Connect with us

Vazhivilakk

നിന്റെ ചെങ്കോലേറ്റ് അധര്‍മം കരിയട്ടെ

Published

|

Last Updated

രഹസ്യമായ ഒരു മീറ്റിംഗ് നടക്കുകയാണ്. എന്താണെന്നോ ഏതാണെന്നോ ഉള്ള വിശദാംശങ്ങള്‍ കൊന്നാല്‍ പറയില്ല. ചില അഹിതങ്ങള്‍ സംഭവിച്ചതിന്‍പ്രതി എന്റെ ഒരുറ്റ ചങ്ങാതി പൊട്ടിത്തെറിക്കുകയാണ്; എന്നാല്‍ മറ്റാരും കാര്യമായൊന്നും മിണ്ടുന്നുമില്ല? “ആര്‍ക്കും പ്രശ്‌നമില്ലെങ്കീ, നീയെന്തിനെടേ കെടന്ന് കത്തിക്കാളുന്നത്?”-മീറ്റിംഗ് കഴിഞ്ഞ് ഉള്ളിവട നുള്ളിത്തിന്നുന്നതിനിടെ ഞാന്‍ ഒരിളിഞ്ഞ ഭാവത്തില്‍ ചോദിച്ചു. പിറ്റേന്ന് രാത്രി പത്തേമുക്കാലിന് അവന്‍ വീട്ടിലേക്ക് വലിഞ്ഞുകയറിവന്നു. അവനെന്നെ ഏറെനേരം നിര്‍ത്തിപ്പൊരിച്ചു. “പഠിച്ച നീയൊക്കെ ഇങ്ങനെ പറഞ്ഞല്ലോ…?” സത്യം പറയാം. എന്റെ കുറ്റബോധം കത്തിനീറി. ശരിയാണ്, ഞാനങ്ങനെ പറയരുതായിരുന്നു. അരുതാത്തത് കാണുമ്പോള്‍ അടങ്ങിയിരിക്കണം എന്നല്ലല്ലോ, അഗ്നിയായി ആളിപ്പടര്‍ന്ന് പൊള്ളിച്ചാമ്പലാക്ക് എന്നല്ലേ പറയേണ്ടിയിരുന്നത്. “ആരുടെ കൊണത്തിനും ദോഷത്തിനും പോണ്ട; സ്വന്തം കാര്യം നോക്കി നടന്നാമതി” എന്ന് എങ്ങുനിന്നോ കിട്ടിയ വികടോപദേശത്തെ ഞാന്‍ നുള്ളി ചോരവരുത്തിച്ചു.

ഒരു കപ്പലിന്റെ കഥ പറയുന്നുണ്ട്, മുഹമ്മദ് നബി (സ). നുഅ്മാനുബ്‌നു ബശീര്‍ (റ) ആണ് അത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ടത്. കപ്പലിതാ വിടാന്‍ പോവുകയാണ്. ഇവരെല്ലാം എവിടെയിരിക്കും? നറുക്കിട്ടു. ചിലര്‍ മുകളില്‍. മറ്റുചിലര്‍ കീഴേ. വെള്ളം മുകളിലാണ്. കീഴ്‌വാസികള്‍ ഇടക്കിടെ മുകളില്‍ പോയി വെള്ളം കൊണ്ടുവന്നു. ശ്ശോ! ഇതൊരു വയ്യാവേലിയായല്ലോ. അപ്പോള്‍, കീഴ്‌വാസിയായ ഒരു തൊരപ്പന്‍ മൂരാച്ചി മോളില്‍ചെന്ന് പറഞ്ഞു. ഞങ്ങളിടക്കിടെ വന്ന് വെള്ളമെടുക്കുന്നത് നിങ്ങള്‍ക്ക് പ്രയാസമാകയാല്‍ ഞങ്ങള്‍ താഴെ ഒരു ദ്വാരമുണ്ടാക്കി വെള്ളമെടുക്കാന്‍ പോകുകയാണ്. ഇതറിഞ്ഞ മുറക്ക്, ഉപരിവാസികള്‍ “നിങ്ങളെന്ത് കുന്തം ചെയ്താ ഞങ്ങക്കെന്താ” എന്ന നിസ്സംഗ നിലപാടെടുത്താല്‍ വെള്ളം കയറി കപ്പല്‍ മുങ്ങും. സകലം ചാകും. ധീരമായി ഇടഞ്ഞുനിന്ന് അവരെ തടഞ്ഞാലോ, എല്ലാവരും രക്ഷപ്പെടും.

കണ്‍മുന്നില്‍ അന്യായത്തിന്റെ ചെകുത്താന്‍ നൃത്തമാടുമ്പോള്‍ ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് സ്വന്തം പ്യൂപ്പക്കുള്ളിലെ പുഴുവായി വാഴാന്‍ വിശ്വാസിക്കാവുകയില്ല; ആവരുത്! അധര്‍മം എവിടെക്കണ്ടോ ചൂണ്ടുവിരല്‍ കൂര്‍പ്പിച്ച് ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം വേണം നമുക്ക്. അത് “അ. ങ്ങ. നെ. യി. ങ്ങ. നെ” എന്നുള്ള ഞഞ്ഞാമിഞ്ഞാ നിലപാടൊന്നും പാടില്ല. എന്താ മുത്തുനബി ഒന്നാമതായി പറഞ്ഞത്- “ബി യദിഹി”. സാധിക്കുമോ, മുഷ്ടിചുരുട്ടി മൂക്കിനിടി. ഖളിര്‍ (അ)നെ കണ്ടില്ലെ. അവിശ്വാസത്തിന്റെ അവലക്ഷണം പേറിയ ബാലനെ ഒരൊറ്റ പൂശാണ്, ശൂ- അതിന്റെ കാറ്റുപോയി. ഇടിഞ്ഞ മതില്‍ ആളെവിളിച്ച് വാരിപ്പറ്റിക്കുകയല്ല, സ്വന്തം കൈകൊണ്ട് ചെയ്തു. കപ്പല്‍ സ്വന്തം കൈകൊണ്ട് തുരന്നു. ഇപ്പോളിതാ രണ്ട് കപ്പല്‍ തുരകള്‍ മുഖാമുഖം കണ്ടുമുട്ടിയിരിക്കുന്നു. ഒന്ന് പറ്റും, മറ്റേത് പറ്റില്ല! അതെ അങ്ങനെത്തന്നെ. എന്ത് ചെയ്യുന്നു എന്നത് മാത്രമല്ല, എന്തിന് ചെയ്യുന്നു എന്നതും അതിന്റെ അന്ത്യം എന്തായിത്തീരും എന്നതും പ്രധാനം തന്നെയാണ്. ഇന്നമല്‍ അഅ്മാലു ബില്‍ഖവാതീം, ഹദീസ്.

തിരുത്തിന് കൈ ആവശ്യമാകുകയും കൈകൊണ്ട് തിരുത്താനുള്ള കരുത്ത് ഉണ്ടാവുകയും ചെയ്താല്‍ പിന്നെ കഞ്ഞിക്കളി കളിക്കരുത്. ഇത് പറ്റാത്തപ്പോഴാണ് “നാക്കുകൊണ്ട്” വേണ്ടത്. അപ്പോഴും, നാക്ക് “വഷള” കളിക്കരുത്. വാക്കുകള്‍ വിറപൂണ്ട വാളുകളാകണം. അതും പറ്റാത്തപ്പോഴാണ് കരള്‍ നീറിക്കഴിയേണ്ടത്. വിശ്വാസത്തിന്റെ അതിദുര്‍ബലമായ അവസ്ഥയാണത്. സൃഷ്ടിയെ പേടിക്കുകയും സ്രഷ്ടാവിനെ “ചതിക്കു”കയും ചെയ്യുന്നത് വിശ്വാസ ദൗര്‍ബല്യത്തിന്റെയും ദാസ്യമനോഭാവത്തിന്റെയും പ്രതിഫലനമാണ്. എല്ലാവരുടെയും നല്ല കുട്ടിയായി മാറാന്‍ ശ്രമിക്കുക എന്നത്, സ്വന്തം വ്യക്തിത്വത്തില്‍ ഒരുമാതിരി നപുംസകത്വം നിമജ്ജനം ചെയ്യലാണ്. ബനൂ ഇസ്രാഇലികളെ ഈസാ നബിയും ദാവൂദ് നബിയും ശപിച്ചതായി ഖുര്‍ആന്‍ പറയുന്നുണ്ട്. കാര്യമായ കാരണമെന്തായിരുന്നു. കണ്‍മുന്നില്‍ തോന്ന്യാസങ്ങള്‍ കണ്ടിട്ട് മിണ്ടിയില്ല ആ മണ്ടക്കുതിരകള്‍.

ഓര്‍ക്കുക, അപ്രിയ സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ആരും ബൊക്കെ നല്‍കി സ്വീകരിക്കില്ല, കരഘോഷങ്ങള്‍ കൊണ്ട് ആഘോഷിക്കില്ല. പക്ഷെ, ആരെന്ത് കരുതിയാലും സത്യം സത്യമായി പുലരണം എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്. അന്യായങ്ങള്‍ വേരറുക്കപ്പെടണമെന്നും. ആയതിലേക്ക് ഊര്‍ജം നല്‍കുന്ന രണ്ട് “ലൗ” പ്രയോഗങ്ങള്‍ കാണാം. ഒന്ന് “വലൗ കരിഹ”യാണ്; ആര് വെറുത്താലും ശരി. ഖുര്‍ആനില്‍ ഒരുപാടിടത്തുണ്ട്, ഈ പ്രയോഗം. മറ്റൊന്ന് “വലൗ വഹ്ദീ”- ഞാനൊറ്റക്കാണെങ്കിലും ശരി എന്നതാണ്. മുത്തുനബിയാണ് അത് പറഞ്ഞത്. ഉള്ളിലണഞ്ഞ കര്‍മാഗ്നിയെ ആളിക്കത്തിക്കുന്ന ചെങ്കനല്‍ വചനമാണ് “വലൗ വഹ്ദീ”. അത് വിശ്വാസി സമൂഹത്തിന്റെ സമരഭേരിയാണ്. ഉടയ തമ്പുരാന്‍ ഉള്ളിലൂറുകയും പീക്കിരിപ്പടപ്പുകളെ പടിക്ക് പുറത്താക്കുകയും ചെയ്തവര്‍ക്കേ ആ ഭേരി മുഴക്കാനാകൂ. ആളിന്റെ ആദരം കിട്ടണം എന്നുള്ളവന് അഹദിന്റെ അടുപ്പം മണക്കാനാകില്ല. അതാണ് ശൈഖ് മഖ്ദൂം(റ) അദ്കിയാഇല്‍ പാടിയത്;

ലാ തത്വ്‌ലുബന്‍ ഇന്‍ദല്‍ മുഹൈമിനി മന്‍സിലാ,
ഇന്‍കുന്‍ത തത്വ്‌ലുബു ഇന്‍ത നാസിന്‍ മന്‍സിലാ.

സുഹൃത്തേ സോറി! എനിക്ക് തെറ്റ് പറ്റി. നീയാണ് ശരി. നീ ഇനിയും പൊട്ടിത്തെറി! നിന്റെ ആ ആഗ്നേയമായ ഉറച്ചിലിന്റെ ചെങ്കോലേറ്റ് അധര്‍മം കരിഞ്ഞുവീഴട്ടെ. നിന്റെ തീപ്പൊരിയേറ്റ് ചെകുത്താന്റെ ചങ്ക് തുളയട്ടെ!
.

Latest