Connect with us

Kerala

തൊഴില്‍ തേടി റോഹിംഗ്യന്‍ അഭയാര്‍ഥി കുടുംബം തിരുവനന്തപുരത്ത്

Published

|

Last Updated

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഹൈദരാബാദിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് തൊഴില്‍ തേടി റോഹിംഗ്യന്‍ അഭയാര്‍ഥി കുടുംബം തിരുവനന്തപുരത്തെത്തി. ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തിയ ഇവരെ വിഴിഞ്ഞത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു യുവാക്കളും സ്ത്രീയും കൈകുഞ്ഞ് ഉള്‍പ്പെടെയുള്ള കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തത്. മ്യാന്‍മറിലെ മ്യാവു ജില്ലയില്‍ നിന്നുള്ള ത്വയ്യിബ്(35) ഭാര്യ സഫൂറ ഖത്തൂന്‍ (27) ഇവരുടെ ആറു മാസം പ്രായമുള്ള മകന്‍ സുഫിയാന്‍ ത്വയ്യിബിന്റെ സഹോദരന്‍ അര്‍ഷാദ് (25) സഫുറയുടെ സഹോദരന്‍ അന്‍വര്‍ഷാ (11) എന്നിവരാണ് ഇന്നലെ വിഴിഞ്ഞെത്തെത്തിയത്.

യു എന്നിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള ഇവരെ വിശദമായ ചോദ്യം ചെയ്യലിനുശേഷം പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഹൈദരബാദിലേക്ക് കൊണ്ട് പോകും. വിഴിഞ്ഞം എസ് ഐ എല്‍ എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. വിഴിഞ്ഞം ടൗണ്‍ഷിപ്പ് മദ്‌റസ ഹാളില്‍ ഇന്നലെ രാവിലെയെത്തിയ സംഘത്തെ മദ്‌റസ ഭാരവാഹികള്‍ അറിയിച്ചതിനെ തുടന്നാണ് പോലീസെത്തി കസ്റ്റഡിയിലെടുത്തത്. രാജ്യത്തെ നിലവിലെ നിയമപ്രകാരം അഭയാര്‍ഥികള്‍ക്ക് ജോലിചെയ്യാന്‍ പാടില്ലെന്നതിനാല്‍ ഇവരെ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റും.

ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ജോലി തേടി കേരളത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആര്‍ പി എഫ് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു.