Connect with us

Kerala

നവകേരളത്തിനായി വിദേശ രാജ്യങ്ങളില്‍നിന്നും വിഭവ സമാഹരണം നടത്തും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പ്രളയം തകര്‍ത്ത സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് വിഭവസമാഹരണം നടത്തുന്നതിന് ബ്യഹത് പദ്ധതികളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ധനസമാഹരണത്തിനയി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മന്ത്രിമാരുള്‍പ്പെടെയുള്ള പ്രത്യേക സംഘം സന്ദര്‍ശനം നടത്തുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ലോക കേരള സഭ , പ്രവാസി സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തിയാണ് വിഭവസമാഹരണം നടത്തുക.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, സഊദി, ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍, ജര്‍മനി, അമേരിക്ക , കാനഡ എന്നീ രാജ്യങ്ങളില്‍ പോയി വിഭവ സമാഹരണം നടത്തും. ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം നല്‍കാന്‍ സംസ്ഥാനത്താകെ പ്രത്യേക സംവിധാനം ഒരുക്കും. അടുത്ത മാസം 13 മുതല്‍ 15വരെ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരില്‍നിന്നും സംഭാവനകള്‍ സ്വീകരിക്കും. അടുത്ത മാസം മൂന്ന് ജില്ലകളില്‍ അവലോകന യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവധ ജില്ലകളില്‍ ഇതിനായി മന്ത്രിമാര്‍ക്ക് ചുമതല നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും അടുത്ത മാസം 11ന് ധനസമാഹരണം നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ 1026 കോടി രൂപ ലഭിച്ചിട്ടുണ്ട്. പ്രളയത്തില്‍ നഷ്ടം സംഭവിച്ച ചെറുകിട കച്ചവടക്കാര്‍ക്ക് വായ്പ പദ്ധതി നടപ്പാക്കും. ഇവര്‍ക്ക് പത്ത് ലക്ഷം രൂപവരെ വായ്പ ബേങ്കുകള്‍ വഴി നല്‍കും. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപവരെ പലിശ രഹിത വായ്പ നല്‍കും. വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest