Connect with us

Prathivaram

മാതാവിന്റെ ഗര്‍ഭപാത്രത്തിലായിരുന്നെങ്കില്‍...!

Published

|

Last Updated

മഹ്മൂദ് ദര്‍വീശ്‌

ഫലസ്തീന്‍ ഒരു കര്‍ഷകഭൂമി. കൃഷിയില്‍ വൈദഗ്ധ്യമുള്ളവരുടെ നാട്. ത്യാഗത്തിന്റെയും പ്രയാസത്തിന്റെയും കയ്പ്പുനീര്‍ കുടിക്കുന്ന ഫലസ്തീന്‍ ജനത ഇസ്‌റാഈലിന്റെ ക്രൂരഹസ്തങ്ങളില്‍ ചതഞ്ഞമര്‍ന്നു. മണ്ണില്‍ വേരോടെ വളര്‍ന്നു പന്തലിച്ചിരുന്ന ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും വിദേശികളുടെ ഉഴുതുമറിച്ചിലില്‍ നിലംപതിച്ചു. ഇവ്വിധത്തില്‍ ഫലസ്തീന്‍ ജനതയുടെ ദയനീയാവസ്ഥയിലേക്കാണ് “മഹ്മൂദ് ദര്‍വീശിന്റെ കവിതകള്‍” എന്ന ഖണ്ഡകാവ്യം വിരല്‍ ചൂണ്ടുന്നത്.

ആധുനിക ഫലസ്തീന്‍ കവിതയുടെ ലോകസ്വരമാണ് മഹ്മൂദ് ദര്‍വീശ്. ഫലസ്തീനികള്‍ക്ക് വേണ്ടി പേനയും മഷിയും കൊണ്ട് പോരാടുന്ന ഈ മഹാമനീഷിക്ക് കാവ്യസമാഹാരത്തിലെ ഭാഷയിലൂടെ മനസ്സുകളെ കീഴടക്കാന്‍ സാധിച്ചു. ഫലസ്തീനിയന്‍ ജനതയുടെ വികാരം, ചൊരിയുന്ന വെയിലെന്ന പോലെ തിളങ്ങുന്നു കൃതികളില്‍. സാര്‍വദേശീയ അംഗീകാരം ലഭിച്ച ഒരു കവിയും കൂടിയാണ് ദര്‍വീശ്. പശ്ചിമേഷ്യയില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും യഹൂദന്മാര്‍ക്കും ഒരുപോലെ മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയാണല്ലോ അറബി. എന്നാല്‍, സയണിസ്റ്റുകള്‍ ഈ മണ്ണ് കവര്‍ന്നെടുത്ത ശേഷം ഔദ്യോഗിക ഭാഷയായി ഹീബ്രുവിനെ അവരോധിക്കുന്നത് അറബികളോടുള്ള വൈരാഗ്യം കൂടിയാണ് കാണിക്കുന്നത്. “ദാദ്, ള്വാഅ്, സ്വാദ്, ഖാഫ്, ഐന്‍” എന്നീ അക്ഷരങ്ങള്‍ അറബി ഭാഷക്ക് പ്രത്യേകമാണെങ്കില്‍ നാം അവരുടെ മേല്‍ ബോംബ് വര്‍ഷം തുടരുമെന്ന ദര്‍വീശിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ഈ കാവ്യത്തില്‍ സരളഭാഷയും വാക്ചാരുതിയും ഭാവനക്ക് മാറ്റുകൂട്ടുന്നു. കഥ വായിക്കുമ്പോഴുള്ള ഒഴുക്കും എന്നാല്‍, കാവ്യരുചിയും ലഭിക്കുന്നതാണ് ഓരോ വരിയും. ചിന്തകള്‍ സമകാലികതയോട് നേര്‍ക്കുനേര്‍ സംവദിക്കുന്നു. സ്വതന്ത്രരായി ജീവിച്ച ഫലസ്തീനികള്‍ ദിനംതോറും തടവുകാരാകുന്നു. കവി പാടുന്നതിങ്ങനെ,

“സ്‌ഫോടനങ്ങളുടെ രാത്രികളില്‍
നക്ഷത്ര നിബിഡമായ രാത്രികളില്ല”

എന്നും സ്‌ഫോടനങ്ങള്‍ അരങ്ങേറുന്നതുകൊണ്ട് രാത്രി എന്നതുതന്നെ അവര്‍ക്ക് ഓര്‍മയില്ല എന്നാണ് കവി പറയുന്നത്. ദിനംതോറും ശത്രുക്കള്‍ പെരുകിവരുന്നു. കവികളുടെ കുലപതിയായിരുന്ന അയ്യൂബിന്റെ കവിതകള്‍ക്ക് ശേഷം അവര്‍ ഒന്നും ഓര്‍ക്കുന്നില്ല. ഉപരോധത്തിന് കീഴില്‍ ആദ്യ നിമിഷത്തെക്കുറിച്ചുള്ള ഓര്‍മക്കും അവസാനത്തെ മറവിക്കും ഇടയിലെ ഒരു നിമിഷമാണ് ജീവിതം. ഏതൊരു നിമിഷവും അവരുടെ പടിവാതില്‍ക്കല്‍ ബോംബ് വര്‍ഷിക്കാനിടയുണ്ട്. അതിനാല്‍ ആത്മാവ് വെടിയുന്നവര്‍ക്ക് സമാനമായി അവര്‍ എന്തൊക്കെയോ ചെയ്യുന്നു. വേദനകള്‍ മുഴുവന്‍ കടിച്ചുപിടിച്ച് ജീവിതത്തെ മുന്നോട്ടുനയിക്കുകയാണ്. ദര്‍വീശിന്റെ വീട്ടുകാരിക്ക് ഫലസ്തീനിന്റെ പതാകക്ക് ഒരു കളങ്കവും ഏല്‍ക്കരുതെന്ന മോഹമാണുള്ളത്. ഇവിടെ ഹോമറുടെ മുഴക്കമൊന്നും കാണാന്‍ സാധിക്കില്ല. ട്രോയിയില്‍ നിന്നും കുതിച്ചുവരുന്ന കുതിരയുടെയുള്ളില്‍ മറഞ്ഞുകിടക്കുന്ന, ഉണരുന്ന രാജ്യത്തിന്റെ അവശിഷ്ടങ്ങളില്‍ തിരയുന്ന ഒരു ജനറല്‍ മാത്രമാണുള്ളത്. പീരങ്കിവെടികള്‍ പൊട്ടിക്കുമ്പോള്‍ പുറകിലിരുന്ന് പട്ടാളക്കാര്‍ ഫീല്‍ഡ് ഗ്ലാസുകള്‍ക്കൊണ്ട് അളക്കുന്നു. ഹെലികോപ്ടറുകള്‍ അപ്രത്യക്ഷമാകുമ്പോള്‍ സമാധാനത്തിന്റെ ദൂതുമായി പ്രാവുകള്‍ തിരിച്ചെത്തുകയാണ്. പക്ഷേ, പെട്ടെന്ന് മിസൈലുകള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഇടയിലൂടെ ഒരു സമാധാനത്തിന്റെ സൂചനയെന്നോണം വെളുത്ത പ്രാവുകളുടെ മിന്നല്‍പ്പിണര്‍ കാണുകയും ചെയ്യുന്നു. ചെയ്യാത്ത പ്രവര്‍ത്തനങ്ങളില്‍ അവര്‍ പ്രതികളാകുന്നു.

ഭ്രൂണത്തെ സ്വന്തം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ വിട്ടിരുന്നെങ്കില്‍ ഈ ദുരിതക്കയം നീന്തേണ്ടി വരില്ലല്ലോ എന്ന ചിന്ത വരെ ചില സമയത്ത് അവരില്‍ കടന്നുവരുന്നു. ശാന്ത നഗരങ്ങള്‍ക്ക് ഘടനാപരമായ വൈകല്യങ്ങള്‍ സംഭവിക്കുന്നു. ഭൂജാതനാകാതിരിക്കല്‍ എന്ന സൗഭാഗ്യം അവര്‍ ഇന്ന് കൊതിക്കുകയാണ്. അലയുന്ന ജനങ്ങള്‍ ദൂരെ ഒരു റാന്തല്‍ വിളക്കിന്റെ പ്രകാശം കണ്ട് അങ്ങോട്ടോടുകയാണ്. ഈയാംപാറ്റകള്‍ വിളക്കിനടുത്തേക്ക് കൂട്ടമായി വരുംപോലെ ഒരു അഭയാര്‍ഥി ക്യാമ്പ് നിറയുന്നു. മേഘത്തോടുപമിച്ച് ഒരു സ്ത്രീയുടെ വാക്കുകള്‍ ദര്‍വീശ് വിലയിരുത്തുന്നു. “നീ മഴയാകണം. അതായത്, എല്ലാവര്‍ക്കും ഗുണം വര്‍ഷിക്കുന്നവനാകണം. അല്ലെങ്കില്‍ സമൃദ്ധമായി ഫലങ്ങളുള്ള മരമാകണം. പറ്റില്ലെങ്കില്‍ ഒരു കല്ലെങ്കിലുമാകുക.”

ഫലസ്തീനില്‍ ജനിച്ചതാണോ ചെയ്ത തെറ്റെന്ന് ഓരോ ഫലസ്തീനിയും ചിന്തിക്കുന്നു. എന്തുകൊണ്ടാണ് യഹൂദര്‍ ആക്രമിക്കുന്നത്? താന്‍ എല്ലാവരെയും പോലെയല്ലെ ജനിച്ചത്. തനിക്കൊരു ഉമ്മയുണ്ടല്ലോ, നിരവധി ജനാലകളുള്ള വീടുമുണ്ടല്ലോ, സഹോദരന്മാരുമുണ്ട്, സുഹൃത്തുക്കളും. എന്നാല്‍, തടവറയും കൂടെയുണ്ട് എന്ന് ഓരോരുത്തരും കരുതുന്നു. എല്ലാവര്‍ക്കുമുള്ളതുപോലെ മാനത്ത് അമ്പിളിമാമനുണ്ടാകുന്നതില്‍ എനിക്ക് അവകാശമുണ്ട്. സയണിസ്റ്റുകളുടെ ബോംബ് ഫലസ്തീനികളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ചോരക്കറ നിറഞ്ഞ ആ മണ്ണില്‍ കെട്ടിടങ്ങള്‍ തകര്‍ന്നടിയുന്നു. ഓരോ ജീവിതവും അസ്തമിക്കുന്നു.

അഹ്മദ് അസ്സഅ്ത്വര്‍ ഇവിടെ ചരിത്രമാകുന്നു. വീടില്ലാത്തവരാക്കി ആഴക്കടലില്‍ കഴിയേണ്ടിവന്ന ജീവിതകഥ അയവിറക്കുന്നു. ഇറാഖ് എന്ന് മാത്രം വിളിച്ചുപറയുന്ന രാഷ്ട്രസ്‌നേഹിയായ അസ്സയ്യാബിനെ* ഓര്‍ക്കുമ്പോള്‍ ജനം ചിന്തിക്കുന്നത് കവിയാകുന്നതിന് ഇറാഖില്‍ ജനിക്കുകയും ജീവിക്കുകയും വേണമെന്നാണ്. ജീവിതത്തിന്റെ ത്യാഗങ്ങളും കൈപ്പുനീരുമെല്ലാം അനുഭവിക്കുന്നിടത്താണ് കവിത ജനിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് കവി ഇങ്ങനെ പരാമര്‍ശിച്ചത്. യൂഫ്രട്ടീസിനും ടൈഗ്രീസിനുമിടയില്‍ താന്‍ സങ്കല്‍പ്പിച്ചതു പോലൊരു ജീവിതം കാണാന്‍ കഴിയാതിരുന്ന, നിത്യതയിലെ ഔഷധച്ചെടികളെ കുറിച്ച് ഗില്‍ഗമേഷ്** ചിന്തിച്ചതുപോലെയായിരുന്നില്ല അസ്സയ്യാബിന്റെ ചിന്ത. എന്ത് പറയണമെന്നും എവിടെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണമെന്നും ഒന്നും അറിയാതെ നാട് കടന്നവന്റെ കത്ത് അതിശയിപ്പിക്കുന്നതാണ്. അള്‍ജീരിയയിലെ റൊട്ടി വില്‍പ്പനക്കാരനായാല്‍ പോരാളിയാകുമെന്നതും യമനില്‍ മൃഗപാലകനായാല്‍ കാലത്തിന്റെ ഇടിമുഴക്കത്തിനൊത്തും ഹവാന കാപ്പിക്കിടയിലാണെങ്കില്‍ സ്ത്രീ വിജയത്തിനും അസ്‌വാനിലെ തൊഴിലാളിയാണെങ്കില്‍ പറവകളോടും പാടുമെന്നുള്ള ആഗ്രഹങ്ങളെപ്പറ്റി അഭയാര്‍ഥികള്‍ ഓര്‍ത്തെടുക്കുകയാണ്. ഞാനൊരു അറബിയാണെന്നും എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരമാണെന്നും എട്ട് മക്കളുണ്ടെന്നും മറ്റും പറയുന്നു. റൊട്ടിക്കഷ്ണം മാത്രമുള്ള ആരോടും യാചിക്കാത്ത ഒരു സ്ഥാനപ്പേരുമില്ലാത്ത എന്നോട് എന്തുണ്ട് ദേഷ്യപ്പെടാനെന്ന് അഭയാര്‍ഥി ചോദിക്കുകയാണ്. രാത്രിയില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുവെന്നും ജീവജാലങ്ങള്‍ അവരുടെ കൂട്ടിലേക്ക് നല്ലവണ്ണം അടുക്കുന്നുവെന്നുമുള്ള സംരക്ഷണ വലയത്തെ ഇവിടെ വിവരിക്കുന്നുണ്ട്.

കുരിശുയുദ്ധങ്ങളിലുണ്ടായ വലിയ നാശനഷ്ടങ്ങള്‍ കണക്കുതീര്‍ക്കാന്‍ പാശ്ചാത്യര്‍, അശരണരായി ലോകത്ത് അങ്ങുമിങ്ങും നടന്നവര്‍ എന്ന ദീനാനുകമ്പയാല്‍ ചിരപ്രതിഷ്ഠരാക്കപ്പെട്ട യഹൂദരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത സയണിസ്റ്റുകളുടെ കൈകളിലേക്ക് ഫലസ്തീനെ പറിച്ചെടുത്ത് നല്‍കുകയായിരുന്നു. മനുഷ്യത്വപരമായ വിചാര വികാരങ്ങളെ അടിച്ചമര്‍ത്തുന്ന കൊലയാളി സമൂഹം ഫലസ്തീന്റെ മണ്ണില്‍ സമാധാനത്തെ ജനിപ്പിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കിയില്ല. ജനിച്ച മണ്ണില്‍ അഭയാര്‍ഥികളായി വിധിക്കപ്പെട്ട ജന്മമാണിവരുടെത്. സിറിയയില്‍ അലെപ്പോയിലെ കൂട്ടക്കുരുതിയും മ്യാന്മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പീഡിതാവസ്ഥയും.. ഇല്ല അഭയാര്‍ഥി പ്രവാഹം അവസാനിക്കുന്നില്ല; അവരുടെ പ്രയാസങ്ങളും.

* പ്രശസ്ത ഇറാഖീ കവി.
** പ്രാചീന ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി. രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി എന്തും ചെയ്യാനും ചിന്തിക്കാനും മടിയില്ലാത്ത വ്യക്തി.
.