Connect with us

Kerala

ബന്ധുനിയമന വിവാദം: അദീബിന്റെ രാജി സ്വീകരിക്കും

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബിന്റെ രാജി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബ്. അദീബിന്റെ രാജി സംബന്ധിച്ച് ഇന്ന് ചേരുന്ന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമനം വിവാദമായതിനേത്തുടര്‍ന്ന് ഇന്നലെയാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് അദീബ് രാജിവച്ചത്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ എം ഡിക്ക് ഇ മെയില്‍ വഴി അയച്ച രാജിക്കത്തില്‍ പറയുന്നു.
പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തത്. എന്നാല്‍, ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. അതിനാല്‍ സൗത്ത് ഇന്ത്യന്‍ ബേങ്കിലെ മുന്‍ തസ്തികയിലേക്ക് തിരികെ പോകാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കവേയാണ് പിതൃസഹോദര പുത്രനായ കെ ടി അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത്. ചട്ടങ്ങള്‍ മറികടന്ന് നിയമനം നടത്തിയെന്ന ആരോപണവുമായി പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ തീരുമാനിച്ചിരിക്കെയാണ് അദീബിന്റെ രാജി.

Latest