്രശ്‌നമുള്‍പ്പെടെ മുന്നോട്ടുവച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി വില്ലുവണ്ടിയില്‍ യാത്ര ചെയ്തും വസ്ത്രധാരണത്തില്‍ ഉണ്ടാക്കിയ നിയന്ത്രണങ്ങളെ എതിര്‍ത്തും അയ്യങ്കാളി നടത്തിയ പ്രക്ഷോഭം ശ്രദ്ധേയമായ ഒന്നായിരുന്നു.
അടിച്ചമര്‍ത്തപ്പെട്ടവര്‍
തലയുയര്‍ത്തിയ നാളുകള്‍
ഈ കാലഘട്ടത്തില്‍ ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിച്ചുകൊണ്ട് അവരുടെ അവശതകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നുണ്ടായിരുന്നു. 1912ല്‍ കൊച്ചിയിലെ പുലയ വിഭാഗം വെണ്ടുരുത്തി കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ സമ്മേളിച്ച് മുന്നോട്ടുവരുന്ന സ്ഥിതിയുണ്ടായി. കൃഷ്ണാദി ആശാനും കെ പി കറുപ്പനും ഈ മേഖലയില്‍ സജീവമായി ഇടപെട്ടു. 1910 ല്‍ തന്നെ കെ പി കറുപ്പന്റെ ശ്രമഫലമായി വാല സമുദായ പരിഷ്‌കരണ സഭ രൂപംകൊണ്ടു. പിന്നീട് നിരവധി ഇത്തരം സംഘടനകള്‍ രൂപീകരിക്കുന്നതിന് കെ.പി കറുപ്പന്‍ നേതൃത്വം നല്‍കുകയും ചെയ്തു.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്‍മാരില്‍ പ്രധാനിയാണ് സഹോദരന്‍ അയ്യപ്പന്‍. ശ്രീനാരായണ ഗുരു മുന്നോട്ടു#െവച്ച പാതയിലൂടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട സഹോദര പ്രസ്ഥാനം മിശ്രഭോജനം ഉള്‍പ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടുവന്നു. മിശ്രഭോജന സംരംഭം പോലുള്ളവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. നവോത്ഥാന മുന്നേറ്റത്തില്‍ സംഭാവന ചെയ്ത നിരവധി പേരുണ്ട്. വാഗ്ഭടാനന്ദന്‍, പണ്ഡിറ്റ് കറുപ്പന്‍, ആനന്ദതീര്‍ത്ഥന്‍, ബ്രഹ്മാനന്ദ ശിവയോഗി, വേലുക്കുട്ടി അരയന്‍ തുടങ്ങിയ നിരവധി പേരുണ്ട്. ആലപ്പുഴയിലെ നങ്ങേലിയെ നമുക്ക് ഓര്‍ക്കാതിരിക്കാനാവില്ല. മുലക്കരം പിരിക്കാനെത്തിയവര്‍ക്കു മുമ്പില്‍ ഇല വിരിച്ച് മാറിടം ഛേദിച്ച് നല്‍കുകയായിരുന്നു അവര്‍. സ്വാഭാവികമായും രക്തം വാര്‍ന്ന് അവര്‍ മരിച്ചു. ഭാര്യയുടെ ചിതയില്‍ ഭര്‍ത്താവ് കണ്ടനും എരിഞ്ഞൊടുങ്ങി. ഇങ്ങനെ എന്തെല്ലാം അധ്യായങ്ങള്‍ പിന്നിട്ടാണ് നാം ഇവിടെ എത്തിയിട്ടുള്ളത്.
നവോത്ഥാനം: ഇവിടെയും
ഉത്തരേന്ത്യയിലും
ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുവരുന്നത് അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നായിരുന്നുവെന്നതാണ്. പിന്നീട് അത് മറ്റു വിഭാഗങ്ങളിലേക്ക് വരികയായിരുന്നു. ഉത്തരേന്ത്യന്‍ നവോത്ഥാന പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇതാണ്. അവിടെ സവര്‍ണ വിഭാഗങ്ങളില്‍ നിന്നാണ് അവ ആരംഭിച്ചതും മുന്നോട്ടുപോയതും.
സവര്‍ണ വിഭാഗങ്ങള്‍ക്കിടയിലും ഇത്തരം ആശയഗതികള്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. 1907ല്‍ നമ്പൂതിരിമാരുടെ യോഗക്ഷേമസഭ രൂപവത്കൃതമായി. കീഴാള വിഭാഗത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതിക്കെതിരെയും അതുമായി ബന്ധപ്പെട്ട അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെയാണ് ശബ്ദിച്ചതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി നമ്പൂതിരി വിഭാഗത്തിനകത്തെ തെറ്റായ ജീവിതക്രമങ്ങള്‍ക്കെതിരായിരുന്നു യോഗക്ഷേമ സഭ പ്രവര്‍ത്തിച്ചത്. കൂട്ടുകുടുംബ വ്യവസ്ഥ അവസാനിപ്പിച്ച് കുടുംബ ഭാഗം അനുവദിക്കുക, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് നമ്പൂതിരി യുവാക്കളെ ആകര്‍ഷിക്കുക തുടങ്ങിയവയായിരുന്നു അവര്‍ മുന്നോട്ടുവച്ചത്.ഇതിനകത്ത് രൂപംകൊണ്ട ഉണ്ണി നമ്പൂതിരി പ്രസ്ഥാനം കുറേക്കൂടി പുരോഗമനപരമായ കാഴ്ചപ്പാടുകളും മുന്നോട്ടുവച്ചു. വിധവ വിവാഹം അനുവദിക്കുക, ഘോഷ ബഹിഷ്‌ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളും മുന്നോട്ടുവരികയുണ്ടായി.നായര്‍ വിഭാഗത്തിനിടയില്‍ ഉയര്‍ന്നുവന്ന സമരങ്ങള്‍ പലതും നമ്പൂതിരിമാരുടെ ആധിപത്യങ്ങള്‍ക്കെതിരായുള്ള ഇടപെടലായിരുന്നു. നായര്‍ സ്ത്രീകളില്‍ ബ്രാഹ്മണര്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ അച്ഛന് മകനെ തൊടാനോ മകന് അച്ഛനെ തൊടാനോ ഉള്ള അവകാശം ഉണ്ടായിരുന്നില്ല. ഇത്തരം അനീതികള്‍ക്കെതിരായാണ് മന്നത്ത് പത്മനാഭനെപ്പോലെയുള്ളവര്‍ പോരാട്ടം നടത്തിയത്. ബ്രാഹ്മണ്യത്തിന്റെ ഇത്തരം രീതികളില്‍ നിന്ന് മോചനം നേടുക, വിവാഹ സമ്പ്രദായം പരിഷ്‌കരിക്കുക, ഒരാളുടെ സ്വത്തില്‍ അയാളുടെ ഭാര്യക്കും അവകാശം നല്‍കുക, വിവാഹം നിയമാനുസൃതമാക്കുക തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു.
പരമ്പരാഗതമായി ചാതുര്‍വര്‍ണ്യ വ്യവസ്ഥക്ക് അകത്ത് ഉത്തരേന്ത്യയില്‍ നിലനിന്നതുപോലുള്ള വൈശ്യ വിഭാഗങ്ങള്‍ കേരളത്തില്‍ ഏറെ ഉണ്ടായിരുന്നില്ല. മതന്യൂനപക്ഷ വിഭാഗങ്ങള്‍ ഇത്തരമൊരു കടമ നിര്‍വഹിച്ചുകൊണ്ട് സമൂഹത്തില്‍ പ്രവര്‍ത്തിച്ചുവെന്നതും നമ്മുടെ സവിശേഷതയായിരുന്നു. ഇങ്ങനെ മതനിരപേക്ഷവും നവോത്ഥാനപരവുമായ ഒരു പാരമ്പര്യത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ വികാസം രൂപപ്പെട്ടുവരുന്നത്.
ദേശീയ പ്രസ്ഥാനവും നവോത്ഥാനവും
നവോത്ഥാനപരമായ കാഴ്ചപ്പാടുകളെ ദേശീയ പ്രസ്ഥാനം ഏറ്റെടുക്കുകയുണ്ടായി. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചവര്‍ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായതോടെ ഇത്തരമൊരു ചിന്താഗതി അതിന്റെ ഭാഗമായും മാറി. ടി കെ മാധവനാണ് നവോത്ഥാന പ്രസ്ഥാനത്തെയും ദേശീയ പ്രസ്ഥാനത്തെയും പരസ്പരം കണ്ണിചേര്‍ത്തുള്ള ഇടപെടലിന് നേതൃത്വം നല്‍കിയത്. വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്ര പ്രാധാന്യവും ഇത് തന്നെയാണ്.
ദേശീയ പ്രസ്ഥാനത്തിലെ ഇടതുപക്ഷ ധാരകള്‍ സജീവമായതോടെ ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ ചലനാത്മകമായിത്തീര്‍ന്നു. ഗുരുവായൂര്‍ സത്യാഗ്രഹം പോലുള്ളവ രൂപപ്പെട്ടുവരുന്നതും ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ്. കര്‍ഷക – തൊഴിലാളി പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചതോടെ ഇത്തരം മുദ്രാവാക്യങ്ങള്‍ അവരും ഏറ്റെടുത്തുതുടങ്ങി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലാവട്ടെ പാലിയം സമരം പോലുള്ളവയും നടത്തി. ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന് വിവിധ ജാതി വിഭാഗങ്ങളെയാകമാനം മാറ്റിമറിച്ച സമഗ്രമായ മുന്നേറ്റമായിരുന്നു നവോത്ഥാനം എന്ന് കാണാം. അതിന്റെ പ്രവാഹത്തില്‍ മാറ്റം വരാതെ പോയ ഒരു വിഭാഗവും കേരളത്തിലില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. വസ്തുത അതാണ്.
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ തുടര്‍ച്ചയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീട് നടക്കുകയുണ്ടായി. നവോത്ഥാനം ജാതി മേധാവിത്വത്തിനെതിരായാണ് പൊരുതിയതെങ്കില്‍ അതിന്റെ സാമ്പത്തികഘടനയായ ജന്മിത്വത്തിനും രാഷ്ട്രീയ ഘടനയായ നാടുവാഴിത്തത്തിനും എതിരായ പ്രക്ഷോഭങ്ങളുമായി കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നു. ജന്മിത്വത്തിന്റെ സാംസ്‌കാരിക രൂപങ്ങള്‍ക്കെതിരായുള്ള സമരത്തെ അതിന്റെ സാമ്പത്തിക അടിത്തറ്‌ക്കെതിരായുള്ള സമരം കൂടിയായി രൂപപ്പെടുത്താന്‍ തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമായി. അതിന്റെ ഫലമായി 1957ല്‍ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ഭൂപരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അങ്ങനെ ജന്മിത്വത്തിന്റെ സാംസ്‌കാരിക രൂപത്തിനെതിരായുള്ള സമരം സാമ്പത്തിക-രാഷ്ട്രീയ ഘടനയ്‌ക്കെതിരായുള്ള ഒന്നായി കേരളത്തില്‍ മാറി. ഈ കണ്ണിചേര്‍ക്കലാണ് കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയത്.
ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി അടിസ്ഥാന വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന കേരളത്തേക്കാള്‍ ശക്തമായ നവോത്ഥാന പ്രസ്ഥാനം തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് കേരളത്തെ പോലെയൊരു ജനാധിപത്യ സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്? നവോത്ഥാന മൂല്യങ്ങളെ വര്‍ഗപരമായ കാഴ്ചപ്പാടുമായി കണ്ണിചേര്‍ത്തുകൊണ്ട് ഇടപെടുന്ന മുന്നേറ്റങ്ങള്‍ തുടര്‍ച്ചയില്‍ ഇല്ലാത്തതാണ് കാരണമെന്ന് കാണാം.
നവോത്ഥാനവും
വര്‍ത്തമാന കാലവും
വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യകതകളെക്കൂടി കണക്കിലെടുത്തുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കഴിയണം. അതിന് നവോത്ഥാന നായകര്‍ രൂപം കൊടുത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനങ്ങള്‍ അത് ഏറ്റെടുത്ത് മുന്നോട്ടുവരാന്‍ തയ്യാറാകണം. നമ്മുടെ സമൂഹത്തിലെ വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ക്കെതിരായി ഒറ്റക്കെട്ടായി നിന്ന് മുന്നോട്ടുപോകാന്‍ നമുക്കാവണം.
കേരളീയ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന വിവിധ തരത്തിലുള്ള അസമത്വങ്ങളെ ഇല്ലാതാക്കുക എന്ന നവോത്ഥാന നായകര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സാമ്പത്തികവും സാമൂഹ്യവും ലിംഗപരവുമായ എല്ലാവിധ അസമത്വങ്ങളെയും പരിഹരിക്കുന്നതിന് നിലവിലുള്ള സാഹചര്യത്തില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന കാര്യമാണ് നാം വിശകലനം ചെയ്യേണ്ടത്.
മുന്നോട്ടുകൊണ്ടുപോകാന്‍
സര്‍ക്കാര്‍
സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം സാമൂഹികമായ അവശതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിലവിലുള്ള സംവരണം അതേപടി തുടരുക എന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളത്. അതോടൊപ്പം അത് പറ്റാവുന്ന മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇടപെടലും നടത്തുകയാണ്. ദേവസ്വം ബോര്‍ഡില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മുന്നോക്ക വിഭാഗത്തിലാണ് ജനിച്ചതെങ്കിലും സാമ്പത്തികമായി ഏറെ ദരിദ്രാവസ്ഥയിലെത്തിയ വിഭാഗങ്ങളെയും പരിഗണിക്കുക എന്നതാണ് സര്‍ക്കാറിന്റെ നയം. അതോടൊപ്പം ആരാധനക്ക് നേതൃത്വം നല്‍കാനുള്‍പ്പെടെ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അബ്രാഹ്മണര്‍ക്ക് പൂജ നടത്താനുള്ള അവകാശം ഉറപ്പുവരുത്തിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ്, ആര്‍ദ്രം തുടങ്ങിയ പദ്ധതികളെല്ലാം ആത്യന്തികമായി സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ളതാണെന്ന് തിരിച്ചറിയാനാകണം. ക്ഷേമപെന്‍ഷനുകളും മറ്റു സാമൂഹിക സുരക്ഷാ പദ്ധതികളും ലക്ഷ്യം വെക്കുന്നതും ഇത്തരം വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്താനാണ്. കേരളത്തിന്റെ വികസനത്തില്‍ ഏറെ മുന്നോട്ടുപോകാത്തതാണ് സ്ത്രീകളുടെ നില. ഭരണഘടനപ്രകാരം സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ് ഉള്ളത്. അതനുസരിച്ചാണ് നമ്മുടെ രാജ്യത്തെ നിയമസംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ആധുനിക ജനാധിപത്യ രീതിയുടെ ഭാഗമായി വികസിച്ചുവന്ന ഒന്നാണ് ഇത്.
നവോത്ഥാനവും
സ്ത്രീകളുടെ സ്ഥാനവും
നവോത്ഥാന ചരിത്രത്തില്‍ സജീവമായിത്തന്നെ സ്ത്രീകളും ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ആ പാരമ്പര്യം പലപ്പോഴും നാം വേണ്ടത്ര വിശകലനം ചെയ്തിട്ടില്ല. ചാന്നാര്‍ ലഹള, പാലിയം സമരം, മാറുമറക്കല്‍ സമരം, ഘോഷ ബഹിഷ്‌കരണം, കല്ലുമാല സമരം തുടങ്ങി സ്ത്രീകള്‍ നേതൃത്വ നിരയില്‍ ഉണ്ടായിട്ടുള്ള പോരാട്ടങ്ങള്‍ അനവധിയാണ്. അവയെയെല്ലാം ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകളുടെ നവോത്ഥാനത്തിലെ പങ്ക് വിശദീകരിക്കുന്ന ഒരു പുസ്തകം തന്നെ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്.
നവോത്ഥാനപാരമ്പര്യം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ നിന്ന് രൂപപ്പെട്ട പ്രസ്ഥാനങ്ങള്‍ അവരുടെ എറ്റവും പ്രധാനപ്പെട്ട ഇടപെടല്‍ നടത്തിയത് ജാതിക്കെതിരായിട്ടാണ്. കാരണം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും അടിച്ചമര്‍ത്തലുകള്‍ ജാതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നതുകൊണ്ടാണ് അത്. കീഴാള വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്കാണ് താരതമ്യേന സവര്‍ണ വിഭാഗത്തില്‍ പെട്ടവരേക്കാള്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നതെന്ന കാര്യവും പ്രസക്തമാണ്.
ഈ പാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് നവോത്ഥാനപ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതാക്കള്‍ ഏറ്റെടുക്കേണ്ടത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുടക്കത്തില്‍ നിലവിലുള്ള നിയമസംഹിതകളെ കൂടുതല്‍ ഗുണപരമായി മാറ്റിത്തീര്‍ക്കാന്‍ പോരാട്ടം നയിച്ചവരാണ്. നിലവിലുള്ള നിയമത്തിനകത്ത് സ്ത്രീകളെയും ജാതീയമായി പിന്നോക്കം എന്ന് വിശേഷിപ്പിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍ക്കെതിരെയും മനുഷ്വത്വരഹിതമായ രീതികള്‍ക്കെ തിരെയുമാണ് പോരാടിയത് എന്ന് കാണാം. അത്തരം പോരാട്ടത്തിന്റെ ഫലമായി പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുകയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരം തൊട്ട് ദായക്രമങ്ങളിലെ മാറ്റം വരെ ഉയര്‍ന്നുവന്നത് അങ്ങനെയാണ്.
നിലവിലുള്ള നിയമസംഹിതയേക്കാള്‍ ഒരുപടി മുന്നോട്ടുനടക്കുകയായിരുന്നു നവോത്ഥാന പ്രസ്ഥാനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യം നിലവിലുള്ള നിയമസംഹിതകള്‍ മുന്നോട്ടുവെക്കുന്ന സമത്വത്തെ നിഷേധിക്കാനുള്ള ഇടപെടലുകള്‍ സമൂഹത്തില്‍ നടക്കുന്നുവെന്നതാണ്. നമ്മുടെ നാടിനെ പിന്നാട്ടുവലിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരായി നവോത്ഥാന ആശയങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുള്ള ശക്തമായ ബഹുജനപ്രസ്ഥാനം വളര്‍ത്തിയെടുക്കാനാവണം. അതിന് ഏതൊക്കെ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും, നവോത്ഥാന ആശയങ്ങള്‍ക്കായി ഏതൊക്കെ രീതിയില്‍ നിങ്ങളുടെ സംഘടനയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്ന് മനസ്സിലാക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഇത്തരമൊരു യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് നിങ്ങളുടെ എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
(കഴിഞ്ഞ ദിവസം നടന്ന സാമൂഹിക സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)